മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ് കമ്മ്യുണിറ്റിയ്ക്ക് സ്വപ്ന സക്ഷാത്ക്കാരം

 In News, Press releases

മെല്‍ബണ്‍: മെല്‍ബണ്‍ രൂപതയുടെ സൗത്ത് ഈസ്റ്റില്‍ വിശ്വാസികളുടെ സഹകരണത്തോടെ ആദ്യത്തെ സീറോ മലബാര്‍ പള്ളിയെന്ന സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു.

മെല്‍ബണിലെ സൗത്ത് ഈസ്റ്റിലാണു മലയാളി കുടുംബങ്ങള്‍ ഏറ്റവും കൂടുതലുള്ളത്. 600 കുടുംബങ്ങളാണ് സീറോ മലബാര്‍ സഭയില്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡാന്‍ഡിനോംഗ്-ഫ്രാങ്ക് സ്റ്റണ്‍ റോഡിലെ ഏഴ് ഏക്കര്‍ വരുന്ന വില്ലാ ആന്‍ഡ്രിയ ഫംഗ്ഷന്‍ സെന്ററാണ് 4.7 മില്യണ്‍ ഡോളറിനു സഭാ വിശ്വാസികള്‍ സ്വന്തമാക്കിയത്. രണ്ടു കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഫംഗ്ഷന്‍ സെന്ററില്‍ 250 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ചെറിയ ഹാളും രണ്ടായിരം പേര്‍ക്ക് ആരാധന നടത്താവുന്ന വലിയ ഓഡിറ്റോറിയവും ഇതില്‍ ഉള്‍പ്പെടും.

1.3 മില്യണ്‍ ഡോളറിന്റെ പുനരുദ്ധാരണ പദ്ധതിയും കൂട്ടി ആറു മില്യണ്‍ ഡോളറാണ് മൊത്തത്തില്‍ ചെലവു പ്രതീക്ഷിക്കുന്നത്. 120ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.

ഗ്ലാഡ് കോക്‌സ് റോഡിന്റെ സൈഡിലായും ഡിംഗ്‌ളി ബൈപ്പാസിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സൗത്ത് ഈസ്റ്റ് വിശ്വാസികളുടെ കരുത്തിന്റെ ശബ്ദമാണെന്ന് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ അഭിപ്രായപ്പെട്ടു. പ്രവാസിസമൂഹത്തിലെ മലയാളി കൂട്ടായ്മയുടെയും സീറോ മലബാര്‍ സഭയുടെയും ഓസ്‌ട്രേലിയയിലെ ആദ്യത്തെ പള്ളിയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മുഴുവന്‍ വിശ്വാസികളേയും വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അഭിനന്ദിച്ചു.

Report: Jose M. George

Recent Posts