ജീവിതങ്ങള്‍ പുനരാവിഷ്ക്കരിക്കാന്‍ ദൈവസഹായം അനിവാര്യം
തെരുവോരങ്ങളില്‍നിന്നും പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്കി :
പുനരാവിഷ്ക്കരണം എളുപ്പമല്ല
സെപ്തംബര്‍ 24-Ɔο തിയതി ചൊവ്വാഴ്ച റോമാനഗരത്തിന്‍റെ പ്രാന്തത്തിലുള്ള ഫ്രോസിനോനെയിലെ പുനരധിവസിപ്പിക്കപ്പെട്ട തെരുവോരക്കാരുടെ “നവചക്രവാളം” (New Horizon) കൂട്ടായ്മയ്ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചുകൊണ്ടു നല്കിയ വചനസന്ദേശത്തിലാണ് പുനരാവിഷ്ക്കരണത്തെക്കുറിച്ചും, അത് അത്ര എളുപ്പമല്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചത്. വേദപുസ്തകത്തിലെ എസ്രായുടെ ഗ്രന്ഥം പരാമര്‍ശിക്കുന്ന ജരൂസലേം ദേവാലയത്തിന്‍റെ പുനര്‍നിര്‍മ്മാണമാണ് പാപ്പാ ചിന്തകള്‍ക്ക് ആധാരമാക്കിയത് (എസ്റ. 6, 7-8, 12, 14-20).
ജരൂസലേത്തിന്‍റെ പുനര്‍നിര്‍മ്മാണം
നശിച്ചു നാമാവശേഷമായി, കാടുകേറി കിടന്നിരുന്ന ജരൂസലേം ദേവാലയം പുനര്‍നിര്‍മ്മിക്കാന്‍ ദൈവം പ്രചോദനംനല്കിയത് പേര്‍ഷ്യന്‍ രാജാവായ ഡാരിയൂസിനാണ്. ഒപ്പം പുനര്‍നിര്‍മ്മാണത്തിനായി ജനങ്ങളെ പ്രചോദിപ്പാനുള്ള ആഹ്വാനവുമായി ദൈവം നെഹേമിയ പ്രവാചകനെയും ജനമദ്ധ്യത്തിലേയ്ക്ക് അയയ്ക്കുകയും ചെയ്തു.
പുനരാവിഷ്ക്കരണത്തില്‍ ദൈവസഹായം തേടാം
ഒരു കെട്ടിടം പുതുതായി പണിയുന്നതിലും ക്ലേശകരമാണ് പഴയതും തകര്‍ന്നതുമായ ഒന്ന് സമുദ്ധരിക്കാന്‍. അതുപോലെ നമ്മുടെ ജീവിതങ്ങള്‍ പുനരാവിഷ്ക്കരിക്കുവാനും, തകര്‍ന്ന ജീവിതങ്ങളെ സമുദ്ധരിക്കുവാനും നാം ദൈവസഹായത്തില്‍ ആശ്രയിക്കണമെന്നും, തെരുവോരത്തെ അലക്ഷ്യവും ഇരുളടഞ്ഞതുമായ ജീവിതങ്ങളില്‍നിന്നും തങ്ങളെത്തന്നെ പുനരാവിഷ്ക്കരിക്കാനും എല്ലാം നവമായി തുടങ്ങാനും ഇനിയും ദൈവസാഹയത്തില്‍ ആശ്രയിച്ചു മുന്നേറണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ജീര്‍ണ്ണത തഴക്കമാക്കരുത്!
ഒരു കുട്ടിയെ വളര്‍ത്തിയെടുക്കുന്നതിലും ക്ലേശകരമാണ് വഴിതെറ്റിപ്പോയ ഒരു മനുഷ്യനെ ശരിയായ വഴിയിലേയ്ക്കും, സാധാരണ ജീവിതാവസ്ഥയിലേയ്ക്കും ഉയര്‍ത്തിയെടുക്കാന്‍. കാരണം അയാളുടെ ജീവിതശൈലിയില്‍ മാത്രമല്ല, ചിന്താഗതിയിലും മാറ്റം വരുത്തണം. ജരൂസലേമില്‍ സംഭവിച്ചത് അതാണ്. ആരോ വന്നു നശിപ്പിച്ചുപോയ തങ്ങളുടെ ദേവാലയം ജീര്‍ണ്ണതിയില്‍ കിടന്നിട്ടും, ജനങ്ങള്‍ക്ക് അത് പ്രശ്നമായിരുന്നില്ല. അവര്‍ തങ്ങളുടെ ജീവിതങ്ങള്‍ ജീര്‍ണ്ണതയുടെ ചുറ്റുവട്ടത്തില്‍ത്തന്നെ തുടര്‍ന്നു.
