റോമിലെ ബസിലിക്കയ്ക്ക് ഇനി മലയാളി റെക്ടർ; നിയമനം പ്രഖ്യാപിച്ചത് റോം വികാരി ജനറൽ

 In News

വത്തിക്കാൻ സിറ്റി: റോമിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയവും അജപാലനപരവുമായ ആവശ്യങ്ങൾക്കായി ഫ്രാൻസിസ് പാപ്പ കൈമാറിയ സാന്താ അനസ്താസിയ മൈനർ ബസിലിക്കാ റെക്ടറായി തൃശൂർ അതിരൂപതാംഗം ഫാ. ബാബു പാണാട്ടുപറമ്പിൽ നിയമിതനായി. റോം രൂപതയുടെ അതിർത്തിയിൽ താമസിക്കുന്ന സീറോ മലബാർ സഭാംഗങ്ങളുടെ ചാപ്ലൈനുമായിരിക്കും ഇദ്ദേഹം. പാപ്പ അധ്യക്ഷനായുള്ള റോം രൂപതയുടെ (റോം രൂപതയുടെ ബിഷപ്പുകൂടിയാണ് അതതുകാലത്തെ പാപ്പമാർ) വികാരി ജനറൽ കർദിനാൾ ആഞ്ചലോ ദെ ദൊണാത്തിസാണ് നിയമനം നടത്തിയത്.

തൃശൂർ അതിരൂപത പുതുക്കാട് പാണാട്ടുപറമ്പിൽ വറീത്- ത്രേസ്യാമ്മ ദമ്പതകളുടെ മകനാണ്. 1981ൽ അതിരൂപതാ മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. മാർ ജോസഫ് കുണ്ടുകുളത്തിലിൽനിന്ന് 1990ൽ തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹത്തെ ഏഴു വർഷത്തെ സേവനത്തിനുശേഷം റോമിലേയ്ക്ക് ഉപരിപഠനത്തിനയച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് 2004ൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇംഗ്ലീഷിനു പുറമേ ഇറ്റാലിയൻ, ജർമൻ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഫാ. ബാബു പാണാട്ടുപറമ്പിൽ അറിയപ്പെടുന്ന പ്രഭാഷകനുമാണ്.

അതിരൂപതയിലെ വിവിധ പ്രവർത്തന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം യുവജന ഡയറക്ടർ, മേരിമാതാ മേജർ സെമിനാരി റെക്ടർ, അതിരൂപതാ നോട്ടറി, പ്രമോട്ടർ ഓഫ് ജസ്റ്റിസ്, അതിരൂപതാ ആലോചനാ സമിതി അംഗം എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. അരണാട്ടുകര ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിക്കവേയാണ് റോമിലെ സീറോ മലബാർ സഭാംഗങ്ങളുടെ അജപാലന ശുശ്രൂഷയിലേക്ക് നിയുക്തനായത്.

റോമിലെ സീറോ മലബാർ സഭാംഗങ്ങൾക്ക് ആരാധന നടത്താൻ സ്വന്തമായി ഒരു ദൈവാലയം ലഭ്യമാക്കണമെന്ന് 2019ലെ ‘ആദ് ലിമിനാ’ സന്ദർശനത്തിൽ, സിനഡ് പിതാക്കന്മാർ പാപ്പയോട് അഭ്യർഥിച്ചിരുന്നു. അതുപ്രകാരം ഇക്കഴിഞ്ഞ മാസമാണ്, പ്രസിദ്ധമായ ഈ മൈനർ ബസിലിക്ക സീറോ മലബാർ സഭയ്ക്ക് കൈമാറിയത്. വിരലിലെണ്ണാവുന്നവരുമായി 1994ൽ ആരംഭിച്ച സാന്തോം സീറോ മലബാർ കൂട്ടായ്മ ഇപ്പോൾ 7,000 വിശ്വാസികളുള്ള ഇടവകയാണ്.

എ.ഡി 325ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ് ഈ ബസിലിക്കയുടെ നിർമാണം ആരംഭിച്ചത്. ഏഴാം നൂറ്റാണ്ടു വരെയുള്ള പാപ്പമാർ ക്രിസ്മസ് ദിവ്യബലി അർപ്പിച്ചിരുന്നത് ഈ ബസിലിക്കയിലായിരുന്നു. വാസ്തുഭംഗികൊണ്ടും ചിത്രപണികൾ കൊണ്ടും മനോഹരമാണ് ഈ ദൈവാലയം. 2011 മുതൽ സാന്താ അനസ്താസ്യ ബസിലിക്കയിലാണ് സാന്തോം സീറോ മലബാർ ഇടവക തിരുക്കർമങ്ങൾ അർപ്പിച്ചിരുന്നത്.

Recent Posts