ബിജ്നോര്‍ രൂപതയ്ക്ക് പുതിയ ഇടയന്‍, എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതിയ ഭരണസംവിധാനം, സഹായ മെത്രാډാര്‍ക്ക് പുതിയ ദൗത്യം

 In News
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ ആസ്ഥാനരൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണനിര്‍വ്വഹണത്തിന് പുതിയ സംവിധാനം  സിനഡ് ഏര്‍പ്പെടുത്തി. മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ വികാര്‍ എന്ന പുതിയ തസ്തിക  വത്തിക്കാന്‍റെ അംഗീകാരത്തോടെ സ്ഥാപിച്ച സിനഡ് ആ സ്ഥാനത്തേയ്ക്ക്  മണ്ഡ്യ രൂപതയുടെ മെത്രാനും സിനഡ് സെക്രട്ടറിയുമായ ബിഷപ്പ് ആന്‍റണി കരിയിലിനെ തെരഞ്ഞെടുത്തു. എറണാകുളം അതിരൂപതയുടെ സഹായമെത്രാډരായിരുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മണ്ഡ്യ രൂപതയുടെ മെത്രാനായും ബിഷപ്പ് ജോസ് പുത്തന്‍വീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായമെത്രനായും സിനഡ് തിരഞ്ഞെടുത്തു. ബിജ്നോര്‍ രൂപതയുടെ പുതിയ മെത്രാനായി ഫാ. വിന്‍സെന്‍റ് നെല്ലായിപറമ്പിലിനെയും സിനഡ് തെരഞ്ഞെടുക്കുകയുണ്ടായി. സിനഡിന്‍റെ തീരുമാനങ്ങളെല്ലാം അംഗീകരിച്ചുകൊണ്ട് വത്തിക്കാനില്‍ നിന്ന് അറിയിപ്പു ലഭിച്ചതനുസരിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പുതിയ നിയമനങ്ങളില്‍ ഒപ്പുവച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇറ്റാലിയന്‍ സമയം 12 മണിക്ക് വത്തിക്കാനിലും, ഉച്ചകഴിഞ്ഞ് 3.30-ന് സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലും നടന്നു. ആഗസ്റ്റ് 19 മുതല്‍ ആരംഭിച്ച സീറോ മലബാര്‍ സഭയുടെ ഇരുപത്തിയേഴാമത് സിനഡിലാണ് പുതിയ നിയമനങ്ങളുടെ തീരുമാനം ഉണ്ടായത്.
 
11 ദിവസങ്ങള്‍ നീണ്ടുനിന്ന സിനഡിന്‍റെ സമാപനത്തില്‍ പുതിയ നിയമനങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നു. കൂരിയ ചാന്‍സലര്‍ ഫാ. വിന്‍സെന്‍റ് ചെറുവത്തൂര്‍ നിയമനങ്ങള്‍ വായിച്ചു. ബിജ്നോര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ ഫാ. വിന്‍സെന്‍റ് നെല്ലായിപറമ്പിലിനെ മേജര്‍ ആര്‍ച്ച് ബിഷപ്പും, ബിജ്നോര്‍ രൂപതയുടെ സാരഥ്യമൊഴിയുന്ന ബിഷപ്പ് ജോണ്‍ വടക്കേലും ചേര്‍ന്ന് മെത്രാനടുത്ത സ്ഥാനചിഹ്നങ്ങളണിയിച്ചു. മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ പുതിയ മെത്രാന് ബൊക്കെ നല്‍കി ആശംസകളറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ വികാരിയായി നിയമിതനായ ബിഷപ്പ് ആന്‍റണി കരിയലിനെയും, ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും, ബിഷപ്പ് ജോസ് പുത്തന്‍വീട്ടിലിനെയും മേജര്‍ ആര്‍ച്ച്ബിഷപ്പ് പൂച്ചെണ്ട് നല്‍കി അഭിനന്ദിച്ചു. ബിഷപ്പ് ആന്‍റണി കരിയില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയായി നിയമിതനായ സാഹചര്യത്തില്‍ പുതിയ മെത്രാന്‍ സ്ഥാനമേല്‍ക്കുന്നതുവരെ മണ്ഡ്യ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി രൂപതയുടെ നിലവിലെ വികാരി ജനറാള്‍ റവ. ഫാ. മാത്യു കോയിക്കര സി.എം.ഐ. യെ മേജര്‍ ആര്‍ച്ചുബിഷപ്പ് നിയമിച്ചു. കൂരിയ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അദ്ദേഹത്തെ പൂച്ചെണ്ട് നല്കി അനുമോദിച്ചു. 
 
