പ്രേഷിത ചൈതന്യം പകർന്നു മിഷൻ കോണ്‍ഗ്രസ് സമാപിച്ചു
കൊച്ചി: സഭയ്ക്കു നവീനമായ പ്രേഷിത ചൈതന്യം പകർന്നു ഫിയാത്ത് മിഷന്റെ മൂന്നാമതു ജിജിഎം മിഷൻ കോണ്‍ഗ്രസിനു സമാപനം. ഇന്നലെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിലുള്ള ദിവ്യബലിയോടെയാണു മിഷൻ കോണ്‍ഗ്രസിനു സമാപനമായത്.
ആർച്ച്ബിഷപ് ഡോ. തോമസ് മേനാംപറന്പിൽ, ബിഷപ്പുമാരായ ഡോ. ഫെലിക്സ് ലിയാൻ ഖെൻ താങ്, ഡോ. ചാക്കോ തോട്ടുമാരിക്കൽ, ഡോ. ജോണ്‍ തോമസ് കതൃക്കുടിയിൽ, ഡോ. വിക്ടർ ലിംങ്ദോ തുടങ്ങിയവർ സഹകാർമികരായി.
സമാപന ദിനത്തിലും മിഷൻ എക്സിബിഷൻ സന്ദർശിക്കാൻ നിരവധി പേരെത്തി. ആഫ്രിക്കൻ മിഷനെക്കുറിച്ച് അറിവു പകർന്ന് എത്യോപ്യയിൽ നിന്നുള്ള മിഷനറിമാർ ഒരുക്കിയ സ്റ്റാൾ ശ്രദ്ധേയമായി. മിഷൻ ധ്യാനം, വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും സംഗമങ്ങൾ, വിവിധ വിഷയങ്ങളിൽ സിംപോസിയങ്ങൾ എന്നിവയും നെടുന്പാശേരി സിയാൽ ഗോൾഫ് കോഴ്സ് സെന്ററിൽ നടന്ന മിഷൻ കോണ്‍ഗ്രസിൽ ഉണ്ടായിരുന്നു.
നാലാമത് അന്തർദേശീയ മിഷൻ കോണ്‍ഗ്രസ് 2020 ഏപ്രിൽ 22 മുതൽ 26 വരെ അങ്കമാലി ക്രൈസ്റ്റ് നഗറിൽ നടക്കുമെന്നു മിഷൻ കോണ്‍ഗ്രസ് ചെയർമാൻ ബിഷപ് മാർ റാഫേൽ തട്ടിൽ അറിയിച്ചു.
Source: deepika.com
Recent Posts