മെൽബൺ സീറോ മലബാർ രൂപതയെ പരിശുദ്ധ കന്യകാ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിക്കും: ബിഷപ്പ് ബോസ്‌കോ പുത്തൂർ

 In News

മെൽബൺ: ഓസ്‌ട്രേലിയായുടെ സ്വർഗീയമദ്ധ്യസ്ഥയായ ക്രിസ്താനികളുടെ സഹായമായ പരിശുദ്ധ അമ്മയുടെ തിരുന്നാൾ ദിവസമായ മെയ് 24ന് (ഞായറാഴ്ച), ഓസ്‌ട്രേലിയായിലെ മുഴുവൻ കത്തോലിക്കാവിശ്വാസികളോടൊപ്പം ഓസ്‌ട്രേലിയ രാജ്യത്തെയും മെൽബൺ സീറോ മലബാർ രൂപതയെയും, രൂപതയുടെ സ്വർഗീയ മദ്ധ്യസ്ഥയായ ദൈവമാതാവായ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുമെന്ന് ബിഷപ്പ് ബോസ്‌കോ പുത്തൂർ, രൂപതാ സമുഹത്തിനായി തയ്യാറാക്കിയ പ്രത്യേക സർക്കുലറിലൂടെ അറിയിച്ചു. കൊറോണ മഹാമാരി മൂലം രോഗികളായവരെയും, രോഗത്തിന്റെ ആശങ്കയിൽ ഒറ്റപ്പെട്ട് കഴിയുന്നവരെയും, തൊഴിൽ നഷ്ടപ്പെട്ടവരെയും, സാമ്പത്തികക്ലേശം അനുഭവിക്കുന്നവരെയും, അവരുടെ കുടുംബങ്ങളെയും പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കാൻ പിതാവ് ആഹ്വാനം ചെയ്തു.
മെയ് 24-ാം തിയതി രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും രൂപതാ കാര്യാലയത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനകൾക്ക് ശേഷം ഓസ്‌ട്രേലിയ രാജ്യത്തെയും രൂപതയെയും എല്ലാ ഇടവകകളെയും പരിശുദ്ധ അമ്മക്കു പ്രതിഷ്ഠിക്കുന്ന ശുശ്രൂഷകൾക്ക് ബിഷപ്പ് ബോസ്‌കോ പുത്തൂർ നേതൃത്വം നല്കും. രാവിലെയും വൈകുന്നേരവുമുള്ള വിശുദ്ധ കുർബാനയും പ്രതിഷ്ഠാ കർമ്മവും ശാലോം ടെലിവിഷൻ ചാനലിലും രൂപതയുടെയും ശാലോം ഓസ്‌ട്രേലിയയുടെയും വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജുകളിലും തത്സമയം സംപ്രേഷണം ചെയ്യും. മെൽബൺ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും ഓൺലൈൻ കുർബാനകൾക്കു ശേഷം വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ പ്രതിഷ്ഠാകർമ്മങ്ങൾ നടത്തും.

Recent Posts

Leave a Comment