മാത്യൂ കൊച്ചുപുരയ്ക്കലച്ചന് യാത്രാമംഗളങ്ങൾ

 In News

പ്രിയ ബഹുമാനപ്പെട്ട മാത്യൂ കൊച്ചുപുരയ്ക്കലച്ചന് യാത്രാമംഗളങ്ങൾ !!!
മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ പ്രഥമ ചാൻസിലറായും സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയുടെ പ്രഥമ വികാരിയായും കഴിഞ്ഞ ആറു വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കി മാതൃരൂപതയായ കോതമംഗലം രൂപതയിലേക്ക് മടങ്ങി പോകുന്ന മാത്യൂ കൊച്ചുപുരയ്ക്കലച്ചന് മെൽബൺ സീറോ മലബാർ രൂപത കുടുംബത്തിന്റെ സ്‌നേഹനിർഭരമായ യാത്രാമംഗളങ്ങൾ !!!
പന്ത്രണ്ടു വർഷത്തോളം കോതമംഗലം രൂപതയുടെ ചാൻസിലറായി സേവനം ചെയ്ത മാത്യൂ അച്ചൻ, സീറോ മലബാർ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ മേജർ ആർച്ച് എപ്പിസ്‌കോപ്പൽ ട്രിബ്യുണലിന്റെ പ്രസിഡന്റ് ആയും ജഡ്ജ് ആയും പത്തു വർഷം പൂർത്തീകരിക്കുന്ന അവസരത്തിലാണ് ഇൻഡ്യക്കു പുറത്ത് രണ്ടാമതായി രൂപം കൊണ്ട മെൽബൺ സീറോ മലബാർ രൂപതയുടെ ആദ്യത്തെ ചാൻസിലറായി 2014ൽ നിയമിതനാകുന്നത്. രൂപതയുടെ പള്ളിയോഗനിയമങ്ങളും പാസ്റ്ററൽ കൗൺസിൽ ഡിക്രിയും വിവിധ മിഷനുകളും ഇടവകകളും സ്ഥാപിതമാകുമ്പോൾ പാലിക്കേണ്ടതായ നിയമവശങ്ങളും സസൂക്ഷമം കൈകാര്യം ചെയ്യുന്നതിൽ കാനോൻ നിയമ പണ്ഡിതനായ മാത്യൂ അച്ചൻ പ്രത്യേകം ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്. മൂന്നു വർഷത്തോളം രൂപതയുടെ സെന്റ് തോമസ് ന്യുസ് ലെറ്ററിന്റെ കോർഡിനേറ്ററായും അച്ചൻ പ്രവർത്തിച്ചു.
2015 ജൂൺ മുതൽ സെന്റ് അൽഫോൻസ മെൽബൺ നോർത്ത് കത്തീഡ്രൽ കമ്മ്യുണിറ്റിയുടെയും സെന്റ് മേരീസ് മെൽബൺ വെസ്റ്റ് കമ്മ്യുണിറ്റിയുടെയും ചാപ്ലിയനായും മാത്യൂ അച്ചൻ നിയമിതനായി. 2015 ഡിസംബറിൽ സെന്റ് അൽഫോൻസ മെൽബൺ നോർത്ത് കമ്മ്യുണിറ്റിയെ കത്തീഡ്രൽ ഇടവകയായും സെന്റ് മേരീസ് മെൽബൺ വെസ്റ്റ് കമ്മ്യുണിറ്റിയെ ഇടവകയായും ബഹുമാനപ്പെട്ട ബിഷപ്പ് ബോസ്‌കോ പുത്തൂർ പിതാവ് പ്രഖ്യാപിച്ചപ്പോൾ രണ്ട് ഇടവകകളുടെയും പ്രഥമവികാരിയായി മാത്യു കൊച്ചുപുരയ്ക്കലച്ചൻ സ്ഥാനമേറ്റു.
ബഹുമാനപ്പെട്ട മാത്യൂ അച്ചന്റെ ശ്രമഫലമായാണ് മെൽബണിലെ എപ്പിങ്ങിൽ കത്തീഡ്രൽ ദേവാലയം നിർമ്മിക്കാനാവശ്യമായ രണ്ടേ മുക്കാലേക്കറോളം സ്ഥലം കത്തീഡ്രൽ ഇടവക സ്വന്തമാക്കുന്നത്. 500 ഓളം കുടുംബങ്ങളുള്ള കത്തീഡ്രൽ ഇടവകയിലെ ഓരോ ഭവനങ്ങളും സന്ദർശിച്ച് കത്തീഡ്രൽ ദേവാലയത്തിന്റെയും പാരീഷ് ഹാളിന്റെയും നിർമ്മാണത്തിനാവശ്യമായ തുക സ്വരൂപിക്കുന്നതിന് അച്ചൻ അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട്. ഇടവകയിൽ നിന്ന് ലഭിച്ചിരുന്ന ശമ്പളത്തിന്റെ ഒരു നല്ല പങ്ക് കത്തീഡ്രൽ നിർമ്മാണ ഫണ്ടിലേക്ക് അച്ചൻ എല്ലാ മാസവും നല്കിയിരുന്നു.
