സീറോമലബാർ രൂപത വാർഷികവും ബൈബിൾ കണ്‍വൻഷനും പെർത്തിൽ
പെർത്ത്: ഓസ്ട്രേലിയയിലെ സീറോമലബാർ രൂപതയുടെ മൂന്നാമത് വാർഷികാഘോഷവും ബൈബിൾ കണ്‍വൻഷനും (കൃപാഭിഷേകം 2017) സെപ്റ്റംബർ 23 മുതൽ 25 വരെ പെർത്തിൽ സംഘടിപ്പിക്കും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഒരുപോലെ പ്രശസ്തനായ സുവിശേഷപ്രഘോഷകനും അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ഡൊമിനിക് വളാൻമനാലാണ് കണ്വൻഷൻ നയിക്കുന്നത്.
പെർത്ത് മിഡിൽസ്വാനിലെ ലസാലെ കോളജ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 23 ന്
ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന ബൈബിൾ കണ്‍വെൻഷനിൽ ഓസ്ട്രേലിയയിലെ സീറോമലബാർ ബിഷപ് മാർ ബോസ്കോ പുത്തൂർ പങ്കെടുക്കും. തുടർന്ന് രാത്രി 9 വരെ കണ്വൻഷൻ ശുശ്രൂഷകൾ നടക്കും. 24, 25 തീയതികളിലും ഉച്ചകഴിഞ്ഞ് 2.30 മുതൽ രാത്രി 9 വരെയാണ് കണ്വൻഷൻ സമയം.
സമാപനദിവസമായ 25ന് ഉച്ചകഴിഞ്ഞ് 3.30 ന് രൂപതയുടെ മൂന്നാം വാർഷികത്തേത്തുടർന്നുള്ള പൊതുസമ്മേളനം നടക്കും. പെർത്ത് ആർച്ച് ബിഷപ് തിമോത്തി കോസ്റ്റെലോ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ ഓസ്ട്രേലിയയിലെ മതരാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ ആശംസകൾ അർപ്പിക്കും. രൂപത വാർഷികാഘോഷങ്ങളിലും ബൈബിൾ കണ്‍വെൻഷനിലും പങ്കെടുത്ത് അനുഗ്രഹം
പ്രാപിക്കാനായി ഓസ്ട്രേലിയയിലെ മുഴുവൻ ക്രൈസ്തവ വിശ്വാസികളേയും ബിഷപ് ബോസ്കോ പുത്തൂർ ആഹ്വാനം ചെയ്തു.
ബൈബിൾ കണ്‍വെൻഷന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം കമ്മിറ്റി
പ്രവർത്തനമാരംഭിച്ചു. രൂപത വികാരി ജനറൽ ഫാ. ഫ്രാൻസീസ് കോലഞ്ചേരിയുടെ
നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പെർത്തിൽ പ്രത്യേക യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തി. ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി വൈദികരുൾപ്പെടെ രണ്ടായിരത്തിലധികം വിശ്വാസികൾ കണ്‍വൻഷനിൽ പങ്കെടുക്കുമെന്ന് ഫാ. ഫ്രാൻസീസ് കോലഞ്ചേരി അറിയിച്ചു.
പ്രോഗ്രാമിന്റെ ജനറൽ കണ്‍വീനറായി പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക വികാരി ഫാ. അനീഷ് പൊന്നെടുത്തകല്ലേൽ വിസി. പ്രവർത്തിക്കുന്നു. കണ്‍വീനർ സോജി ആന്റണി, ജോയിന്റ് കണ്‍വീനർ പോളി ജോർജ്, ബിനോ പോളാശേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.
അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കായി പെർത്ത് വിമാനത്താവളത്തിൽ പ്രത്യേക വാഹനസൗകര്യം ഏർപ്പെടുത്തുമെന്ന് ഫാ. അനീഷ് അറിയിച്ചു. ഇതിന് പുറമേ സൗജന്യ താമസ സൗകര്യം ഏർപ്പെടുത്തും. ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി smcconventionperth@gmail.com എന്ന മെയിലിൽ ബന്ധപ്പെടണം.