സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ദര്‍ശനം 2015’

 In Events, News

ബ്രിസ്‌ബെയ്ന്‍: സീറോ മലബാര്‍ സമൂഹം സംഘടിപ്പിച്ച സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ദര്‍ശനം 2015’ സമാപിച്ചു.

ബ്രിസ്‌ബെയ്ന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവക നടത്തിയ സംയുക്ത തിരുനാളിനോടനുബന്ധിച്ച് ചെംസൈഡ് ക്രേഗ്‌സ്‌ലി സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ക്യൂന്‍സ്‌ലാന്‍ഡ് വികസന മൈനിംഗ് മന്ത്രി ആന്റണി ലൈറ്റ് ഹാം മുഖ്യാതിയായിരുന്നു. സീറോ മലബാര്‍ ക്യൂന്‍സ്‌ലാന്റ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമായ ജോളി കരുമത്തി സ്വാഗതം ആശംസിച്ചു. കൗണ്‍സിലര്‍ ഫിയോണ കിംഗ്, സെന്റ് തോമസ് യാക്കോബൈറ്റ് ചര്‍ച്ച് വികാരി അജോഷ് ജോസഫ് എന്നിവര്‍ ആശംസ നേര്‍ന്നു. സീറോ മലബാര്‍ ക്യൂന്‍സ്‌ലാന്റ് ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുമ്പുറം നന്ദി പറഞ്ഞു.

സീറോ മലബാര്‍ സെന്റ് അല്‍ഫോന്‍സ ചര്‍ച്ചിന്റെ ഇടവകദിനവും സീറോ മലബാര്‍ സഭ ഓസ്‌ട്രേലിയയില്‍ രൂപത സ്ഥാപിതമായതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുമാണ് ‘ദര്‍ശനം 2015’ സംഘടിപ്പിച്ചത്.

പ്രാചീന കലാരൂപങ്ങളായ മാര്‍ഗം കളി, ചവിട്ടുനാടകം, ബൈബിള്‍ നാടകം ‘കായേന്‍’ തുടങ്ങിയവ അരങ്ങേറി. ജോസഫ് കുരിയന്‍ സംവിധാനം ചെയ്ത ‘സമ്പത്ത് ‘- ഒരു ക്രിസ്തീയ വീക്ഷണം എന്ന സാമൂഹിക, സംഗീത നാടകം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. വിവിധ ക്രിസ്ത്യന്‍ സഭാ സമൂഹങ്ങള്‍ പങ്കെടുത്ത ക്രിസ്ത്യന്‍ ഭക്തിഗാന മത്സരങ്ങളും സംഘടിപ്പിച്ചു.

ബ്രിസ്‌ബെയ്ന്‍ സൗത്ത് സെന്റ് തോമസ് ചര്‍ച്ച് ഒന്നാം സ്ഥാനവും സെന്റ് തോമസ് യാക്കോബായ ചര്‍ച്ച് രണ്ടാം സ്ഥാനവും ഇപ്‌സ് വിച്ച് അവേ മരിയ കത്തോലിക്ക കമ്യൂണിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അസിന്‍ പോളിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റാണു പരിപാടികള്‍ക്കു നേതൃത്വം നല്‍കിയത്.

മൂവായിരത്തോളം ആളുകള്‍ പങ്കെടുത്ത കള്‍ച്ചറല്‍ ഫെസ്റ്റില്‍ വിവിധ സ്റ്റാളുകളും ഭക്ഷണ പാനീയങ്ങളും ഒരുക്കിയിരുന്നു. മാതൃ ജോതിസ് അംഗങ്ങള്‍ സ്റ്റാളുകള്‍ക്ക് നേതൃത്വം നല്‍കി.

ജോര്‍ജ് വര്‍ക്കി, ജോസഫ് സേവ്യര്‍, അസിന്‍ പോള്‍, ഷാജി കാരക്കോമ്പില്‍, സന്തോഷ് മാത്യു, ഷൈജു തോമസ്, പോള്‍ സിംഗ്, ബേബിച്ചന്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Recent Posts