മദര്‍ തെരേസ ലോകത്തിനു മുമ്പില്‍ ഭാരതത്തിന്റെ വിശുദ്ധ സന്ദേശവും സാക്ഷ്യവും: മാര്‍ ആലഞ്ചേരി
കൊച്ചി: ഭാരതം ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്ന കാരുണ്യത്തിന്റെ വിശുദ്ധസന്ദേശവും സാക്ഷ്യവുമാണു സെപ്റ്റംബര്‍ നാലിനു വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്ന മദര്‍ തെരേസയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭാരതത്തിലെ സഭയും പൊതുസമൂഹവും മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തെ ആഹ്ളാദത്തോടും അഭിമാനത്തോടും കൂടിയാണു നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപന തിയതി അറിഞ്ഞ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്.
സംസ്കാരത്തിലും ഭാഷയിലും വ്യത്യസ്ത മതവിശ്വാസ രീതികളിലും വൈവിധ്യമാര്‍ന്ന സംഭാവനകള്‍ ലോകത്തിനു നല്‍കിയിട്ടുള്ള ഭാരതം, മദര്‍ തെരേസയിലൂടെ കാരുണ്യത്തിന്റെ ജീവിതഭാവവും പങ്കുവച്ചു.
അഗതികളുടെ അമ്മയായ മദര്‍ തെരേസ വിശുദ്ധയായി ഉയര്‍ത്തപ്പെടുന്നത് ഒരു മതത്തിന്റെയോ വിശ്വാസികളുടെയോ മാത്രം സന്തോഷമല്ല. ഭാരതവും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ലോകം മുഴുവനും വിശുദ്ധപദവി പ്രഖ്യാപനത്തെ അത്യാഹ്ളാദത്തോടു കൂടിയാണു കാത്തിരിക്കുന്നത്. സഹനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും നടുവിലാണു മദര്‍ തെരേസ തന്റെ കാരുണ്യജീവിതത്തിനു അര്‍ഥതലങ്ങള്‍ കണ്െടത്തിയത്. തന്നെ തേടിയെത്തിയവര്‍ക്കും താന്‍ തേടിയെത്തിയവര്‍ക്കും മദര്‍ ക്രിസ്തുവിന്റെ സ്നേഹവും സാന്ത്വനവും സമ്മാനിച്ചു.
കോല്‍ക്കത്തയില്‍നിന്നു ലോകം മുഴുവനിലേക്കും ആ സ്നേഹജീവിതത്തിന്റെ സ്ഫുലിംഗങ്ങള്‍ അഗ്നിപോലെ പടര്‍ന്നു. കാലത്തെ അതിജീവിച്ചു ജാതിമതഭേദമന്യേ ജനമനസുകളില്‍ അതെന്നും ജ്വലിച്ചു നില്‍ക്കുമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
ഭാരതസഭയ്ക്ക് അഭിമാനനിമിഷം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവാ
തിരുവനന്തപുരം: വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിനു കത്തോലിക്കാസഭയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ കാരുണ്യത്തിന്റെ ശുശ്രൂഷകര്‍ക്കും ശുശ്രൂഷകള്‍ക്കും വലിയ അംഗീകാരമായി അതു മാറുമെന്ന് ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ. നാനാജാതി മതസ്ഥരായ കോടിക്കണക്കിന് ഭാരതീയര്‍ക്ക് അഭിമാനവും അനുഗ്രഹവും ലഭ്യമാകുന്നതോടൊപ്പം ലോകമെമ്പാടുമുള്ള നിരാലംബരും അഗതികളുമായ ശതകോടികള്‍ക്ക് ഈ പ്രഖ്യാപനം സന്തോഷവും പ്രത്യാശയും പകരുന്നു. എല്ലാ മതസ്ഥര്‍ക്കും കാരുണ്യത്തിന്റെ ശുശ്രൂഷ തുടര്‍ന്നും നല്‍കുന്നതിന് ഭാരതസഭയ്ക്ക് ഈ പ്രഖ്യാപനം പ്രചോദനമാകുമെന്ന് ബാവാ പറഞ്ഞു.
ജീവന് പണയപ്പെടുത്തി സുവിശേഷത്തിന്റെ ആനന്ദം ലോകമെമ്പാടും നല്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി സഹോദരിമാര്‍ക്കു ബാവാ ആശംസകള്‍ നേര്‍ന്നു. ഭാരതസഭയ്ക്ക് മറ്റൊരു വിശുദ്ധയെകൂടി ലഭിക്കുന്നതിലുള്ള സന്തോഷവും ചാരിതാര്‍ഥ്യവും സിബിസിഐ അധ്യക്ഷന്‍ പ്രകടിപ്പിച്ചു.
സെപ്റ്റംബര്‍ നാലിന് വത്തിക്കാനില്‍ നടക്കുന്ന നാമകരണ നടപടികളില്‍ ഭാരതത്തില്‍ നിന്ന് അനേകര്‍ സംബന്ധിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ക്കു സിബിസിഐ നേതൃത്വം നല്‍കും. ഭാരതത്തെ പ്രതിനിധീകരിച്ച് കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിനിധി സംഘം ചടങ്ങില്‍ സംബന്ധിക്കുന്നതിന് ഭാരത കത്തോലിക്കാ സഭയുടെ ക്ഷണക്കത്ത് ഉടന്‍തന്നെ പ്രധാനമന്ത്രിക്കു നല്‍കുന്നതാണെന്നും മാര്‍ ക്ളീമിസ് ബാവാ അറിയിച്ചു.