2000 സ്‌ക്വയർഫീറ്റ് വിസ്തൃതിയും 600 പേർക്ക് ഒരേസമയം തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നതുമായ കത്തീഡ്രൽ ദേവാലയത്തിന്റെയും 500 പേർക്കിരിക്കാവുന്ന പാരീഷ്ഹാളിന്റെയും നിർമ്മാണപ്രവർത്തികൾ പുരോഗമിക്കുന്നു. ദേവാലയ നിർമ്മാണത്തിനാവശ്യമായ കൗൺസിൽ അനുമതികളും പാരീഷ്ഹാൾ നിർമ്മിക്കുന്നതിനു ലഭിച്ച ഗ്രാന്റും നേടിയെടുക്കുന്നതിൽ ബഹുമാനപ്പെട്ട മാത്യൂ അച്ചൻ നടത്തിയ പരിശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്.
ബഹുമാനപ്പെട്ട ബോസ്‌കോ പുത്തൂർ പിതാവ് മാത്യൂ അച്ചന് യാത്രാമംഗളങ്ങൾ ആശംസിച്ചുകൊണ്ട് പറഞ്ഞു വച്ചതിങ്ങനെയാണ് – ”എല്ലാകാര്യങ്ങളും കൃത്യം കൃത്യമായി നേരത്തേ പ്ലാൻ ചെയ്ത്, മനുഷ്യ വ്യക്തിബന്ധങ്ങൾ വളരെ സൂക്ഷമതയോടു കൂടി കൈകാര്യം ചെയ്ത്, ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധയോടെ ചെയ്യുന്ന ഒരു നല്ല അഡ്മിനിസ്‌ട്രേറ്ററാണ് മാത്യൂ അച്ചൻ. രൂപതയുടെ നൈയ്യാമിക തീരുമാനങ്ങളെടുക്കുന്ന അവസരത്തിൽ കാനോൻ നിയമപണ്ഡിതനായ മാത്യൂ അച്ചൻ, ആ വിഷയങ്ങൾ പഠിച്ച് നല്കിയിട്ടുള്ള ഉപദേശങ്ങൾ നല്ല തീരുമാനങ്ങളെടുക്കാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. പ്രതിസന്ധികൾ വരുമ്പോൾ ചാൻസിലർ എന്ന നിലയിൽ അച്ചൻ നല്കിയ നിയമപരമായ സഹായം രൂപതക്ക് ഏറെ സഹായകരമായിട്ടുണ്ട്. കഴിഞ്ഞ ആറു വർഷം- വളരെ പ്രസക്തമായ സമയത്ത്- കത്തീഡ്രൽ ഇടവകയെ വളരെ ശക്തിയോടെ അച്ചൻ മുന്നോട്ട് നയിച്ചു. അച്ചൻ കത്തീഡ്രൽ ഇടവകയ്ക്കും രൂപതയ്ക്കും ചെയ്ത ശ്രദ്ധാർഹമായ അജപാലനശുശ്രൂഷകൾക്ക് അച്ചന് പ്രത്യേകം നന്ദി പറയുന്നു. മാതൃ രൂപതയിൽ അച്ചന് നല്കുന്ന ഉത്തരവാദിത്വം ഏറ്റവും മനോഹരമായി നിർവ്വഹിക്കാൻ സാധിക്കട്ടെഎന്നു പ്രാർത്ഥിക്കുന്നു; ആശംസിക്കുന്നു”.
കത്തീഡ്രൽ ഇടവക അച്ചന് നല്കിയ യാത്രയയപ്പ് സമ്മേളനത്തിൽ SMYM ഭാരവാഹികളായ മെറിനും ടാനിയയും അച്ചന് യാത്രാമംഗളങ്ങൾ ആശംസിച്ചുകൊണ്ട് പറഞ്ഞു, ” We think we can all agree in saying that whoever comes next has a very big shoes to fill”.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thank you Mathew Acha…. We will miss you……

Recent Posts