കരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം അമലോത്ഭവ തിരുനാളില്‍

 In Events, News

റോം: കരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം അമലോത്ഭവ തിരുനാളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍വഹിക്കും. വത്തിക്കാനില്‍ പ്രാദേശികസമയം രാവിലെ 9.30 നു മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ കരുണയുടെ വിശുദ്ധ വാതില്‍ തുറക്കുന്നതും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുമാണ്. 2015 ഡിസംബര്‍ എട്ടു മുതല്‍ 2016 നവംബര്‍ 20 വരെയാണ് കരുണയുടെ അസാധാരണ ജൂബിലി വര്‍ഷം (കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ മുതല്‍ യേശുക്രിസ്തുവിന്റെ രാജത്വതിരുനാള്‍ വരെ).

രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ സമാപിച്ചതിന്റെ സുവര്‍ണ ജൂബിലിയുമാണു നാളെ. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നാളെ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ കരുണയുടെ ജൂബിലിവര്‍ഷത്തില്‍ ഉപയോഗിക്കാനുള്ള പ്രത്യേക സുവിശേഷ പ്രഘോഷണഗ്രന്ഥം പ്രദക്ഷിണമായി കൊണ്ടുവന്നു വചനപീഠത്തില്‍ പ്രതിഷ്ഠിക്കും. സഭാജീവിതത്തില്‍ ദൈവവചനത്തിന്റെ അപ്രമാദിത്വം വെളിവാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

സഭാചരിത്രത്തില്‍ ആദ്യമായി ലോകത്തിലെ എല്ലാ കത്തോലിക്കാ കത്തീഡ്രലുകളിലും വിശുദ്ധ വാതിലുകള്‍ തുറക്കപ്പെടുന്നുണ്ട്. ഡിസംബര്‍ 13 നു ഞായറാഴ്ചയായിരിക്കും അത്. അന്നു വിശുദ്ധ വാതിലുകള്‍ തുറന്നുകൊണ്ട് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേയും ജൂബിലിവര്‍ഷത്തിന്റെ സമാപനത്തില്‍ വിശുദ്ധ വാതിലുകള്‍ അടച്ചുകൊണ്ട് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേയും മാര്‍പാപ്പയുടെ ആശീര്‍വാദം നല്കാനുള്ള അധികാരം ലോകത്തിലുള്ള എല്ലാ മെത്രാന്മാര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയിട്ടുണ്ട്. റോമിലെ മെത്രാന്റെ കത്തീഡ്രലായ സാന്റ് ജോവാന്നി ലാറ്റെറാനോയുടെ വിശുദ്ധ വാതില്‍ അന്നു രാവിലെ 9.30നു ഫ്രാന്‍സിസ് മാര്‍പാപ്പ തുറക്കും.

കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ കേന്ദ്രങ്ങള്‍ പ്രധാനമായും പ്രാദേശിക സഭകളാണ്. നവംബര്‍ 29ന് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്‌ളിക്കിലെ ബെന്‍ഗ്വി കത്തീഡ്രലിന്റെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ തുറക്കുകയുണ്ടായി. ഈ അസാധാരണ ജൂബിലിവര്‍ഷം വിശുദ്ധ കുര്‍ബാനയിലും അനുരഞ്ജന കൂദാശയിലും സജീവമായി പങ്കുകൊണ്ടും കരുണയുടെ പ്രവൃത്തികള്‍ നിര്‍വഹിച്ചുകൊണ്ടും അനുദിനം ജീവിക്കേണ്ടത് ഇടവക സമൂഹത്തിലാണ്. ഓരോ ഇടവകസമൂഹവും കരുണയുടെ ഒരു മരുപ്പച്ചയായും ഓരോ വിശ്വാസിയും ദൈവകരുണയുടെ ദൃശ്യമായ ഒരു ഉപകരണമായും മാറണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ കരുണയുടെ പ്രവൃത്തികള്‍ പലത് ഈവര്‍ഷം നിര്‍വഹിക്കും. അതില്‍ പ്രധാനപ്പെട്ട പല കാര്യങ്ങളും ഓരോ മാസത്തിലേയും ഒരു വെള്ളിയാഴ്ചയായിരിക്കും നിര്‍വഹിക്കപ്പെടുക. ഡിസംബര്‍ 18 ന് റോമിലെ കാരിത്താസിന്റെ കീഴിലുള്ള അഗതികളുടെ ഭവനം മാര്‍പാപ്പ സന്ദര്‍ശിക്കുന്നതും കരുണയുടെ വാതില്‍ തുറക്കുന്നതുമാണ്.

ജൂബിലി വര്‍ഷത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശുദ്ധ പത്രോസിന്റെ തിരുസ്വരൂപത്തിന്റെ മുമ്പില്‍ അനുദിനം ജപമാല പ്രാര്‍ഥനയും ദൈവമാതാവായ മറിയത്തിനുള്ള സമര്‍പ്പണപ്രാര്‍ഥനയും ഉണ്ടായിരിക്കുന്നതാണ്. 2016 ലെ വിഭൂതി ബുധനാഴ്ച ഫ്രാന്‍സീസ് മാര്‍പാപ്പ കരുണയുടെ പ്രേഷിതരായ 800 വൈദികരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കുന്നതാണ്. ഇവര്‍ ദൈവകരുണയുടെ പ്രഘോഷകരും കരുണ നിറഞ്ഞ കുമ്പസാരക്കാരുമായിരിക്കും. പരിശുദ്ധ സിംഹാസനത്തിനു മാത്രം മോചിക്കാന്‍ അധികാരമുള്ള പാപങ്ങള്‍ മോചിക്കാനുള്ള അധികാരവും മാര്‍പാപ്പ ഇവര്‍ക്കു നല്കുന്നതുമാണ്.

എല്ലാവരെയും സ്വീകരിക്കുന്ന, ആരെയും ഒഴിവാക്കാത്ത, ദൈവത്തിന്റെ സനേഹവും കരുണയുടെ മുഖമായ ഈശോയെയുമാണു കത്തോലിക്കാസഭ കരുണയുടെ ജൂബിലി വര്‍ഷത്തില്‍ എല്ലാവര്‍ക്കും പകര്‍ന്നുനല്കുന്നത്. തന്റെ പ്രഘോഷണത്തിന്റെ അന്തസത്ത ദൈവകരുണയാണെന്നു സഭ നിരന്തരം ഓര്‍മിക്കുന്ന വര്‍ഷവുമാണിത്. കരുണയുടെ ജൂബിലിവര്‍ഷത്തില്‍ കരുണയുടെ മുഖം ലോകത്തിനു പകര്‍ന്നുനല്കിയ വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ കരുണയുടെ ജൂബിലി വര്‍ഷത്തില്‍ വിശുദ്ധയായി പ്രഖ്യാപിക്കുമെന്നുള്ള വാര്‍ത്ത വലിയ ആവേശത്തോടെയാണ് ആഗോള സഭ സ്വീകരിച്ചത്.

 

Source:SMCIM

Recent Posts