കൃപാഭിഷേകം 2017 ന് പെർത്തിൽ തുടക്കമായി
പെർത്ത്: ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേർന്ന രണ്ടായിരത്തിലധികം വിശ്വാസികൾക്കു ആത്മീയവിരുന്നായി കൃപാഭിഷേകം 2017-ബൈബിൾ കണ്വെഷനു പെർത്തിൽ തുടക്കായി. ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനും അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ഡൊമിനിക് വാളംമ്നാലാണ് ഓസ്ട്രേലിയയിലെ സീറോ മലബാർ രൂപതയുടെ മൂന്നാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള ബൈബിൾ കണ്വൻഷൻ നയിക്കുന്നത്.
പെർത്ത് മിഡിൽസ്വാനിലെ ലാന്പാലെ കോളജ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 23-നു ഉച്ചകഴിഞ്ഞാണ് കണ്വെൻഷൻ ആരംഭിച്ചത്. രൂപതാ വികാരി ജനറാൾ ഫാ. ഫ്രാൻസീസ് കോലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ആരംഭിച്ച വിശുദ്ധ കുർബാനയോടെയാണ് കണ്വൻഷൻ ശുശ്രൂഷകൾക്ക് തുടക്കംകുറിച്ചത്. പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ പള്ളി വികാരി ഫാ. അനീഷ് ജയിംസ് സഹകാർമികനായി.
സമാപന ദിവസമായ 25-നു നടക്കുന്ന പൊതുസമ്മേളനത്തിൽ ഓസ്ട്രേലിയയിലെ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ അധ്യക്ഷതവഹിക്കും. പെർത്ത് അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ബാരി ഹിക്കി മുഖ്യ പ്രഭാഷണം നടത്തും.