യുദ്ധഭൂമിയിൽ ദൈവവിശ്വാസം വളരുന്നു, കൂദാശകൾ ആദ്യമായി സ്വീകരിക്കാനെത്തുന്നതും നിരവധി പേർ; അസാധാരണ അനുഭവങ്ങൾ സാക്ഷിച്ച് യുക്രൈൻ വൈദീകൻ

 In News

വത്തിക്കാൻ സിറ്റി: ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം ദിനംപ്രതി മുറുകുമ്പോഴും ഏക ആശ്രയമായ ദൈവത്തെ മുറുകെപ്പിടിച്ച് യുദ്ധഭൂമിയിലെ ജനത ജീവിതം നയിക്കുകയാണെന്ന് യുക്രേനിയൻ മിഷണറിയായ ഫാ. പൗളോ വൈഷ്‌കോവ്സ്‌കി. യുദ്ധംമൂലം ഉടലെടുത്ത അരക്ഷിതാവസ്ഥയിൽ ദൈവവിശ്വാസത്തിലേക്ക് അനേകർ കടന്നുവരുന്ന അസാധാരണ സംഭവങ്ങളും ‘വത്തിക്കാൻ ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സാക്ഷിച്ചു.

‘അവിശ്വാസികളായിരുന്ന പലരും ഇപ്പോൾ ദൈവത്തെ അന്വേഷിക്കുന്നവരായി മാറി. അവർ തങ്ങളെ സമീപിച്ച് ആദ്യമായി കൂദാശകൾ സ്വീകരിക്കുകയും ചെയ്യുന്നു,’ കീവിലെ വിശുദ്ധ നിക്കോളാസ് ദൈവാലയ വികാരിയും ഒ.എം.ഐ (ദ മിഷണറി ഒബ്‌ളേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സഭാംഗവുമായ ഫാ. പൗളോ വെളിപ്പെടുത്തി. ജീവിതം തലകീഴായി മറിഞ്ഞ യുക്രൈനിൽ, ജീവിതത്തിന്റെ അവസാന ദിനമാണെന്ന ചിന്തയിലാണ് ജനം ഓരോ ദിനവും കഴിച്ചുകൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളെ ഭരമേൽപ്പിച്ച വിശ്വാസീഗണത്തെ യുദ്ധഭൂമിയിൽ ഉപേക്ഷിച്ച് പലായനം ചെയ്യില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച അദ്ദേഹം, സഹോദര വൈദീകരുടെ പങ്കാളിത്തത്തോടെ കീവിലും സമീപ ദേശങ്ങളിലുമുള്ള വിശ്വാസികൾക്ക് ദൈവാലയ തിരുക്കർമങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലഭ്യമാക്കാനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇടവകാംഗങ്ങൾ രാജ്യത്തെ സംരക്ഷിക്കുന്നതിനായുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ആരംഭിക്കുംമുമ്പ് വിശുദ്ധ കുർബാന സ്വീകരിക്കാനെത്തുന്ന കാര്യവും ‘വത്തിക്കാൻ ന്യൂസി’നോട് അദ്ദേഹം പങ്കുവെച്ചു.

ഭക്ഷണം ഉൾപ്പെടെയുള്ള ആടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കുന്നതിലും പലായനം ചെയ്യുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നയിക്കുന്നതിലും ഫാ. പൗളോ വ്യാപൃതനാണ്. ‘യുദ്ധം ആരംഭിച്ചതു മുതൽ ഭക്ഷണ ദൗർലഭ്യം രൂക്ഷമായിരുന്നു. എന്നാൽ അടുത്തിടെ, വിദേശത്തുനിന്ന് ഉൾപ്പെടെ കുറച്ച് ഭക്ഷണസാധനങ്ങൾ എത്തിയിട്ടുണ്ട്. അത് ജനങ്ങൾക്ക് വിതരണം ചെയ്യുകയാണ്. മറ്റുള്ളവരെ സഹായിക്കാൻ ഇടവകാംഗങ്ങളിൽ ചിലർ തങ്ങളുടെ തുച്ഛമായ ലഭ്യതയിൽ നിന്നുപോലും പങ്കുവെക്കുന്നതിനെ കുറിച്ച് പറയാതിരിക്കാനാവില്ല.’

10 സന്യാസ ഭവനങ്ങളിലായി 30 ഒബ്‌ളേറ്റ് മിഷനറിമാരാണ് യുക്രൈനിൽ സേവനം ചെയ്യുന്നത്. ‘ചെർണിഹിവ്, ചെർണോബിലിന് സമീപമുള്ള നഗരങ്ങൾ, റഷ്യൻ സൈന്യം പിടിച്ചെടുത്ത മരിയുപോൾ എന്നിവിടങ്ങളിലെല്ലാം അവശേഷിക്കുന്നവർക്കായി മിഷനറി വൈദികർ സേവനം തുടരും. ‘ഞങ്ങൾക്കുവേണ്ടി നിങ്ങൾ ഓരോരുത്തരും പ്രാർത്ഥിക്കണം. ഞങ്ങളുടെ രാജ്യത്ത് സമാധാനം കെട്ടിപ്പടുക്കാൻ നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും അനിവാര്യമാണ്,’ അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെട്ടു.

Sunday Shalom

Recent Posts