അഗതികളില്‍ ദൈവത്തെ കണ്ട അമ്മ
1946 സെപ്റ്റംബര്‍ 10. അതൊരു ചൊവ്വാഴ്ചയായിരുന്നു. കോല്‍ക്കത്ത ഹൌറായില്‍നിന്നു ഡാര്‍ജിലിംഗിലേക്കുള്ള ട്രെയിനിന്റെ മൂന്നാംക്‌ളാസ് മുറികളിലൊന്നില്‍ ഒരു വിദേശ കന്യാസ്ത്രീ ഇരിക്കുന്നു. അവരുടെ കൈയില്‍ ബൈബിള്‍.വിശുദ്ധ മത്തായിയുടെ സുവിശേഷം അധ്യായം 25ല്‍ 31 മുതലുള്ള വാക്യങ്ങളില്‍ ആ കന്യാസ്ത്രീയുടെ കണ്ണുകള്‍ ഉടക്കിനിന്നു.
ആ കന്യാസ്ത്രീ അതു പലവട്ടം വായിച്ചു. ധ്യാനിച്ചു. ഒടുവില്‍ ഡാര്‍ജിലിംഗിലെ മലഞ്ചെരുവുകളിലൂടെ ട്രെയിന്‍ ഇഴഞ്ഞുനീങ്ങുമ്പോള്‍ തേയിലത്തോട്ടങ്ങളില്‍നിന്ന് ഒരു സ്വരം തന്റെ ഉള്ളിലേക്കെത്തുന്നത് അവളറിഞ്ഞു നീ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുക.
ആ കന്യാസ്ത്രീ സിസ്‌റര്‍ തെരേസ ആയിരുന്നു. മാസിഡോ ണിയയിലെ സ്‌കോപ്യെയില്‍ ജനിച്ച ആഗ്‌നസ്, ലൊറേറ്റോ സന്യാസിനീ സമൂഹത്തിലെ ഒരംഗം. വാര്‍ഷിക ധ്യാനത്തിനു ഡാര്‍ജിലിംഗിലേക്കു പോവുകയായിരുന്നു ആ അധ്യാപിക.
അന്നു സിസ്‌റര്‍ തെരേസ തീരുമാനിച്ചുപുതിയ വിളി സ്വീകരിക്കുക, അങ്ങനെ സിസ്‌റര്‍ തെരേസ ലോകത്തിലേക്കിറങ്ങിച്ചെന്നു ലോകത്തിന്റേതായി, ലോകത്തിന്റെ മുഴുവനുമായി മദര്‍ തെരേസയായി.
ഫാദര്‍ ഡാമിയനെ മൊളോക്കോയിലേക്കും ആല്‍ബര്‍ട്ട് ഷ്വൈറ്റ്‌സറെ ആഫ്രിക്കയിലേക്കും ഫ്രാന്‍സിസ് അസീസിയെ സേവനപൂര്‍ണമായ സന്യാസത്തിലേക്കും നയിച്ച വാക്കുകള്‍ സിസ്‌റര്‍ തെരേസയെ ലോകത്തിന്റെ ഓടകളിലേക്കു സ്‌നേഹദൂതിയായി നയിച്ചു. ദൈവത്തിനുവേണ്ടി മനോഹരമായത് എന്തെങ്കിലും ചെയ്യാന്‍ സിസ്‌റര്‍ തെരേസയെ അതു പ്രേരിപ്പിച്ചു.
ഈ പരിവര്‍ത്തനത്തെപ്പറ്റി മദര്‍ തെരേസ പില്‍ക്കാലത്തു മാല്‍ക്കം മഗറിജുമായുള്ള അഭിമുഖ സംഭാഷണത്തില്‍ ഇങ്ങനെ അനുസ്മരിക്കുന്നു.
