പതിവിൽ മാറ്റം വരുത്താതെ പാപ്പ; ഇത്തവണയും പെസഹാ ദിനത്തിൽ പാപ്പ ജയിലിൽ കാലുകഴുകൾ ശുശ്രൂഷ നടത്തും

 In News

വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ അന്ത്യത്താഴ വിരുന്നിനെ അനുസ്മരിക്കുന്ന പെസഹാ തിരുക്കർമങ്ങൾക്കായി ഫ്രാൻസിസ് പാപ്പ ഇത്തവണയും തിരഞ്ഞെടുത്തത് ജയിൽതന്നെ. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിലും പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം പെസഹാ തിരുക്കർമങ്ങളിൽ താൻ പിന്തുടരുന്ന പതിവ് തുടരാൻ തന്നെയാണ് പാപ്പയുടെ തീരുമാനം. പാപ്പ ആശുപത്രി മോചിതനായ ഉടൻതന്നെ വത്തിക്കാൻ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.

റോമാ നഗരത്തിന്റെ ഒരു വിളിപ്പാടകലെയുള്ള കാസൽ ഡെൽ മർമോ ജുവനൈൽ ജയിലാണ് ഇത്തവണത്തെ പെസഹാ (ഏപ്രിൽ ആറ്) തിരുക്കർമങ്ങൾക്കായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. 2013ൽ പാപ്പയായ ശേഷമുള്ള ആദ്യത്തെ പെസഹാ ശുശ്രൂഷയ്ക്കായി പാപ്പ തിരഞ്ഞെടുത്തതും ഇതേ ജയിൽതന്നെയായിരുന്നു. തടവുകാർ, ജയിൽ സ്റ്റാഫ്, പൊലീസ് അധികാരികൾ എന്നിവരുമായി കൂടിക്കാഴ്ചയും ക്രമീകരിച്ചിട്ടുണ്ട്.

ദൈവാലയങ്ങളിൽ എത്തിപ്പെടാൻ കഴിയാത്തവർക്കൊപ്പം പെസഹാ ദിനത്തിൽ ദിവ്യബലിയർപ്പിച്ച് പ്രാർത്ഥിക്കുക എന്നത് പാപ്പ തുടരുന്ന പതിവാണ്. 2014ൽ പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്ന ശാരീരിക വൈകല്യം മൂലം കഷ്ടപ്പെടുന്നവരുടെ പാദങ്ങളാണ് അദ്ദേഹം കഴുകിയത്. 2015ൽ റോമിലെ റെബിബിയ ജയിലിൽ ക്രമീകരിച്ച പാദക്ഷാളന കർമത്തിൽ സഭയുടെ ചരിത്രത്തിൽ ആദ്യമായി സ്ത്രീകളെയും പാപ്പ ഉൾപ്പെടുത്തി. 2016ൽ പാപ്പ അഭയാർത്ഥികളുടെ കാലുകൾ കഴുകിയെങ്കിൽ, 2017ൽ പാലിയാനോയിലെ ജയിലിൽ കഴിയുന്നവരുടെ പാദങ്ങളാണ് കഴുകിയത്.

2018ൽ റോമിലെ റെജീന ചേർലി ജയിലിലും 2019ൽ ‘വെള്ളേട്രി’ ജയിലിലുമായിരുന്നു പാപ്പയുടെ പെസഹാ തിരുക്കർമങ്ങൾ. കൊറോണാ മഹാമാരിയെ തുടർന്നുള്ള നിയന്ത്രണങ്ങൾമൂലം 2020ലും 2021ലും ഇത് ഒഴിവാക്കുകയായിരുന്നു. റോമാ നഗരത്തിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള സിവിറ്റാവെച്ചിനായിലെ ജയിലിലെ 12 അന്തേവാസികളുടെ പാദങ്ങളാണ് കഴിഞ്ഞ വർഷം പാപ്പ കഴുകി ചുംബിച്ചത്.

Recent Posts