ഇന്റർനെറ്റും ഫോണും മാറ്റിവച്ച് ഒരു നാടിന്റെ ദുഃഖവെള്ളിയാചരണം
കൊച്ചി: തലയോലപ്പറമ്പിന്റെ ആകാശങ്ങളില്‍ ഇന്നു സൈബര്‍ സ്പന്ദനങ്ങള്‍ക്കു വിശ്രമമാണ്. സഹനസ്മൃതിയുടെ ദുഃഖവെള്ളിയാചരണം തീക്ഷ്ണമാക്കാന്‍ നാടു മുഴുവന്‍ ഈ ദിനം ഇന്റർനെറ്റിനെയും മൊബൈല്‍ ഫോണിനെയും മറക്കും. അക്ഷരാര്‍ഥത്തില്‍ തലയോലപ്പറമ്പില്‍ ഇന്നു സൈബര്‍ ബന്ദ്.
മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, സാമൂഹ്യമാധ്യമങ്ങള്‍ എന്നിവയുടെ വലിയ തോതിലുള്ള ഉപയോഗം കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകളെ ഗൗരവമായി കാണുന്നതിനുള്ള ഓര്‍മപ്പെടുത്തലാണു തലയോലപ്പറമ്പിലെ ‘സൈബര്‍ ബന്ദ് ’. നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഇത്തരം മാധ്യമങ്ങളെ പക്വതയോടെ സമീപിക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായുള്ള സൈബര്‍ ബന്ദില്‍ തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ഇടവകയിലെ വിശ്വാസിസമൂഹത്തിനൊപ്പം മറ്റുള്ളവരും കൈകോര്‍ക്കും.
വീടുകളിലും പള്ളിപരിസരങ്ങളിലും റോഡുകളിലും മറ്റിടങ്ങളിലും ഇന്നു നാട്ടുകാര്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കില്ല. പള്ളിയിലെ പ്രാര്ഥനാശുശ്രൂഷകളിലും ഇത്തരം മാധ്യമങ്ങളെ ജാഗ്രതയോടെ ഉപയോഗിക്കുന്നതിനുള്ള അനുഗ്രഹത്തിനായി പ്രാര്‍ഥനയുണ്ടാകും.
ദീര്‍ഘനാളത്തെ ബോധവത്കരണ, പ്രചാരണ പരിപാടികളുടെ തുടര്‍ച്ചയായാണു ദുഖഃവെള്ളിയില് സൈബര്‍ ബന്ദിന് ഇടവകയും നാടും ഒരുങ്ങിയതെന്നു വികാരി ഫാ. ജോണ്‍ പുതുവ പറഞ്ഞു. സ്മാര്‍ട്ട് ഫോണുകള്‍ പലര്‍ക്കും ശരീരത്തിലെ അവയവം പോലെ ആയതോടെ വീടിനകത്തും പുറത്തും പരസ്പരമുള്ള സംസാരം കുറഞ്ഞു. കൂട്ടായ്മകള്‍ അന്യമായി. വ്യക്തി, കുടുംബ, സമൂഹബന്ധങ്ങളിലെ വിള്ളലുകളെ വലുതാക്കുന്ന വില്ലന്മാരായി സൈബര്‍ സംസ്കാരം മാറുന്നതിനെതിരേയുള്ള ജാഗ്രതയും അവബോധവും സൃഷ്ടിക്കുകയാണു സൈബര്‍ ബന്ദിലൂടെ ലക്ഷ്യമാക്കുന്നത്.
ദുഃഖവെള്ളിയുടെ സന്ദേശത്തോടു ചേര്‍ന്നു, നന്മയ്ക്കായി ജീവിതത്തില്‍ ചില കാര്യങ്ങള്‍ വേണ്ടെന്നു വയ്ക്കാനുള്ള ക്രിസ്തീയപരിശീലനവും ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.നേരത്തെ ദുഃഖവെള്ളിയിലും മറ്റു ദിവസങ്ങളിലും നിശ്ചിത സമയങ്ങളില്‍ ഇന്റർനെറ്റ്, മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ ഉപയോഗങ്ങള്‍ നിയന്തിച്ചുകൊണ്ടുള്ള പരിപാടികള്‍ തലയോലപ്പറമ്പില്‍ നടപ്പാക്കിയിട്ടുണ്ട്.
സിജോ പൈനാടത്ത്
Source: deepika.com