മദര്‍ തെരേസ: എന്റെ ദൈവവിളിയിലെ ഒരു ഉള്‍വിളിയായിരുന്നത്. ഒരു രണ്ടാംവിളി. ഞാന്‍ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ലൊറേറ്റോ വിട്ടുപോകാനും തെരുവിലേക്കിറങ്ങി പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ ശുശ്രൂഷിക്കാനുമുള്ള ദൈവവിളി.
മാല്‍ക്കം: ഈ രണ്ടാംവിളി എങ്ങനെയാണുണ്ടായത്?
മദര്‍: ധ്യാനത്തിനായി ഞാന്‍ 1946ല്‍ ഡാര്‍ജിലിംഗിലേക്കു പോകുകയായിരുന്നു. എല്ലാമുപേക്ഷിച്ച് അവിടുത്തെ (യേശുവിനെ) പിഞ്ചെന്ന് ചേരികളിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായവരിലൂടെ അവിടുത്തെ ശുശ്രൂഷിക്കാനുള്ള ആഹ്വാനം ആ ട്രെയിനില്‍വച്ചാണുണ്ടായത്.
മാല്‍ക്കം: ഞാന്‍ ലൊറേറ്റോ മഠം കണ്ടിട്ടുണ്ട്. അതു വളരെ മനോഹരമാണ്. ആ പൂന്തോപ്പില്‍നിന്ന്, ആ പ്രശാന്തഭൂമിയില്‍നിന്ന്, ശബ്ദമുഖരിതവും ദുരിതപൂര്‍ണവുമായ തെരുവുകളിലേക്കിറങ്ങിവരിക വളരെ ദുഷ്‌കരമായിരുന്നിരിക്കണം.
മദര്‍: അതാണു ത്യാഗം.അങ്ങനെയായിരുന്നു തുടക്കം. ലൊറേറ്റോ മഠത്തിന്റെ മുകള്‍നിലയിലെ മുറിയില്‍നിന്നു ജാലകത്തിലൂടെ നോക്കുമ്പോള്‍ മോട്ടീജീല്‍ കാണാമായിരുന്നു. കോല്‍ക്കത്തയിലെ ഒരു ചേരി. അവിടെ ജനനവും മരണവും സന്ധിച്ചു. വഴിവക്കില്‍ ജഡങ്ങള്‍ ഉറുമ്പരിച്ചും പുഴുത്തും കിടക്കുന്നതു മോട്ടീജീലില്‍ അന്നു പുതുമയല്ലായിരുന്നു.
കുഷ്ഠരോഗികള്‍ അവിടെ നടക്കാനോ ഇരിക്കാനോ പോലും വയ്യാതെ കിടന്നിരുന്നു. പാതവക്കില്‍, പിറന്നുവീണ കുഞ്ഞുങ്ങളെ അമ്മമാര്‍ എറിഞ്ഞുകളയുന്ന തെരുവ്. അതായിരുന്നു മോട്ടീജീല്‍.അങ്ങോട്ടാണ് തെരേസ ഇറങ്ങിച്ചെന്നത്. ചേരിയിലെ ഒരു വീടിന്റെ മുറ്റം ആ കന്യാസ്ത്രീക്കു പ്രവര്‍ത്തനവേദിയായി.
ചേരിയിലെ കുട്ടികളെ പഠിപ്പിച്ചുകൊണ്ടാണു തുടക്കം. കുറേ അക്ഷരങ്ങളും ശുചിത്വവും പഠിപ്പിച്ച് ഒരുദിവസം കടന്നുപോയി. പിറ്റേന്നു തെരേസയ്ക്കു സഹായത്തിനു രണ്ടുമൂന്നു പെണ്‍കുട്ടികള്‍ വന്നു. തെരേസ അത്രയുംകാലം പഠിപ്പിച്ചിരുന്ന സെന്റ്‌മേരീസ് ഹൈസ്‌കൂളിലെ കുട്ടികള്‍. കുറേ ദിവസം കഴിഞ്ഞതോടെ ചില അധ്യാപികമാരും സഹായത്തിനെത്തി. അങ്ങനെ ചേരിയിലെ പ്രവര്‍ത്തനം വിപുലമായി.
