ഓസ്ട്രേലിയയിലെ കത്തോലിക്കാ സഭയുടെ അഞ്ചാമത് പ്ലീനറി കൗണ്‍സിലിന് പ്രാര്‍ഥനാനിര്‍ഭരമായ സമാപനം
സിഡ്‌നി: ഓസ്ട്രേലിയയില്‍ ഒരാഴ്ച്ചയായി നടന്നുവന്ന കത്തോലിക്കാ സഭയുടെ അഞ്ചാമത് പ്ലീനറി കൗണ്‍സില്‍ സമാപിച്ചു. സിഡ്‌നിയില്‍ നടന്ന രണ്ടാം ഘട്ട സമ്മേളനമാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റല്ലോ എസ്ഡിബിയുടെ ഔദ്യോഗിക പ്രഖ്യാപത്തോടെ സമാപിച്ചത്. ഏകദേശം നാലര വര്‍ഷത്തോളം നീണ്ട തയാറെടുപ്പുകള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷമായി നടത്തിയ പ്ലീനറി സമ്മേളനത്തിനാണ് ശുഭപര്യവസാനമുണ്ടായത്.
ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന അന്തിമ സെഷനില്‍ കൗണ്‍സിലിലെ 277 അംഗങ്ങളും ഒപ്പിട്ട പ്രസ്താവനയ്ക്ക് അംഗീകാരം നല്‍കി
സിനഡാത്മകതയുടെ പാതയാണ് മൂന്നാം സഹസ്രാബ്ദത്തില്‍ ദൈവം സഭയില്‍നിന്നു പ്രതീക്ഷിക്കുന്നതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിചിന്തനത്തെ പ്രകാശിപ്പിക്കുന്നതായരുന്നു പ്ലീനറി കൗണ്‍സിലെന്ന് പ്രസ്താവനയില്‍ പറയുന്നു.
സഭ ഒരു തീര്‍ഥാടക സമൂഹമായി ഒരുമിച്ചു സഞ്ചരിക്കുകയും ഒരുമിച്ചു കേള്‍ക്കുകയും ചെയ്യുന്നതിനെയാണ് സിനഡാത്മകത എന്നു വിശേഷിപ്പിക്കുന്നത്. അതിലൂടെ ദൈവം നമുക്കു നല്‍കിയിട്ടുള്ള ദൗത്യത്തോട് കൂടുതല്‍ വിശ്വസ്തതയോടെ പ്രതികരിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും സാധിക്കും.
യോജിപ്പും വിയോജിപ്പും പിരിമുറുക്കവുമെല്ലാമുള്ള നിമിഷങ്ങളിലൂടെയാണ് സമ്മേളനം കടന്നുപോയതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാവരും ഒരുമിച്ചു യാത്ര ചെയ്യുന്ന, സിനഡാലിറ്റി എന്ന ആശയം വാക്കുകളില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പമുള്ള ആശയമാണ്. പക്ഷേ പ്രയോഗത്തില്‍ വരുത്തുന്നത് അത്ര എളുപ്പമല്ലെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിലയിരുത്തലിനോട് പ്രസ്താവന യോജിക്കുന്നു.
ശനിയാഴ്ച രാവിലെ അഞ്ചാം പ്ലീനറി കൗണ്‍സിലിന്റെ ഡിക്രിയില്‍ കൗണ്‍സില്‍ അംഗങ്ങളായ ബിഷപ്പുമാര്‍ ഒപ്പുവച്ചു. നവംബറിലെ ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ യോഗത്തിന് ശേഷം, ഉത്തരവുകള്‍ പരിശുദ്ധ സിംഹാസനത്തിലേക്ക് അയയ്ക്കും.
പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, ഡിക്രി നടപ്പാക്കുകയും ആറ് മാസത്തിന് ശേഷം ഓസ്ട്രേലിയന്‍ കത്തോലിക്ക സഭയുടെ നിയമത്തിന്റെ ഭാഗമായി മാറുകയും ചെയ്യും.
Recent Posts