മെൽബൺ സീറോ മലബാർ രൂപത പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ വെഞ്ചിരിപ്പ് ജൂലൈ 11 ന്

 In News

മെല്‍ബണ്‍:  മെല്‍ബണ്‍ സിറ്റിയില്‍നിന്ന് 65 കിലോമീറ്റര്‍ അകലെയായി, ഇരുനൂറ് ഏക്കറില്‍ അധികം  വിസ്തൃതിയുള്ള പള്ളോട്ടൈന്‍ സന്യാസസമൂഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥാപനവും അനുബന്ധ സംവിധാനങ്ങളും മെല്‍ബണ്‍ സീറോമലബാര്‍ രൂപത ഏറ്റെടുത്തു. സാന്തോം ഗ്രോവ് എന്നു നാമകരണം ചെയ്യുന്ന കേന്ദ്രം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ജൂലൈ 11 -ന് വെഞ്ചരിക്കും.

മലമുകളില്‍ സ്ഥാപിതമായിരിക്കുന്ന കുരിശടി, മുന്നൂറോളം ആളുകള്‍ക്ക് ഒരേ സമയം വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാനുള്ള ചാപ്പല്‍, എഴുപതില്‍ പരം വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാവുന്ന ക്യാമ്പ് സൈറ്റ്, എഴുപതോളം മുറികളിലായി ഇരുനൂറോളം ആളുകള്‍ക്ക് താമസത്തിനുള്ള സൗകര്യം, നൂറില്‍പ്പരം ആളുകള്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഹാള്‍, നിശബ്ദമായി പ്രാര്‍ഥിക്കുവാനും ധ്യാനിക്കുവാനും ഉതകുന്ന നിരവധി സൗകര്യങ്ങള്‍ എന്നിവയെല്ലാം ഈ കേന്ദ്രത്തിലുണ്ട്.

രൂപതാതലത്തിലുള്ള ധ്യാനങ്ങള്‍ക്കും യുവജന ക്യാമ്പുകള്‍ക്കും ട്രെയിനിംഗ് പ്രോഗ്രാമുകള്‍ക്കും സാന്തോം ഗ്രോവ് ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്ന് വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.  വെഞ്ചിരിപ്പു കര്‍മങ്ങളില്‍ മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍, രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ റവ. ഡോ. സിജീഷ് പുല്ലന്‍കുന്നേല്‍, രൂപതയിലെ വൈദികര്‍, വിശ്വാസികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.

Recent Posts