അഞ്ചു രൂപയാണ് ചേരിയിലേക്കിറങ്ങുമ്പോള്‍ തെരേസയുടെ കൈയിലുണ്ടായിരുന്നത്. ഈ സേവനത്തെപ്പറ്റി ആള്‍ക്കാര്‍ കേട്ടതോടെ സംഭാവനകള്‍ ലഭിച്ചുതുടങ്ങി. തെരേസ ആരോടും പണം ചോദിച്ചിരുന്നില്ല. പണം അവരെത്തേടി വരികയായിരുന്നു. ഇതിനിടെ സെന്റ് തെരേസാസ് പള്ളിയിലെ വൈദികര്‍ പള്ളിമേടയുടെ ഒരു മൂല ഡിസ്‌പെന്‍സറിയായി ഉപയോഗിക്കാന്‍ അനുവദിച്ചു. അങ്ങോട്ട് രോഗികളുടെ പ്രവാഹമായിരുന്നു. ഇതിനിടെ മദര്‍ തെരേസയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി പലരും എത്തി.
മദറിന്റെ ശിഷ്യകളായിരുന്നു അവരില്‍ പലരും. ആദ്യം വന്നത് സുഭാഷിണി ദാസ് എന്ന ബംഗാളി പെണ്‍കുട്ടിയാണ്. മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങിയപ്പോള്‍ സുഭാഷിണിദാസ് അതില്‍ ചേര്‍ന്നു. ആഗ്‌നസ് എന്ന പേരാണ് അവര്‍ സ്വീകരിച്ചത്. മദറിന്റെ പൂര്‍വാശ്രമത്തിലെ പേര്.
മദറിന്റെ കൂടെ സേവനത്തിനിറങ്ങിത്തിരിച്ചവരുടെ സംഖ്യ കൂടിയപ്പോള്‍ താമസവും ഭക്ഷണവും പ്രശ്‌നമായി. ഗോമസിന്റെ വീട്ടിലെ ചെറിയ മുറികളും രണ്ടു കുളിമുറിയുംകൊണ്ട് മുപ്പതോളം പേര്‍ക്കു താമസിക്കുക അസാധ്യമായി. അതിനിടെ ഒരു സിസ്‌ററിന് ചിക്കന്‍പോക്‌സ് പിടിച്ചു. ഫാ. ഹെന്റി എന്ന ഈശോസഭാ വൈദികന്‍ ഈയവസരത്തില്‍ തുണയ്‌ക്കെത്തി. സര്‍ക്കുലര്‍ റോഡിലെ 54 എ കെട്ടിടമാണ് അദ്ദേഹം അന്ന് വാങ്ങിക്കൊടുത്തത്. കോല്‍ക്കത്ത ആര്‍ച്ച്ബിഷപ്പാണ് കെട്ടിടത്തിനുള്ള പണം മുടക്കിയത്. മദര്‍തെരേസയുടെ പില്‍ക്കാല പ്രവര്‍ത്തനകേന്ദ്രം 54 എ ലോവര്‍ സര്‍ക്കുലര്‍ റോഡ് ആയി.
പലപ്പോഴും മദറും സഹായികളും ഭക്ഷണത്തിനു വളരെ ബുദ്ധിമുട്ടി. യാചിച്ചായിരുന്നു സിസ്‌റര്‍മാര്‍ തങ്ങള്‍ക്കും തങ്ങള്‍ ശുശ്രൂഷിക്കുന്ന അഗതികള്‍ക്കും ഭക്ഷണം തേടിയിരുന്നത്.
