ബൈബിള്‍ വിജ്ഞാന മത്സരം 2015 സംഘടിപ്പിച്ചു

 In Events, News, Press releases

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ് ഇടവകയുടെ ന്യൂസ് ബുള്ളറ്റിന്‍ ‘മാര്‍ തോമാ ശബ്ദം’ പ്രസിദ്ധീകരണത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ബൈബിള്‍ വിജ്ഞാന മത്സരം 2015’ സമാപിച്ചു.

ഡിസംബര്‍ ആറിന് (ഞായര്‍) നടന്ന മത്സരത്തില്‍ ഇടവകയിലെ 15 കുടുംബ കൂട്ടായ്മകളില്‍നിന്നായി 45 അംഗങ്ങള്‍ പങ്കെടുത്തു. ഇടവക വികാരിയും മാര്‍തോമാ ശബ്ദത്തിന്റെ ചീഫ് എഡിറ്ററുമായ ഫാ. ഏബ്രഹാം കുന്നത്തോളി മത്സരം ഉദ്ഘാടനം ചെയ്തു. വചനം ആഴത്തില്‍ പഠിക്കുന്നതിനും വചനാധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനും കുടുംബ കൂട്ടായ്മകളുടെ വളര്‍ച്ചയ്ക്കും ബൈബിള്‍ വിജ്ഞാന മത്സരങ്ങള്‍ ഏറെ സഹായിക്കുമെന്നു ഫാ. ഏബ്രഹാം അഭിപ്രായപ്പെട്ടു.

വിശുദ്ധ മത്തായിയുടെ സുവിശേഷം ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണു മത്സരത്തില്‍ പ്രധാനമായും ഉള്‍കൊള്ളിച്ചിരുന്നത്. ഡീക്കന്‍ ബൈജു തോമസ് ബൈബിള്‍ വിജ്ഞാന മത്സരത്തിനു നേതൃത്വം നല്കി.

മത്സരത്തില്‍ ലിന്‍ഹേര്‍സ്റ്റ് കുടുംബ കൂട്ടായ്മ ഒന്നാംസ്ഥാനവും ബെറിക്, ലാംഗ്‌വാരന്‍ കുടുംബ കൂട്ടായ്മകള്‍ രണ്ടാം സ്ഥാനവും മാല്‍വേണ്‍ കുടുംബ കൂട്ടായ്മ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികളും വ്യക്തിഗത സമ്മാനങ്ങളും ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്യും.

മത്സരത്തില്‍ പങ്കെടുത്തവരെയും മത്സരം സംഘടിപ്പിക്കാന്‍ നേതൃത്വം നല്കിയവരെയും വികാരി ഫാ. ഏബ്രഹാം കുന്നത്തോളി അഭിനന്ദിച്ചു. ഡീക്കന്‍ ബൈജു തോമസിന്റെ സമാപന പ്രാര്‍ഥനയോടെ ബൈബിള്‍ വിജ്ഞാന മത്സരം അവസാനിച്ചു.

Recent Posts