പ്രേഷിതർ സഭയുടെ നെടുംതൂണുകൾ: മാർ ആലഞ്ചേരി

 In News
കൊച്ചി: പ്രേഷിതരംഗത്തു പ്രവർത്തിക്കുന്ന വൈദികരും സമർപ്പിതരും മറ്റുള്ളവരും സഭയുടെ നെടുംതൂണുകളാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭയുടെ പ്രേഷിതകാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രേഷിതവാരാചരണത്തിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിനും സമൂഹത്തിനുമായി പ്രേഷിതശുശ്രൂഷ ചെയ്യുന്നതിനിടെയാണു മലയാളിയായ ഫാ. ടോം ഉഴുന്നാലിൽ യമനിൽ നിന്നു ബന്ധിയാക്കപ്പെട്ടത്. അദ്ദേഹത്തെപ്പോലെയും യമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികളെപ്പോലെയും ജീവൻ പണയംവച്ചു സമർപ്പിതശുശ്രൂഷ ചെയ്യുന്നവർ സഭയുടെ അഭിമാനങ്ങളാണ്. തങ്ങളുടെ ജീവൻ സമർപ്പിച്ചും ഘോരമായ പീഡകൾ സഹിച്ചും ക്രിസ്തുവിനു സാക്ഷികളാകാനാണ് അവർ പ്രയത്നിക്കുന്നത്.
അനേകം മിഷനറിമാർ ഇന്ത്യയിലും പുറത്തും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സന്ദേശം അറിയിക്കുന്നുണ്ട്. പ്രേഷിതചൈതന്യത്തിൽ മുന്നേറുന്ന സീറോ മലബാർ സഭയിലെ അയ്യായിരത്തോളം മിഷനറി വൈദികരും മുപ്പത്താറായിരത്തോളം സമർപ്പിതരും മിഷൻപ്രദേശങ്ങളിൽ സുവിശേഷ വേല ചെയ്യുന്നുണ്ട്. ക്രിസ്തുവിന്റെ സന്ദേശം അറിയിക്കുക, സക്ഷികളായി തീരുക എന്നതു നമ്മുടെ കടമയാണ്. ഈ ഉത്തരവാദിത്വമാണു പ്രേഷിതവാരാചരണം സഭാമക്കളെ മുഴുവൻ ഓർമിപ്പിക്കുന്നത്. ഭാരതത്തിലെ മിഷൻപ്രദേശങ്ങളിലേക്കു സഹായസഹകരണങ്ങളെത്തിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
ബിഷപ് മാർ റാഫേൽ തട്ടിൽ, ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, റവ.ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ, റവ.ഡോ. ആന്റണി കൊള്ളന്നൂർ, ഫാ. മാത്യു പുളിമൂട്ടിൽ, ഫാ. ജോസഫ് പുലവേലിൽ എന്നിവർ പ്രസംഗിച്ചു.

Source: deepika.com

Recent Posts