ക്രമേണ സംഭാവനകള്‍ വര്‍ധിച്ചു. മോട്ടീജീലില്‍ ആരംഭിച്ച പാഠശാലയ്ക്ക് ആദ്യം ഒന്നും ഉണ്ടായിരുന്നില്ല. മദര്‍ മണ്ണില്‍ അക്ഷരങ്ങളെഴുതുകയായിരുന്നു. പിന്നീട് കസേരയും മേശയും മറ്റും സംഭാവനയായി ലഭിച്ചു.
പക്ഷേ, സ്‌കൂള്‍ ആയിരുന്നില്ല മദറിന്റെ ലക്ഷ്യം. തെരുവില്‍ മരിച്ചുവീഴുന്ന അഗതികള്‍ക്കൊരു ശുശ്രൂഷാകേന്ദ്രം വേണം. ആദ്യമാരംഭിച്ച കേന്ദ്രം നിര്‍മല്‍ ഹൃദയ ആണ് മദറിന്റെ തന്നെ ഭാഷയില്‍ മരിക്കുന്നവരുടെ ഭവനം.
അതിന്റെ തുടക്കം അല്പം നാടകീയമായിരുന്നു. ഒരുദിവസം വഴിയില്‍ എലികളും ഉറുമ്പുകളും തിന്നുതുടങ്ങിയ ഒരു ശരീരം മദര്‍ കണ്ടു. പാവപ്പെട്ടൊരു യാചകി. അവര്‍ മരിച്ചിരുന്നില്ല. മദര്‍ ഒരു റിക്ഷാപിടിച്ച് ആ സ്ത്രീയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിക്കാര്‍ അവരെ സ്വീകരിക്കാന്‍ മടിച്ചു. പക്ഷേ, മദര്‍ സമ്മതിച്ചില്ല. ഒരു സത്യഗ്രഹം തന്നെ അവിടെ നടന്നു. ഒടുവില്‍ മദര്‍ ജയിച്ചു. ആശുപത്രിക്കാര്‍ സ്ത്രീയെ ഏറ്റെടുത്തു. പക്ഷേ, അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു.
അന്നുതന്നെ തെരുവില്‍ മറ്റേതാനും മരണങ്ങള്‍ക്കുകൂടി മദര്‍ ദൃക്‌സാക്ഷിയായി. അവര്‍ക്കതു സഹിക്കാനായില്ല. അവര്‍ കോല്‍ക്കത്ത കോര്‍പറേഷന്‍ അധികൃതരെ വീണ്ടും സമീപിച്ചു. മാസങ്ങളായി ആവശ്യപ്പെട്ടിരുന്ന കാര്യം അന്നു സാധിച്ചു.
കാളീക്ഷേത്രത്തിനു സമീപമുള്ള ധര്‍മശാല കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ മദറിനു വിട്ടുകൊടുത്തു. മദര്‍ അതു സന്തോഷത്തോടെ സ്വീകരിച്ചു. അവശയായി വഴിയില്‍ കണ്ടവരെ അവിടെ എത്തിച്ചു ശുശ്രൂഷിച്ചു. മിക്കവരും മരിച്ചുപക്ഷേ, പട്ടിയെപ്പോലെ തെരുവില്‍ കിടന്നല്ല. മാലാഖമാരെപ്പോലുള്ള സ്‌നേഹദൂതിമാരുടെ പരിചരണമേറ്റ് അവര്‍ ശാന്തമായി മരണം പ്രാപിച്ചു.
