യുണൈറ്റ് സീറോ മലബാർ യുവജന കണ്‍വൻഷൻ ഡിസംബർ 7, 8, 9, 10 തീയതികളിൽ

 In News

മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ മെൽബണ്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്‍റെയും സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ യുവജന കണ്‍വൻഷൻ “യുണൈറ്റ്’ ഡിസംബർ 7, 8, 9, 10 തീയതികളിൽ മെൽബണിനടുത്തുള്ള ഫിലിപ്പ് ഐലൻഡ് അഡ്വെഞ്ചർ റിസോർട്ടിൽ നടക്കും. 

രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി 400 ഓളം യുവജനങ്ങൾ നാലു ദിവസങ്ങളിലായി നടക്കുന്ന കണ്‍വൻഷനിൽ പങ്കെടുക്കും. 15 നും 30 വയസിനും ഇടയിൽ പ്രായമുള്ള സ്കൂൾ, യൂണിവേഴ്സിറ്റി, വർക്കിംഗ് പ്രഫഷണൽസ് എന്നീ വിഭാഗങ്ങളിലുള്ള യുവജനങ്ങൾക്കായാണ് കണ്‍വൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. 

ഓസ്ട്രേലിയായിലെ അപ്പൊസ്തോലിക് നൂണ്‍ഷ്യൊ ആർച്ച് ബിഷപ് അഡോൾഫൊ ടിറ്റൊ യലാന കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യും. മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ, സീറോ മലബാർ കമ്മീഷൻ ചെയർമാനും കോട്ടയം അതിരൂപത സഹായ മെത്രാനുമായ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവർ കണ്‍വൻഷന് ആശംസകൾ നേർന്നു ചടങ്ങിൽ പങ്കെടുക്കും. 

മെൽബണ്‍ അതിരൂപത സഹായ മെത്രാൻ ബിഷപ് മാർക്ക് എഡ്വേർഡ്സ്, ഇന്‍റർനാഷണൽ കാത്തലിക് മ്യുസിഷൻ ഫാദർ റോബ് ഗലയാ, മെൽബണ്‍ സീറോ മലബാർ രൂപത വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, അമേരിക്കയിൽ ജനിച്ച് വളർന്ന് ഷിക്കാഗോ സീറോ മലബാർ രൂപതക്കുവേണ്ടി ആദ്യമായി വൈദികനായ ഫാ. കെവിൻ മുണ്ടയ്ക്കൽ, ഓസ്ട്രേലിയായിലെ പ്രശസ്ത കാത്തലിക് ഗാനരചയിതാവും ഗായികയുമായ ജെനിവീവ് ബ്രയന്‍റ്, ഓസ്ട്രേലിയൻ കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് യൂത്ത് ഓഫീസ് ഡയറക്ടർ മാൽക്കം ഹാർട്ട്, യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, യൂത്ത് അപ്പോസ്റ്റലേറ്റ് ചാപ്ളിയൻ ഫാ. സാബു ആടിമാക്കിൽ, എം.ജി.എൽ സന്ന്യാസ സഭാഗംവും യുവവൈദികനുമായ ഫാ. ബൈജു തോമസ് എന്നിവർ കണ്‍വൻഷന്‍റെ വിവിധ സെഷനുകളിലെ ക്ലാസുകൾ നയിക്കും.

ഡൽഹി ജീസസ് യൂത്തിന്‍റെ മ്യൂസിക് ബാൻഡായ ആക്ട്സ് ഓഫ് ദി അപ്പോസ്റ്റലിലെ മുഴുവൻ കലാകാരന്മാരും യുവജനങ്ങൾക്ക് ഇഷ്ടപ്പെട്ട ഗാനങ്ങളും ഡാൻസുകളുമായി കണ്‍വൻഷൻ വേദിയിലെത്തും. 

മെൽബണ്‍ സീറോ മലബാർ രൂപതയുടെ പ്രഥമ ദേശീയ യുവജന കണ്‍വൻഷനിലേക്ക് ഓസ്ട്രേലിയായിലെ എല്ലാ സീറോ മലബാർ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ അറിയിച്ചു.

Recent Posts

Leave a Comment