ദൈവസ്നേഹത്തിന്റെ സാക്ഷി വിശുദ്ധ മദർ തെരേസ: മാർപാപ്പ
സ്കോപ്യേ: പാവങ്ങളിൽ പാവങ്ങളായവരോട് ദൈവത്തിനുള്ള സ്നേഹത്തിനു സാക്ഷ്യം വഹിച്ച വ്യക്തിയായിരുന്നു വിശുദ്ധ മദർ തെരേസയെന്നു ഫ്രാൻസിസ് മാർപാപ്പ. വടക്കൻ മാസിഡോണിയയുടെ തലസ്ഥാനമായ സ്കോപ്യേയിൽ മദറിന്റെ ജന്മസ്ഥലത്തുള്ള സ്മാരകത്തിലെ ചാപ്പലിൽ പ്രാർഥിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മദർ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സഭയിലെ കന്യാസ്ത്രീകൾ മാർപാപ്പയെ സ്വീകരിച്ചു.
പാവപ്പെട്ടവരിൽ ദൈവപുത്രന്റെ മുഖം ദർശിക്കാൻ മദറിനായി. നീതിക്കായി ദാഹിക്കുന്നവരുടെ ശബ്ദമായിരുന്നു മദർ. അഗതികളെയും നിസ്സഹായരെയും സഹായിക്കണമെന്ന് മദർ പഠിച്ചത് ഈ സ്ഥലത്തുവച്ചാണെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി. അനാഥരുടെയും പരിത്യക്തരുടെയും നിലവിളിക്കു കാതോർക്കാനുള്ള കൃപ എല്ലാവർക്കും ലഭിക്കാൻ മദറിന്റെ മാധ്യസ്ഥ്യം തേടി മാർപാപ്പ പ്രാർഥിച്ചു.
മദർ തെരേസ പതിനെട്ടു വയസുവരെ ജീവിച്ചത് സ്കോപ്യേയിലാണ്. മദർ ജ്ഞാനസ്നാനം സ്വീകരിച്ച പള്ളി 1963ലെ ഭൂകന്പത്തിൽ തകർന്നു. 2009ൽ ഇവിടെ മദറിനായി സ്മാരകം നിർമിക്കുകയായിരുന്നു.
മിഷണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളുമായും അവരെ ആശ്രയിച്ചു കഴിയുന്ന അഗതികളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി. മദറിന്റെ രണ്ടു ബന്ധുക്കളും അതിഥികളുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്നു വത്തിക്കാൻ അറിയിച്ചു.
ബൾഗേറിയയിലെ ദ്വിദിന സന്ദർശനത്തിനുശേഷമാണ് മാർപാപ്പ വടക്കൻ മാസിഡോണിയയിലെത്തിയത്. ആദ്യമായാണ് ഒരു മാർപാപ്പ ഇവിടെ സന്ദർശനം നടത്തുന്നത്. പ്രസിഡന്റ് ഇവാനോവുമായി ചർച്ച നടത്തി. പത്തുമണിക്കൂറിനുശേഷം മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങി.
Source: deepika.com
Recent Posts