സീറോ മലബാർ സഭയിൽ പരാതിപരിഹാര സമിതികൾ രൂപീകരിക്കും
കൊച്ചി: സീറോ മലബാർ സഭയിൽ ’സേഫ് എൻവയോണ്മെന്റ് പോളിസി’ നടപ്പാക്കുമെന്നു സഭയുടെ സിനഡ് വ്യക്തമാക്കി. ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്തഭവനങ്ങളിലുമുള്ള ജീവിത, ശുശ്രൂഷാ സാഹചര്യങ്ങളിൽ കുട്ടികൾ ഉൾപ്പടെ എല്ലാവർക്കും കൂടുതൽ സുരക്ഷിതത്വവും സാക്ഷ്യശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഓരോ രൂപതയിലും നടപ്പാക്കുന്ന ’സേഫ് എൻവയോണ്മെന്റ് പോളിസി’ ലക്ഷ്യമിടുന്നത്.
സുരക്ഷിതത്വത്തോടും സന്തോഷത്തോടും കൂടി സഭയിൽ ജീവിക്കാനും ശുശ്രൂഷ ചെയ്യാനും ഓരോ വ്യക്തികൾക്കും സാഹചര്യം ഉണ്ടാകണം എന്നതാണു സഭയുടെ ആഗ്രഹം. രൂപതകളിലും ഇടവകകളിലും സന്യാസാശ്രമങ്ങളിലും സഭാസ്ഥാപനങ്ങളിലും സുരക്ഷിതമായ സാഹചര്യങ്ങളാണുള്ളത്. ഇതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണു നയരൂപീകരണത്തിന്റെ കാതൽ. ഇതു സംബന്ധിച്ചു കെസിബിസി പുറപ്പെടുവിച്ച രേഖകളാണു നയത്തിന് ആധാരം.
സഭയ്ക്കകത്തുനിന്നും പുറത്തുനിന്നും സഭയുടെമേൽ ആരോപിക്കുന്ന പരാതികളിൽ പരിഹാരമുണ്ടാക്കുന്നതിനു രൂപതകൾ ആവശ്യമായ സമിതികൾ രൂപീകരിക്കണം. അല്മായരുടെ പ്രാതിനിധ്യം ഇത്തരം സമിതികളിൽ ഉറപ്പുവരുത്തണം. പരാതികളിൽ സമയബന്ധിതമായി തീർപ്പുകല്പിക്കാനുള്ള ആർജവവും നീതി നടപ്പിലാക്കാനുള്ള സഭയുടെ ഉത്തരവാദിത്തവും പ്രായോഗികതലത്തിലെത്തിക്കാൻ ഈ സമിതികൾ സഹായിക്കുമെന്നു സഭ വിശ്വസിക്കുന്നതായും സിനഡ് വ്യക്തമാക്കി.
സീറോ മലബാർ സഭയിലെ 55 മെത്രാന്മാർ പങ്കെടുക്കുന്ന സിനഡിൽ ഇന്നലെ സഭയിലെ നാലു മേജർ സെമിനാരികളെക്കുറിച്ചും വൈദിക പരിശീലനത്തെ സംബന്ധിച്ചും വിശദമായ ചർച്ചകൾ നടന്നു.
Source: deepika.com
Recent Posts