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എന്ന നിലയിലുള്ള ശ്രമകരമായ ദൗത്യവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് എന്ന ഉത്തരവാദിത്തവും ഒരുമിച്ച് നിറവേറ്റുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്  അതിരൂപതയ്ക്ക് പുതിയ ഭരണസംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് 2007 മുതല്‍ സിനഡില്‍ ആലോചനകള്‍ ആരംഭിച്ചതാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സീറോ മലബാര്‍ സഭയുടെ രൂപതകള്‍ കേരളത്തിനു പുറത്തും ഇന്ത്യയ്ക്ക് വെളിയിലും വര്‍ദ്ധിച്ചതോടെ, മേജര്‍ ആര്‍ച്ചുബിഷപ്പ് എന്ന നിലയില്‍ കൂടുതല്‍ സമയം സഭയുടെ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി കണ്ടെത്തേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് 2019 ജനുവരി സിനഡില്‍ എടുത്ത തീരുമാനം റോമിനെ അറിയിക്കുന്നതും പൗര്യസ്ത്യ തിരുസംഘത്തിന്‍റെ അംഗീകാരത്തോടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ വികാരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അനുദിന ഭരണനിര്‍വ്വഹണത്തിനായി നിയമിക്കുകയും ചെയ്തിരിക്കുന്നത്.
 
എറണാകുളം-അങ്കമാലി അതിരൂപയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ വികാരി അഥവാ മെത്രാപ്പോലീത്തന്‍ വികാരിയുടെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും വ്യക്തമാക്കുന്ന മാര്‍ഗരേഖ സിനഡ് അംഗീകരിച്ചു. സാവകാശം ഇത് സഭയുടെ പ്രത്യേക നിയമത്തിന്‍റെ ഭാഗമാകുന്നതാണ്. അതനുസരിച്ച് അതിരൂപതയുടെ സാധാരണ ഭരണത്തിന്‍റെ ഉത്തരവാദിത്തം മെത്രാപ്പോലീത്തന്‍ വികാരിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. മേജര്‍ ആര്‍ച്ചുബിഷപ്പ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി തുടരുന്നതിനാല്‍, വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുമുമ്പ് അദ്ദേഹം അതിരൂപതാദ്ധ്യക്ഷനുമായി കൂടിയാലോചിക്കണമെന്ന് മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നു. അതേസമയം, അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളുള്‍പ്പെടെയുള്ള സാധാരണ ഭരണം നിര്‍വ്വഹിക്കുവാന്‍ അദ്ദേഹത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതാണ്. സിവില്‍ നിയമനുസരിച്ച് അതിരൂപതയെ പ്രതിനിധീകരിക്കുന്നതും, രേഖകളില്‍ ഒപ്പുവയ്ക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തങ്ങളില്‍പ്പെടുന്നവയാണ്. 
 
