ആര്‍ച്ചുബിഷപ്പിന്‍റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്നു മാറ്റി വ്യാഖ്യാനിച്ചെന്നു സഭ

 In News

ഗോവ ആര്‍ച്ചുബിഷപ്പിന്‍റെ ഇടയ ലേഖനം സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റി ഒന്നോ രണ്ടോ വാചകങ്ങള്‍ മാത്രമെടുത്തു ചര്‍ച്ച ചെയ്തു മാധ്യമങ്ങള്‍ വിവാദം ഉണ്ടാക്കിയതായി ഗോവ ആര്‍ച്ചുബിഷപ് ഡോ. ഫിലിപ്പ് നേരിയുടെ സെക്രട്ടറി ഫാ. ജൊവാക്കിം ലോയ്ല ആരോപിച്ചു. ജൂണ്‍ 3ന് ഗോവ അതിരൂപതയിലെ ഇടവകകളില്‍ വായിച്ച ആര്‍ച്ചുബിഷപ് ഫിലിപ് നേരിയുടെ ഇടയലേഖനമാണ് മാധ്യമ വിശകലനങ്ങളിലൂടെ വിവാദമായത്. ഭാരതത്തിന്‍റെ ഭരണഘടന അപകടകരമായ സ്ഥിതിയിലാണെന്ന് ഇടയലേഖനത്തില്‍ ആര്‍ച്ചുബിഷപ് സൂചിപ്പിച്ചിരുന്നു. രാജ്യത്ത് ജനങ്ങള്‍ എന്തു ഭക്ഷിക്കണം, എന്തു ധരിക്കണം തുടങ്ങിയ തരത്തില്‍ പുതിയ സംസ്ക്കാരം ഉരുത്തിരിയുന്ന സാഹചര്യമുണ്ടെന്നും ആര്‍ച്ചുബിഷപ് അഭിപ്രായപ്പെട്ടിരുന്നു. ഇടയലേഖനത്തില്‍ നിന്ന് ഇക്കാര്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ചര്‍ച്ച ചെയ്തു വിവാദമാക്കിയതിനെതിരെയാണ് സഭ രംഗത്തു വന്നിരിക്കുന്നത്.

ആര്‍ച്ച്ബിഷപ്പിന്‍റെ ഒന്നോ രണ്ടോ വാക്യങ്ങള്‍ മാത്രം എടുത്തുവച്ച് സന്ദര്‍ഭത്തിനു യോജിക്കാത്ത വിധത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നുവെ ന്ന് ഫാ. ജൊവാക്കിം പറഞ്ഞു. രാജ്യത്തു വ്യത്യസ്ത തരത്തില്‍ വ്യാപകമാകുന്ന ദാരിദ്ര്യത്തെക്കുറിച്ചാണ് ഇടയലേഖനം മുഖ്യമായും പ്രതിപാദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷത്തെ മുഖ്യ വിഷയം ദാരിദ്ര്യമാണ്. വിവിധ തരത്തിലുള്ള ദാരിദ്ര്യമുണ്ട്. സാമ്പത്തിക ദാരിദ്ര്യം മാത്രമല്ല, പട്ടിണി കിടന്നു വിശപ്പുമൂലം ആളുകള്‍ മരിക്കുന്ന സാഹചര്യവുമുണ്ട് — ഫാ. ജൊവാക്കിം പറഞ്ഞു.

കുടുംബത്തില്‍നിന്നു പുറന്തള്ളപ്പെടുന്നവര്‍, കുടുംബത്തില്‍ തന്നെ ദുരുപയോഗിക്കപ്പെടുന്നവര്‍, മുതിര്‍ന്നവരാല്‍ ദുരുപയോഗിക്കപ്പെടുന്ന കുട്ടികള്‍, ഇതെല്ലാം വ്യത്യസ്ത രൂപത്തിലുള്ള ദാരിദ്ര്യാവസ്ഥകളെയാണു പ്രതിഫലിപ്പിക്കുന്നത്. ഇത്തരം പ്രശ്നങ്ങളെ സഭ ഗൗരവമായി കാണണമെന്ന ആഹ്വാനമാണ് ആര്‍ച്ചുബിഷപ് ഇടയലേഖനത്തിലൂടെ നല്‍കിയതെന്ന് ഫാ. ജൊവാക്കിം പറഞ്ഞു. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് ഓണ്‍ ലൈനിലൂടെ ഇടയലേഖനത്തിന്‍റെ പൂര്‍ണരൂപം വായിക്കാന്‍ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Recent Posts