മെൽബണ്‍ സീറോ മലബാർ രൂപത പാസ്റ്ററൽ കൗണ്‍സിൽ സമാപിച്ചു
മെൽബണ്‍: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ആറാമത് പാസ്റ്ററൽ കൗണ്‍സിൽ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി മെൽബണിൽ വച്ചു നടന്ന കൗണ്‍സിലിൽ രൂപതയിൽ സേവനം ചെയ്യുന്ന 25 വൈദികരും രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷൻ സെന്ററുകളിൽ നിന്നുമായി 60 അംഗങ്ങളും പങ്കെടുത്തു. രൂപതാധ്യക്ഷൻ അഭി. ബോസ്കോ പുത്തൂർ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ കൗണ്‍സിലിന് ആരംഭം കുറിച്ചു.
രൂപതയുടെ വളർച്ചക്ക് ആവശ്യമായ കർമ്മപരിപാടികൾക്ക് രൂപം നൽകാൻ പ്രഥമ പരിഗണന കൊടുത്തിരിക്കുന്ന കൗണ്‍സിലിലെ ചർച്ചകളിൽ എല്ലാവരും ആത്മാർത്ഥമായി പങ്കെടുക്കണമെന്ന് പിതാവ് ആമുഖ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ഓസ്ട്രേലിയൻ ബിഷപ്സ് കോണ്‍ഫറൻസ് ആരംഭിച്ചിരിçന്ന പ്ലീനറി കൗണ്‍സിൽ ഫെസിലിറ്റേറ്റർ ലാന ടർവി കോളിൻസ് മുഖ്യപ്രഭാഷണം നടത്തി. ഓസ്ട്രേലിയയിലെ വിശ്വാസ സമൂഹത്തിൽ നിന്ന് സഭയുടെ ഭാവിപ്രവർത്തനങ്ങൾ ഫലദായകമാക്കുവാനായി സ്വരൂപിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ പ്ലീനറി കൗണ്‍സിൽ ചർച്ച ചെയ്യാനിരിക്കുന്ന പ്രതിപാദ്യവിഷയങ്ങളെക്കുറിച്ച് ലാന വിശദീകരിച്ചു. ഒരു മിഷനറി സഭയായ സീറോ മലബാർ സഭക്ക് ഓസ്ട്രേലിയായുടെ സുവിശേഷവൽക്കരണത്തിന് നിർണായകമായ സംഭാവനകൾ നല്കാൻ സാധിക്കുമെന്ന് ലാന പ്രത്യാശ പ്രകടിപ്പിച്ചു.
പാസ്റ്ററൽ കൗണ്‍സിലിന്റെ 2018-19ലെ റിപ്പോർട്ട് പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജീൻ തലാപ്പള്ളിൽ അവതരിപ്പിച്ചു. ഓസ്ട്രേലിയായിലെ സീറോ മലബാർ സഭയുടെ വളർച്ചയെക്കുറിച്ച് യൂത്ത് അപ്പസ്റ്റൊലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ അവതരിപ്പിച്ച റിപ്പോർട്ട്, രൂപതാ സ്ഥാപനം മുതൽ കഴിഞ്ഞ അഞ്ചു വർഷക്കാലം രൂപത കൈവരിച്ച നേട്ടങ്ങളെ കുറിച്ചുള്ള വിശദമായ ഒരു അവലോകനമായിരുന്നു. ഓസ്ട്രേലിയായിലെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി കുടിയേറി പാർത്തിരിക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിച്ച് കൂട്ടി 12 ഇടവകകളും 48 മിഷൻ സെന്ററുകളുമായി ഓസ്ട്രേലിയായുടെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാൻ മെൽബണ്‍ സീറോ മലബാർ രൂപതക്ക് സാധിച്ചു.
രൂപതയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ റിപ്പോർട്ടുകൾ മതബോധന വിഭാഗം ഡയറക്ടർ ഫാ. മാതണ്ട അരീപ്ലാക്കൽ, ഫാമിലി അപ്പൊസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോർജ് മങ്കൂഴിക്കരി, ബൈബിൾ അപ്പൊസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഫ്രെഡി ഇലവുത്തിങ്കൽ, എസ്എംവൈഎം നാഷണൽ കോർഡിനേറ്റർ ജെസ്റ്റിൻ സി. ടോം , കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോണിക്കുട്ടി തോമസ് എന്നിവർ അവതരിപ്പിച്ചു.
