സീറോ മലബാർ സഭാംഗങ്ങളുടെ ജീവിതം ഓസ്ട്രേലിയൻ ക്രിസ്തീയ സമൂഹത്തിന് പ്രചോദനം: ആർച്ച് ബിഷപ് ബാരി ഹിക്കി

 In News

പെർത്ത്: കേരളത്തിൽനിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസ ജീവിതം ഓസ്ട്രേലിയയിലെ ക്രിസ്തീയ സമൂഹത്തിന് പുതുജീവനും ഉണർവും പകരുന്നുവെന്ന് ആർച്ച് ബിഷപ് ബാരി ഹിക്കി. മെൽബണ്‍ സീറോ മലബാർ രൂപതയുടെ മൂന്നാമത് വാർഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ബൈബിൾ കണ്‍വൻഷന്‍റെ സമാപനദിവസം നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിലും ശക്തമായ പാരന്പര്യത്തിലും അധിഷ്ഠിതമായ സീറോ മലബാർ സഭാംഗങ്ങൾ ഓസ്ട്രേലിയയിലെ മുഴുവൻ ക്രൈസ്തവർക്കും പ്രചോദനമാണ്. കേരളത്തിലെ സഭാംഗങ്ങളുടെ ശക്തമായ വിശ്വാസം മുന്പ് കേരളം സന്ദർശിച്ച സാഹചര്യത്തിൽ തനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടതാണെന്നും ബാരി ഹിക്കി പറഞ്ഞു. ചടങ്ങിൽ മാർ ജോസഫ് പള്ളിക്കാപറന്പിലിനൊപ്പം റോമിൽ പഠിച്ചകാലവും അദ്ദേഹം അനുസ്മരിച്ചു. പ്രത്യേക ക്ഷണം സ്വീകരിച്ച് ഓസ്ട്രേലിയയിൽ സേവനത്തിനെത്തിയ വിൻസെൻഷ്യൽ വൈദികരുടെ വചനപ്രഘോഷണത്തിലും രോഗശാന്തി ശുശ്രൂഷയിലുമുള്ള തീക്ഷ്ണതയും ബാരി ഹിക്കി എടുത്തുപറഞ്ഞു.

സീറോ മലബാർ സമൂഹം ഓസ്ട്രേലിയയിലെ ക്രിസ്തീയ ജീവിതത്തിൽ പുതിയ പ്രചോദനമാണെന്ന് ചടങ്ങിൽ സംസാരിച്ച ടോണി ബൂട്ടി എംഎൽഎ പറഞ്ഞു. ഓസ്ട്രേലിയൻ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ സാന്നിധ്യം നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാർ ബോസ്കോ പുത്തൂർ, ലാസാലെ കോളജ് വൈസ് പ്രിൻസിപ്പൽ എഡ്രിയാൽ മാട്രീനോ, പെർത്ത് സീറോ മലബാർ പള്ളി വികാരി ഫാ. അനീഷ് ജെയിംസ്, സോജി ആന്‍റണി തുടങ്ങിയവർ പ്രസംഗിച്ചു.

അണക്കര മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ നയിച്ച ബൈബിൾ കണ്‍വൻഷൻ സെപ്റ്റംബർ 25ന് സമാപിച്ചു. വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരി തുടങ്ങിയവർ കണ്‍വൻഷന് നേതൃത്വം നൽകി.

Recent Posts