അജപാലക പരിശീലനങ്ങളിൽ വിശ്വാസികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം: സീറോ മലബാർ സിനഡ്
കൊച്ചി: വിശ്വാസിസമൂഹത്തിന്റെ പങ്കാളിത്തത്തോടും പ്രോത്സാഹനത്തോടും കൂടി അജപാലക പരിശീലനങ്ങൾ കൂടുതൽ ഫലപ്രദമാക്കണമെന്നു സീറോ മലബാർ സഭ സിനഡ്. കാലികമായ സാമൂഹ്യ, സാംസ്കാരിക, സാന്പത്തിക പശ്ചാത്തലങ്ങൾ ശരിയായി വിലയിരുത്തി സെമിനാരികളിലെ പരിശീലനങ്ങൾ കാലാനുസൃതമാക്കണമെന്നും സിനഡ് ഓർമിപ്പിച്ചു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സിനഡിൽ സഭയിലെ മേജർ സെമിനാരികളെക്കുറിച്ചും വൈദിക പരിശീലനത്തെക്കുറിച്ചും നടന്ന ദീർഘമായ ചർച്ചകൾക്കുശേഷമാണു സിനഡിന്റെ നിരീക്ഷണം.
ഫ്രാൻസിസ് മാർപാപ്പയുടെ സഭാദർശനങ്ങൾ ഉൾക്കൊണ്ടാവണം അജപാലകരെ ഒരുക്കുന്ന സഭാസംവിധാനങ്ങളും ക്രമീകരിക്കപ്പെടേണ്ടത്. സെമിനാരി പരിശീലനത്തിൽ സഭാസമൂഹത്തിന് ഇടപെടാനുള്ള അവസരങ്ങൾ ഉണ്ടാവണം. വൈദികാർഥികളുടെ കുടുംബങ്ങൾ സെമിനാരി അധികാരികൾ സന്ദർശിക്കുന്നത് ഉചിതമാണ്. ഇവരുടെ മാതാപിതാക്കൾ, ഇടവക വികാരിമാർ, അല്മായ നേതാക്കൾ എന്നിവർക്കും പരിശീലനത്തിൽ സഹായിക്കാനും പ്രതീക്ഷകൾ പങ്കുവയ്ക്കാനും അവസരങ്ങൾ ഉണ്ടാകണം.
വർത്തമാനകാല യാഥാർഥ്യങ്ങളെ സുവിശേഷാനുസൃതം കാണാനും അവയോടു ക്രിയാത്മകമായി പ്രതികരിക്കാനും വൈദികാർഥികൾക്കു സാധിക്കേണ്ടതുണ്ട്. സഭയിലും സമൂഹത്തിലും നേതൃത്വം വഹിക്കുന്ന അജപാലകർ, മനുഷ്യത്വത്തോടെ പെരുമാറുന്നവരും സങ്കീർണമായ ജീവിത സാഹചര്യങ്ങളോടു സ്നേഹപൂർവം പ്രതികരിക്കുന്നവരുമാകണം. അജപാലകരുടെ ആഴമേറിയ പ്രാർഥനാജീവിതവും സുതാര്യതയുള്ള ജീവിതശൈലിയും സമൂഹത്തിനു മാതൃകയും ബോധ്യങ്ങളുമായി മാറേണ്ടതുണ്ട്. ഇതിനു കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാവണം.
അജപാലകരാകാൻ പരിശീലിക്കുന്നവർക്കു ലളിതമായ ജീവിത, സംസാര ശൈലികളും ഉദാത്തമായ മൂല്യങ്ങളോടു ചേർന്നുള്ള നിലപാടുകളുമാണ് ഉണ്ടാകേണ്ടത്. പൗരോഹിത്യം ജോലിയല്ല, വിളിയും സേവനവുമാണെന്നു സമൂഹത്തിനു ബോധ്യമാക്കുന്നതാവണം അജപാലകരുടെ സാക്ഷ്യജീവിതം. സെമിനാരി വിദ്യാർഥികൾക്കൊപ്പം സഹഗമനം നടത്താൻ സഭയൊന്നാകെ പരിശ്രമിക്കണമെന്നും സിനഡ് ഓർമിപ്പിച്ചു.
Source: deepika.com
Recent Posts