മെൽബണ്‍ സീറോ മലബാർ രൂപത യൂത്ത് ലീഡേഴ്സ് സമ്മേളനം സമാപിച്ചു

 In News

മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ പ്രഥമ യൂത്ത് ലീഡേഴ്സ് സമ്മേളനത്തിന് മെൽബണ്‍ മൗണ്ട് മോർട്ടണ്‍ ക്യാന്പ് ആൻഡ് കോണ്‍ഫറൻസ് സെന്‍ററിൽ ഉജ്ജ്വല സമാപനം.

ഓസ്ട്രേലിയായുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 60 ഓളം യുവജനങ്ങൾ മൂന്നു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുത്തു. മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂറിന്‍റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് യുവജന കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. 

സഭ യുവജനങ്ങളെ സ്നേഹിക്കുന്നുവെന്നും സഭയുടെ വളർച്ചയിൽ യുവജനങ്ങൾക്ക് ഒത്തിരിയേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മാർ ബോസ്കോ പുത്തൂർ യുവജനങ്ങളെ ഓർമിപ്പിച്ചു. രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, യൂത്ത് അപ്പോസ്റ്റലേറ്റ് ചാപ്ളിൻ ഫാ. സാബു ആടിമാക്കിയിൽ, മെൽബണ്‍ സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. ഫ്രെഡി എലുവുത്തിങ്കൽ തുടങ്ങിയ വൈദികരുടെ സജീവ സാന്നിധ്യം യുവജന കൂട്ടായ്മക്ക് ഉണർവേകി. 

സീറോ മലബാർ പാരന്പര്യത്തേയും സംസ്കാരത്തേയും കുറിച്ച് മാർ ബോസ്കോ പുത്തൂർ നയിച്ച സെഷൻ സീറോ മലബാർ സഭയെ കൂടുതൽ അടുത്തറിയാൻ യുവജനങ്ങളെ സഹായിച്ചു. ഫാ. ഫ്രെഡി എലുവുത്തിങ്കൽ, ഫാ. സാബു ആടിമാക്കിയിൽ, ലീഡർഷിപ്പ് പരിശീലകൻ ഡോണി പീറ്റർ എന്നിവർ നയിച്ച വിവിധ സെഷനുകൾ സഭയെകുറിച്ചും സഭയിലെ യുവജന പങ്കാളിത്തത്തെ കുറിച്ചും യുവാക്കൾക്ക് ദിശാബോധം നൽകി. മൗണ്ട് മോർട്ടൻ സംഘം നേതൃത്വം നല്കിയ വിവിധ ടീം ബിൽഡിംഗ് ആക്റ്റിവിറ്റികളിൽ യുവജനങ്ങൾ ഏറെ ആവേശത്തോടെ പങ്കെടുത്തു. ഓസ്ട്രേലിയായുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്ത യുവജനങ്ങൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അവസരം ലഭിച്ചു. സഭയെയും പ്രത്യേകിച്ച് മെൽബണ്‍ സീറോ മലബാർ രൂപതയിലെ യുവജന പ്രവർത്തനങ്ങളെ കുറിച്ചും സംഘടിപ്പിച്ച വിവിധ ചർച്ചകളും നിർദ്ദേശങ്ങളും രൂപതയിലെ യുവജന പ്രവർത്തനങ്ങൾക്ക് രൂപം നല്കാൻ ഏറെ സഹായകമാകും.

യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യന്‍റെ നേതൃത്വത്തിൽ രൂപതയുടെ നാഷണൽ യൂത്ത് ഭാരവാഹികളുടെയും റീജണൽ ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് നടത്തി. നാഷണൽ ടീം കോർഡിനേറ്ററായി കാൻബറയിൽ നിന്നുള്ള ജെൻസിൻ സി. ടോമിനെയും സെക്രട്ടറിയായി മെൽബണിൽ നിìള്ള ജോവാൻ സെബാസ്റ്റ്യനെയും കമ്മിറ്റി അംഗങ്ങളായി നവീൻ ജോസഫ് (പെർത്ത്), ക്രിസ്റ്റീന തോമസ് (ബ്രിസ്ബേൻ), ഷെവിൻ ബിജു (മെൽബണ്‍), പോൾ കൊല്ലറക്കൽ (അഡ്ലെയ്ഡ്), ഡിക്സണ്‍ ഡേവിസ് (നനകാസിൽ) എന്നിവരെയും തെരഞ്ഞെടുത്തു. മാർ ബോസ്കോ പുത്തൂരിന്‍റെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ പ്രഥമ യൂത്ത് ലീഡേഴ്സ് സമ്മേളനം സമാപിച്ചു.

Recent Posts