ഫാ. അഗസ്റ്റിന്‍ മഠത്തിക്കുന്നേല്‍ കണ്ഠ്വ രൂപതയുടെ മെത്രാന്‍

 In News

ഭോപ്പാല്‍: രൂപതയിലെ കൂളിവയല്‍ ഇടവകാംഗവും ഇപ്പോള്‍ കണ്ഠ്വ (Khandwa) രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററുമായ ഫാ. അഗസ്റ്റിന്‍ മഠത്തിക്കുന്നേലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ കണ്ഠ്വ രൂപതയുടെ മെത്രാനായി നിയമിച്ചു.

ഉത്തര്‍പ്രദേശിലെ ഭോപ്പാല്‍ അതിരൂപതയിലാണ് കണ്ഠ്വ രൂപത സ്ഥിതി ചെയ്യുന്നത്. കണ്ഠ്വ രൂപതയുടെ മെത്രാനായിരുന്ന ബിഷപ് സെബാസ്റ്റ്യന്‍ ദുരൈരാജിനെ 2021 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഭോപ്പാല്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിച്ചതിനെത്തുടര്‍ന്ന് കണ്ഠ്വ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഫാ. അഗസ്റ്റിന്‍ മഠത്തിക്കുന്നേല്‍.

1963 ജൂലൈ 9 ന് മാനന്തവാടി രൂപതയിലെ കൂളിവയല്‍ ഇടവകയിലാണ് ഇദ്ദേഹം ജനിച്ചത്. നാഗ്പൂര്‍ മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്ര, ദൈവശാസ്ത്രപഠനത്തിന് ശേഷം 1994 ഏപ്രില്‍ 18ന് കണ്ഠ്വ രൂപതക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ചു.

1994-96 കാലയളവില്‍ സിര്‍പൂരില്‍ അസിസ്റ്റന്റ് വികാരിയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം രൂപതാ മെത്രാന്റെ സെക്രട്ടറിയായി സേവനം ചെയ്ത ശേഷം 1997-99 കാലയളവില്‍ റോമിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി.

തുടര്‍ന്ന് ഒരു വര്‍ഷം കൂടി രൂപതാമെത്രാന്റെ സെക്രട്ടറിയായി സേവനം ചെയ്ത ശേഷം 2000-2010 കാലയളവില്‍ സെന്റ് പയസ് സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്ററായും സെന്റ് പയസ് സെമിനാരിയുടെ റെക്ടറായും സേവനം ചെയ്തു. 2010 മുതല്‍ 2018 വരെ രൂപതയുടെ ബര്‍സാറും രൂപതാ മെത്രാന്റെ സെക്രട്ടറിയുമായിരുന്നു. 2018-2021 കാലയളവില്‍ സെന്റ് ആന്‍ ഇടവകയുടെ വികാരിയായി സേവനം ചെയ്യുമ്പോഴാണ് രൂപതാ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെടുന്നത്.

ഫാ. അഗസ്റ്റിന്‍ മഠത്തിക്കുന്നേലിന്റെ പുതിയ ദൈവികനിയോഗത്തില്‍ മാനന്തവാടി രൂപതാകുടുംബം ദൈവത്തിന് നന്ദിപറയുകയും അഭിനന്ദനങ്ങള്‍ നേരുകയും അദ്ദേഹത്തിന്റെ മേല്‍പ്പട്ടശുശ്രൂഷയില്‍ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം അറിയിച്ചു.

Recent Posts