കോല്‍ക്കത്ത തെരുവുകളില്‍ വീണു മരിക്കാന്‍ പോകുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന ഈ സ്ഥാപനം പക്ഷേ, ഒരു വിഭാഗത്തിനിഷ്ടപ്പെട്ടില്ല. ക്ഷേത്രത്തിനടുത്തുള്ള ചെറുപ്പക്കാര്‍ നിര്‍മല്‍ ഹൃദയിനു നേരേ ആക്രമണം തുടങ്ങി. കല്ലേ റും ഭീഷണിയും. ഒരിക്കല്‍ സംഘമായി അവര്‍ നിര്‍മല്‍ ഹൃദയത്തിലെത്തി. മദര്‍ അവരെ ശാന്തമായി നേരിട്ടു. അവര്‍ പറഞ്ഞു: നിങ്ങള്‍ എന്നെ വേണമെങ്കില്‍ കൊന്നുകൊള്ളൂ, എന്നാല്‍ ഇതിനുള്ളിലെ ആ നിസഹായരെ നിങ്ങള്‍ ഉപദ്രവിക്കരുത്. സമാധാനത്തോടെ മരിക്കാനെങ്കിലും അവരെ അനുവദിക്കൂ. പ്രകടനക്കാര്‍ ശാന്തരായി പിരിഞ്ഞുപോയി.
ഇന്നു കോല്‍ക്കത്തയില്‍ മാത്രമല്ല ലോകമെങ്ങും മദര്‍തെരേസ അമ്മയാണ്. എല്ലാവരുടെയും അമ്മ. ദിക്കും കാലവും നാടും ഭാഷയും ജാതിയും മതവും ക്രിസ്തീയ സ്‌നേഹത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായിരുന്ന ആ അമ്മയ്ക്ക് അതിര്‍വരമ്പുകള്‍ നിര്‍മിച്ചില്ല.
മദര്‍ തെരേസ
ജനനം: 1910 ഓഗസ്‌റ് 16.
മാസിഡോണിയയിലെ സ്‌കോപ്യെയില്‍.
പേര്: ആഗ്‌നസ്‌ഗോണ്‍ജ ബൊയാജിയു.
പിതാവ്: നിക്കോളെ ബൊയാജിയു.
മാതാവ്: ഡ്രാനാഫിലെ.
സിസ്‌റേഴ്‌സ് ഓഫ് ലൊറേറ്റോയില്‍ ചേര്‍ന്നത്: 1928.
ഇന്ത്യയില്‍ വന്നത്: 1929.
നിത്യവ്രതവാഗ്ദാനം: 1937.
മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങിയത്: 1950.
നൊബേല്‍ പുരസ്‌കാരം(സമാധാനം): 1979.
നിര്യാണം: 1997 സെപ്റ്റംബര്‍ അഞ്ച്.
വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപനം:
2003 ഒക്ടോബര്‍ 19.
തിരുനാള്‍ദിനം: സെപ്റ്റംബര്‍ അഞ്ച്
ഭാരതത്തിന്റെ വിശുദ്ധര്‍
1. മാര്‍ത്തോമ്മാ ശ്‌ളീഹ (മരണം: എഡി 72,
മൈലാപ്പൂര്‍)
2. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ (15061552,
ജനനം: സ്‌പെയിന്‍, മരണം; ചൈന).
3. വിശുദ്ധ ഗോണ്‍സാലോ ഗാര്‍സിയ (15571597,
ജനനം: വസായ് (മുംബൈ),
മരണം: ജപ്പാനിലെ നാഗസാക്കി)
4. വിശുദ്ധ ജോണ്‍ ഡി ബ്രിട്ടോ (16471693,
ജനനം: പോര്‍ച്ചുഗല്‍, മരണം: തമിഴ്‌നാട്)
5. വിശുദ്ധ അല്‍ഫോന്‍സാമ്മ (19101946)
6. വിശുദ്ധ ചാവറ കുര്യാക്കോസ്
ഏലിയാസച്ചന്‍ (18051871)
7. വിശുദ്ധ എവുപ്രാസ്യമ്മ (18771952).