മെൽബണ്‍ സീറോ മലബാർ രൂപതയുടെ അടുത്ത അഞ്ചു വർഷത്തേക്കുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി കൗണ്‍സിലിൽ വിശദമായ ചർച്ചകൾ നടത്തി. രൂപതയുടെ പാസ്റ്ററൽ മുൻഗണനാ വിഷയങ്ങളായി പാരീഷ് ലീഡർഷിപ്പ്, ഫോർമേഷൻ ആൻഡ് ട്രെയിനിംഗ്, ലിറ്റർജി, ഫെയ്ത്ത് ഫോർമേഷൻ, മിഷനറി ഫാമിലീസ്, സേഫർ ചർച്ചസ്, സോഷ്യൽ സർവീസ് എന്നിവ തിരഞ്ഞെടുക്കുകയും ഓരോ മേഖലയിലും നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള രൂപരേഖകൾ തയാറാക്കി, വിശ്വാസ സമൂഹത്തിന്റെ അഭിപ്രായങ്ങൾക്കായി അയച്ചുകൊടുക്കാനും തീരുമാനിച്ചു. സഭാവിശ്വാസികളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉൾപ്പെടുത്തി 2020-24 വർഷങ്ങളിലേക്കുള്ള രൂപതാ മാസ്റ്റർ പ്ലാൻ ദനഹാത്തിരുന്നാൾ ദിനമായ 2020 ജനുവരി ആറിന് പ്രസിദ്ധപ്പെടുത്താനും കൗണ്‍സിലിൽ തീരുമാനമെടുത്തു.
രൂപതയുടെ 2018-19 വർഷത്തെ വാർഷിക ഫിനാൻഷ്യൽ റിപ്പോർട്ട് രൂപത അക്കൗണ്ടന്റ് ആന്റണി ജോസഫ് അവതരിപ്പിച്ചു. 2019-2022 കാലയളവിലേക്കുള്ള പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിയായി ജോബി ഫിലിപ്പിനെയും(മെൽബണ്‍), രൂപത എക്സിക്യൂട്ടീവ് കമ്മറ്റി പ്രതിനിധികളായി ജോണ്‍ ജോസഫ്(പെർത്ത്), റെയ്മോൾ വിജി പാറയ്ക്കൽ(സിഡ്നി) എന്നിവരെയും അജണ്ടാ കമ്മറ്റി പ്രതിനിധികളായി നിധീഷ് ഫ്രാൻസിസ്(വാഗവാഗ), പ്രവീണ്‍ വിന്നി (വോളഗോംഗ്) എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ വിഷയാവതരണങ്ങൾക്കും ചർച്ചകൾക്കും രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ, വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. മാതണ്ട കൊച്ചുപുരയ്ക്കൽ, രൂപതാ പ്രൊഫഷണൽ സ്റ്റാൻഡേർഡ് ഡയറക്ടർ ലിസി ട്രീസ, സേഫ് ഗാർഡിംഗ് കോർഡിനേറ്റർ ബെന്നി സെബാസ്റ്റ്യൻ, യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, എസ്എംവൈഎം പ്രതിനിധികളായ ജെസ്റ്റിൻ സി. ടോം, ജോവാൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ആറുവർഷക്കാലം രൂപതയുടെ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിയായി സ്തുത്യർഹ സേവനമനുഷ്ഠിച്ച ജീൻ തലാപ്പള്ളിയെ അഭി. ബോസ്കോ പുത്തൂർ പിതാവ് ആദരിച്ചു. ഓസ്ട്രേലിയായിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയവും സാമുദായികവുമായ വളർച്ചക്ക് ഉപകരിക്കുന്ന പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന് എല്ലാവിധ സഹകരണങ്ങളും പാസ്റ്ററൽ കൗണ്‍സിൽ പ്രതിനിധികൾ വാഗ്ദാനം ചെയ്തു.