അല്‍ഫോന്‍സാമ്മ സമയത്തിനു വിലകൊടുത്തവള്‍: മാര്‍ ബോസ്കോ പുത്തൂര്‍
ഭരണങ്ങാനം: ഏതൊരാള്‍ക്കും ജീവിതത്തിലെ വിലപ്പെട്ട സമ്പത്തായി ദൈവം അനുവദിച്ചുതന്നിരിക്കുന്നതു സമയമാണെന്നും ദൈവം തന്ന ഈ ദാനം വേണ്ടവിധം മനസിലാക്കുകയും ബോധപൂര്‍വം വിനിയോഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജീവിതത്തില്‍ വിജയം വരിക്കുന്നതെന്നും മാര്‍ ബോസ്കോ പുത്തൂര്‍. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്ര ദേവാലയത്തില്‍ ദശസംഗമം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കുകയായിരുന്നു ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍.
വിശുദ്ധ അല്‍ഫോന്‍സാമ്മ ചുരുങ്ങിയ കാലമേ ലോകത്തില്‍ ജീവിച്ചിരുന്നുള്ളൂ, വെറും മുപ്പത്തിയാറുവര്‍ഷം. എന്നാല്‍, അതു തന്റെ ജീവിതത്തില്‍ ദൈവതിരുമനസ് നിറവേറ്റാനുള്ള സമയമാണെന്ന് അല്‍ഫോന്‍സാമ്മ തിരിച്ചറിഞ്ഞു. തനിക്കു കിട്ടിയ സമയം മുഴുവന്‍ ദൈവത്തെ സ്നേഹിച്ചു. പരാതി പറഞ്ഞില്ല. പരിഭവം ഇല്ലാതെ കിട്ടിയ അവസരങ്ങളെ പരോപകാരപ്രദമായി പ്രയോജനപ്പെടുത്തി. അതിനാല്‍ ദൈവം അവളുടെ വിശുദ്ധിയെ അംഗീകരിച്ചു-മാര്‍ ബോസ്കോ പുത്തൂര്‍ കൂട്ടിച്ചേര്‍ത്തു.
അല്‍ഫോന്‍സാമ്മയുടെ ജീവിതത്തോടു ബന്ധപ്പെട്ട ദിവസങ്ങളെ കണക്കിലെടുത്തു തീര്‍ഥാടനകേന്ദ്രത്തില്‍ പുതുവര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ലക്ഷ്യംവച്ചുള്ള ദശസംഗമം മാര്‍ ബോസ്കോ പുത്തൂര്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ഓസ്ട്രേലിയയിലെ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലാണെന്നു മാര്‍ ബോസ്കോ പുത്തൂര്‍ പറഞ്ഞു.