സീറോ മലബാർ സഭ പ്രേഷിത വാരാചരണത്തിന് തുടക്കം

കൊച്ചി: സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ മിഷനെ അറിയുക, മിഷനറിയാവുക എന്ന ആദർശവാക്യവുമായി സംഘടിപ്പിക്കുന്ന സീറോമലബാർ സഭ പ്രേഷിതവാരാചരണത്തിന് ഇന്നു തുടക്കം കുറിക്കും.
സഭയുടെ പ്രേഷിതപ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാനും പങ്കാളികളാകാനും സഹായിക്കുന്നതാണു പ്രേഷിതവാരാചരണം. സീറോമലബാർ സഭ പ്രേഷിതവാരമായി എല്ലാവർഷവും ജനുവരി ആറു മുതൽ 12 വരെ ആചരിക്കുന്നു.
പ്രേഷിതവാരാചരണത്തിനുള്ള ഒരുക്കമായി എല്ലാ ഇടവകകളിലും ഭവനങ്ങളിലും പ്രാർഥനാകാർഡുകളും ഒരാഴ്ചക്കാലത്തെ കർമപരിപാടികളുടെ രൂപരേഖയും എത്തിച്ചിട്ടുണ്ടെന്നു സീറോ മലബാർ മിഷൻ സെക്രട്ടറി ഫാ. ജോസഫ് പുലവേലിൽ അറിയിച്ചു.
എല്ലാ ഇടവകകളിലും ഭവനങ്ങളിലും ദീപം തെളിയിച്ചു പ്രേഷിതവാര പ്രാർഥന ചൊല്ലി ആരംഭിക്കുന്ന പ്രേഷിതവാരാചരണകാലത്ത് ഭവനസന്ദർശനം, ദൈവവിളിപ്രോത്സാഹനം, മിഷനറിമാരെ ആദരിക്കൽ, പ്രേഷിതപ്രവർത്തന രൂപരേഖ തയാറാക്കൽ, പ്രേഷിതദൗത്യ പ്രഖ്യാപനം, പ്രേഷിതപ്രതിജ്‌ഞ തുടങ്ങിയ പരിപാടികളും പ്രേഷിത ഞായറായി ആചരിക്കുന്ന എട്ടിന് ആഘോഷമായ കുർബാന, മിഷൻമേളകൾ, പ്രദർശനങ്ങൾ, മിഷൻറാലികൾ പൊതുസമ്മേളനം എന്നിവയും ഉണ്ടായിരിക്കും.
മിഷൻ പ്രദേശങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി 2011 ഓഗസ്റ്റിൽ നടന്ന സീറോ മലബാർ സിനഡ് അസോസിയേഷൻ ഓഫ് ദി സപ്പോർട്ടേഴ്സ് ഓഫ് സീറോ മലബാർ മിഷൻ (എഎസ്എസ്എം) എന്ന ഓഫീസിന് രൂപം നൽകുകയും അതിന്റെ പ്രഥമ ഡയറക്ടറായി മാർ ഗ്രിഗറി കരോട്ടെമ്പ്രേലിനെ മേജർ ആർച്ച്ബിഷപ് നിയമിക്കുകയും ചെയ്തിരുന്നു.
2016 ഓഗസ്റ്റിൽ നടന്ന സിനഡ് ഈ ഓഫീസിന് “സീറോ മലബാർ മിഷൻ’ (സിം) എന്ന പേര് നൽകി. സീറോ–മലബാർ സഭയുടെ മിഷൻ പ്രദേശങ്ങളുടെയും മിഷൻ രൂപതകളുടെയും വിവിധങ്ങളായ പ്രവർത്തനങ്ങളെ സിം ഏകോപിപ്പിച്ചു വരുന്നു.
സഭയുടെ ആധ്യാത്മിക, സാമൂഹ്യ പ്രവർത്തനങ്ങളുടെ വിജയത്തിനും ദൈവവിളി പ്രോത്സാഹനത്തിനുമായി വിവിധ കർമപദ്ധതികൾ സിമ്മിന്റെ മേൽനോട്ടത്തിൽ നടത്തുന്നുണ്ട്.നിങ്ങളുടെ ഭവനത്തിന് ഒരു വൈദികൻ’ എന്ന പദ്ധതിയും “നിങ്ങളുടെ കുടുംബത്തിന് ഒരു സിസ്റ്റർ’ എന്ന പദ്ധതിയും ഇവയിൽപ്പെടുന്നു.

Source: deepika.com