മാര്‍ ആന്‍റണി കരിയില്‍ സി.എം.ഐ. 1950 മാര്‍ച്ച് 26-ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേര്‍ത്തലയ്ക്കു സമീപം ചാലില്‍ ഇടവകയില്‍ കരിയില്‍ പരേതരായ ജോസഫിന്‍റെയും കൊച്ചുത്രേസ്യയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സി.എം.ഐ. സന്യാസസമൂഹത്തില്‍ ചേര്‍ന്ന് വൈദികപരിശീലനം ആരംഭിക്കുകയും  1967-ല്‍ പ്രഥമവ്രതവാഗ്ദാനം നടത്തുകയും 1997-ല്‍ വൈദികനായി അഭിഷിക്തനാവുകയും ചെയ്തു. പൂന ജ്ഞാനദീപവിദ്യാപീഠത്തില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്ത ബിരുദവും, പൂന യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ഡോക്ടറല്‍ ബിരുദവും നേടിയ അദ്ദേഹം ബാഗ്ളൂര്‍ ക്രൈസ്റ്റ് കോളേജില്‍ അധ്യാപകനായും പിന്നീട് ക്രൈസ്റ്റ് കോളജ് (ഇപ്പോള്‍ ക്രൈസ്റ്റ് യൂണിവേഴ്സ്റ്റി) പ്രിന്‍സിപ്പാളായും സേവനം ചെയ്തു. കളമശ്ശേരി രാജഗിരി കോളേജിന്‍റെ പ്രിന്‍സിപ്പാള്‍, കൊച്ചിയിലെ രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടര്‍, സി. എം. ഐ സന്യാസ സമൂഹത്തിന്‍റെ കൊച്ചി പ്രൊവിന്‍ഷ്യല്‍, സി. എം. ഐ സന്യാസ സമൂഹത്തിന്‍റെ പ്രിയോര്‍ ജനറല്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച അദ്ദേഹം 2015-ല്‍ മണ്ഡ്യ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിക്കപ്പെട്ടു. രൂപതാര്‍ത്തിയുടെ വിപുലികരണത്തോടെ വിശാലമായ മണ്ഡ്യ രൂപതയില്‍ മേല്‍പ്പട്ട ശുശ്രൂഷ ചെയ്തുവരുമ്പോഴാണ് അദ്ദേഹത്തെ പുതിയദൗത്യം ഏല്‍പ്പിക്കുന്നത്. മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ വികാരിയായി നിയമിതനായ ബിഷപ്പ് ആന്‍റണി കരിയിലിന് മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെയും സിനഡിന്‍റെയും ശുപാര്‍ശ സ്വീകരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ച്ചുബിഷപ്പിന്‍റെ പദവി (ad perosnam) നല്കിയിട്ടുണ്ട്.  
 
 
ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് 1957 നവംബര്‍ 23-ന് വൈക്കം ഇടവകയില്‍ എടയന്ത്രത്ത് ഔസേപ്പ് ചാക്കോ ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സ്കൂള്‍ പഠനത്തിനുശേഷം എറണാകുളം അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പഠനം ആരംഭിച്ചു. പൂന പേപ്പല്‍ സെമിനാരിയില്‍ നിന്ന് വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1983-ല്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. പൂനയിലെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍  ഡിഗ്രി കരസ്ഥമാക്കിയ അദ്ദേഹം കര്‍ദ്ദിനാള്‍ ആന്‍റണി പടിയറയുടെ സെക്രട്ടറിയായി സേവനം ചെയ്തിരുന്നു. കാനഡയില്‍ സേവ് എ ഫാമിലി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരികെയാണ് 2002-ല്‍ എറണകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടത്. കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിലില്‍ നിന്ന് മെത്രാന്‍ പട്ടം സ്വീകരിച്ച പിതാവ് കഴിഞ്ഞ 17 വര്‍ഷമായി അതിരൂപതയുടെ സഹായമെത്രാനായും, പ്രോട്ടോ സിന്‍ചെല്ലൂസ് ആയും സേവനം ചെയ്യുകയായിരുന്നു. റോമിന്‍റെ നിര്‍ദ്ദേശപ്രകാരം സീറോ മലബാര്‍ സഭയുടെ സിനഡിന്‍റെ തീരുമാനമനുസരിച്ചാണ് അദ്ദേഹത്തെ മണ്ഡ്യ രൂപതയുടെ മൂന്നാമത്തെ മെത്രാനായി നിയമിച്ചിരിക്കുന്നത്. 
 
ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ 1961 ഏപ്രില്‍ 4-ന് ഇടപ്പള്ളി ഇടവകയില്‍ പുത്തന്‍വീട്ടില്‍ ദേവസി മേരി ദമ്പതികളുടെ എട്ട് മക്കളില്‍ രണ്ടാമനായി ജനിച്ചു. ഇടപ്പള്ളി സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പരിശീലനം ആരംഭിച്ചു. മംഗലാപുരം സെന്‍റ് ജോസഫ് സെമിനാരിയില്‍ തുടര്‍ പരിശീലനം നടത്തിയതിനുശേഷം കര്‍ദ്ദിനാള്‍ ആന്‍റണി പടിയറയില്‍ നിന്ന് 1987-ല്‍ വൈദികപട്ടം സ്വീകരിച്ചു. ബല്‍ജിയത്തെ ലുവൈന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയതിനുശേഷം നിവേദിതയുടെ ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചു. കോട്ടയം പൗരസ്ത്യ വിദ്യപീഠത്തില്‍ ദൈവശാസ്ത്ര അധ്യാപകനായി പതിനൊന്ന് വര്‍ഷം സേവനം ചെയ്തു. തുടര്‍ന്ന് അതിരൂപതയുടെ പ്രോ-വികാരി ജനറാളായി സേവനം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്  2013-ല്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഈ ശുശ്രൂഷക്കിടയിലാണ് റോമിന്‍റെ നിര്‍ദ്ദേശപ്രകാരം സിനഡ് അദ്ദേഹത്തെ ഫരിദാബാദ് രൂപതയുടെ സഹായ മെത്രാനായി നിയമിച്ചിരിക്കുന്നത്.  
 
ഉത്തരാഖണ്ഡിലെ ബിജ്നോര്‍ രൂപതയുടെ മൂന്നാമത്തെ മെത്രാനായി നിയമിതനായിരിക്കുന്ന ഫാ. വിന്‍സെന്‍റ് നെല്ലായിപ്പറമ്പില്‍ ഇരിങ്ങാലക്കുട രൂപതയില്‍ പറപ്പൂക്കര ഇടവകയിലെ നെല്ലായിപ്പറമ്പില്‍ ലോനപ്പന്‍ റോസി ദമ്പതികളുടെ മകനായി 1971 മെയ് 30 ന് ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1987-ല്‍ ബിജ്നോര്‍ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പരിശീലനമാരംഭിച്ചു. അലഹബാദ് റീജണല്‍ സെമിനാരിയില്‍ നിന്ന് വൈദിക പരിശീലനം പൂര്‍ത്തിയാക്കിയശേഷം 1999-ല്‍ വൈദികനായി. ഉത്തരാഖണ്ഡിലെ ബഹുഗുണ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ബാഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റ് ബിരുദവും നേടിയശേഷം വിവിധ മേഖലകളില്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തി. രൂപതയുടെ മൈനര്‍ സെമിനാരി റെക്ടര്‍, രൂപതയുടെ ഫോര്‍മേഷന്‍ കോര്‍ഡിനേറ്റര്‍, അലഹാബാദ് റീജണല്‍ സെമിനാരിയില്‍ അധ്യാപകന്‍ എന്നീ നിലകളില്‍ മാതൃകാപരമായ ശുശ്രൂഷ നിര്‍വഹിച്ചു. ചിനിയാലിസൗര്‍ മേരിമാത മിഷന്‍ കേന്ദ്രത്തില്‍ വൈദിക ശുശ്രൂഷ ചെയ്തുവരുമ്പോഴാണ് ബിജ്നോര്‍ രൂപതയുടെ സാരഥ്യം സീറോ മലബാര്‍ സഭ അദ്ദേഹത്തെ ഏല്‍പ്പിക്കുന്നത്. മലയാളത്തിനുപുറമേ ഹിന്ദി, ഇംഗ്ലിഷ്, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ വൈദഗ്ധ്യമുണ്ട്. 
 
നിയുക്ത ബിജ്നോര്‍ മെത്രാന്‍ വിന്‍സെന്‍റ് നെല്ലായിപ്പറമ്പിലിന്‍റെ മെത്രാഭിഷേകവും മറ്റ് പിതാക്കډാരുടെ സ്ഥാനാരോഹണവും നടക്കുന്ന തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ്പ് ആന്‍റണി കരിയില്‍ പിതാവ് തന്‍റെ ഉത്തരവാദിത്വം ഇന്നു തന്നെ ഏറ്റെടുക്കുന്നതാണ്. 

Source: SM Media Commission

Recent Posts