വിശുദ്ധ പദവിയിലേക്കു വഴിതുറന്ന് അദ്ഭുതങ്ങള്‍
കോല്‍ക്കത്ത: അഗതികളുടെ അമ്മ എന്ന പേരില്‍ ലോകത്തിന്റെ ആദരം നേടിയ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത് 2003ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. മദറിന്റെ മാധ്യസ്ഥ്യത്തിലുള്ള രണ്ടാമത്തെ അദ്ഭുതവും ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചതോടെയാണു വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള കടമ്പകള്‍ കടന്നത്. അര്‍ബുദം ബാധിച്ച ഇന്ത്യക്കാരിക്കു രോഗശാന്തി ലഭിച്ചതാണു മദറിന്റെ മാധ്യസ്ഥ്യത്തിലുള്ള ആദ്യ അദ്ഭുതം.
മദറിന്റെ മാധ്യസ്ഥ്യത്തിലുള്ള രണ്ടാമത്തെ അദ്ഭുതം സ്ഥിരീകരിച്ച വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റാലിയന്‍ കത്തോലിക്കാ പത്രമായ അവനീറില്‍ സ്‌റെഫാനിയ ഫലസ്‌കയാണ്. തലച്ചോറില്‍ ഗുരുതരമായി അര്‍ബുദം ബാധിച്ച ബ്രസീലുകാരനാണു മദറിന്റെ മധ്യസ്ഥതയില്‍ 2008ല്‍ രോഗശാന്തി ലഭിച്ചത്. ഇദ്ദേഹത്തെ പരിശോധിച്ച വത്തിക്കാന്‍ മെഡിക്കല്‍ സംഘം സെപ്റ്റംബര്‍ 10ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം അദ്ഭുതം സ്ഥിരീകരിച്ചു ഡിസംബര്‍ 15നു മാര്‍പാപ്പയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അവനീറിലെ റിപ്പോര്‍ട്ട് പ്രകാരം ബ്രസീലിലെ സാന്റോസ് രൂപതക്കാരനായ 35 വയസുള്ള എന്‍ജിനിയര്‍ക്കാണു മദര്‍ തെരേസയുടെ മാധ്യസ്ഥ്യത്തില്‍ രോഗശാന്തി ലഭിച്ചത്.
നേരത്തേ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ഇദ്ദേഹത്തിനു തലച്ചോറില്‍ ഗുരതരമായ അര്‍ബുദവും വെള്ളംകെട്ടലും ബാധിച്ചു. പരിശോധനയില്‍ തലച്ചോറില്‍ എട്ടു മുഴുകള്‍ കണ്െടത്തി.
ശസ്ത്രക്രിയ നടത്തിയാലും മരണം സംഭവിച്ചേക്കാമെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതോടെ, ഇദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ മാധ്യസ്ഥ്യത്തില്‍ പ്രാര്‍ഥിച്ചു.
ശസ്ത്രക്രിയാദിവസം സാങ്കേതിക കാരണങ്ങളാല്‍ ശസ്ത്രക്രിയ കുറച്ചുനേരത്തേക്കു നീട്ടിവച്ചു. 30 മിനിറ്റിനുശേഷം ശസ്ത്രക്രിയയ്ക്കായി ഡോക്ടര്‍ തിരികെയെത്തിയപ്പോള്‍, ഓപ്പറേഷന്‍ തിയറ്ററില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്നയാള്‍ എഴുന്നേറ്റിരിക്കുന്നതാണു കണ്ടത്. തന്നെ എന്തിനാണ് ഓപ്പറേഷന്‍ തിയറ്ററില്‍ കൊണ്ടുവന്നതെന്നും ഡോക്ടറോട് ഇദ്ദേഹം ചോദിച്ചു. പിന്നീടു നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കാര്യമായി ശാരീരിക കുഴപ്പങ്ങള്‍ കണ്െടത്താന്‍ സാധിച്ചില്ല.
ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിച്ചിരുന്ന സമയത്ത് ആശുപത്രി ചാപ്പലില്‍ രോഗിയുടെ ഭാര്യയും ബന്ധുക്കളും മദര്‍ തെരേസയുടെ മാധ്യസ്ഥ്യത്തില്‍ പ്രാര്‍ഥിക്കുകയായിരുന്നു.