സ്വന്തം സൗകര്യത്തിനുള്ള ഉദാസീനത
ഉദാസീനത ജീവിതത്തില്‍ അത്ര അഭികാമ്യല്ലെങ്കിലും സാധാരണഗതിയില്‍ നമുക്കു സൗകര്യം ഇതാണ്. സൗകര്യാര്‍ത്ഥമുള്ള ഉദാസീനത നമുക്കു തഴക്കവുമാണ്. അതു ചിലപ്പോള്‍ നാം ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ദൈവം ആഗ്രഹിക്കുന്നത് നമ്മുടെ മാനസാന്തരവും ജീവിത നവീകരണവുമാണെന്ന്, ‘നവചക്രവാള’മെന്ന പേരില്‍ ക്യാര അമരാന്തെ (Chiara Amarante) സ്ഥാപകയായിട്ടുള്ള ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുനരധിവാസകേന്ദ്രങ്ങളിലെ അന്തേവാസികളുടെ കൂട്ടായ്മയെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
പുനരാവിഷ്ക്കരണം ദൈവികദാനം
നവോത്ഥാനത്തിനും പുനര്‍നിര്‍മ്മാണത്തിനുമുള്ള ദൈവത്തിന്‍റെ വിളി കേട്ട ഇസ്രായേല്യര്‍ മനസ്സുമാറ്റി. എന്നിട്ടവര്‍ ചെയ്തതോ, പ്രവാചകന്‍റെ നേതൃത്വത്തില്‍ ഒരു കയ്യില്‍ ഇഷ്ടികയും മറുകയ്യില്‍ ശത്രുവിനോടു പ്രതിരോധിക്കാനുള്ള ആയുധവുമായിട്ടാണ്, വാളുമായിട്ടാണ് ദൈവത്തിന്‍റെ ആലയം പണിയാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. പരാജയവും അതിന്‍റെ തകര്‍ച്ചകളും പാടെ ഉപേക്ഷിക്കണം. പകല്‍ നിര്‍മ്മിച്ചത് രാത്രിയില്‍ നശിപ്പിക്കപ്പെട്ടേക്കാം. എന്നാല്‍ പുനരാവിഷ്ക്കാരം ദൈവികദാനവും കൃപയുമാണ്. അതിനാല്‍ തിന്മയ്ക്കെതിരെ നാം അതിനെ സംരക്ഷിക്കണം. അവിടെ പരിശ്രമവും നിശ്ചയദാര്‍ഢ്യവും അനിവാര്യമാണ്.
ക്രിസ്തുവോളം നീണ്ട ഇസ്രായേലിന്‍റെ പുനരാവിഷ്ക്കരണം
ഇസ്രായേലിന്‍റെ ചരിത്രം പരിശോധിച്ചാല്‍ എത്രയോ തവണകളാണ് അവര്‍ ശത്രുകരങ്ങളില്‍ പരാജിതരായി പിന്മാറേണ്ടി വന്നിട്ടുള്ളത്. എന്നിട്ടും അവര്‍ കര്‍ത്താവിന്‍റെ ആലയം പുനര്‍നിര്‍മ്മിക്കാന് ഇറങ്ങി പുറപ്പെട്ടു. പിന്നെയും പിന്നെയും പരിശ്രമിച്ചു. അവസാനം ക്രിസ്തു ആഗതനാകുവോളം…! അവിടുന്നു രക്ഷകനായിരുന്നിട്ടും തിന്മയുടെ ശക്തികള്‍ അവിടുത്തെ കുരിശില്‍ തറച്ച് ഇല്ലായ്മചെയ്തു. എന്നിട്ടും ദൈവം അവിടുത്തെ ഉയര്‍ത്തി. ദൈവികശക്തിയാണ് അവിടുത്തെ മൂന്നാം ദിനം ഉയര്‍പ്പിച്ചത്.
ദൈവകൃപയ്ക്കായ് പ്രാര്‍ത്ഥിക്കാം!
നമ്മുടെയും ജീവിതങ്ങളെ പുനരാവിഷ്ക്കരിക്കാന്‍ ഉത്ഥിതനായ ക്രിസ്തുവിന്‍റെ കൃപയ്ക്കായി യാചിക്കാം. ജീവിതങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ നാം ക്ലേശിക്കുമ്പോള്‍ ക്രിസ്തുവില്‍ ശരണപ്പെടാം. അവിടുന്നു നമ്മെ സഹായിക്കും. അവിടുന്നു നമുക്കു ശക്തിപകരും. നിരാശരാവാതെ, പതറാതെ, പിറകോട്ടു പോകാതെ ജീവിതങ്ങള്‍ പുനരാവിഷ്ക്കരിക്കാന്‍ ക്രിസ്തു നമ്മെ തുണയ്ക്കട്ടെ!
Source: vaticannews.va
Recent Posts