ലോകത്തിന്റെ പ്രത്യാശയായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടാൻ നാമെല്ലാം തിടുക്കം കൂട്ടണം: ഫ്രാൻസിസ് പാപ്പ

 In News

വത്തിക്കാൻ സിറ്റി: നമ്മുടെ ജീവിതയാത്രയുടെ ലക്ഷ്യവും ലോകത്തിന്റെ പ്രത്യാശയുമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടാൻ നാം ഓരോരുത്തരും തിടുക്കം കൂട്ടണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പയുടെ ഈസ്റ്റർ സന്ദേശം. ഈസ്റ്റർ ദിനത്തിൽ വത്തിക്കാൻ ചത്വരത്തിൽ സമ്മേളിച്ച വിശ്വാസീസമൂഹത്തിന് ‘ഊർബി എത് ഓർബി’ (നഗരത്തിനും ലോകത്തിനും വേണ്ടി) ആശീർവാദം നൽകവേയായിരുന്നു പാപ്പയുടെ ആഹ്വാനം. യുദ്ധക്കെടുതി ഉൾപ്പെടെയുള്ള ദുരിതങ്ങളിലൂടെ കടന്നുപോകുന്ന രാജ്യങ്ങളെ പ്രാർത്ഥനയിൽ പ്രത്യേകം സ്മരിക്കുകയും ചെയ്തു പാപ്പ.

ഈസ്റ്റർ, ക്രിസ്മസ് ദിനങ്ങളിലും ആഗോള സഭാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന ഉടനെയും വത്തിക്കാൻ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്ന് പാപ്പമാർ നൽകുന്ന സന്ദേശമാണ് ‘ഊർബി എത് ഔർബി’.

ക്രിസ്തു സത്യമായും ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്നും സകലർക്കുമുള്ള പ്രത്യശ പുനർജനിച്ചിരിക്കുന്നുവെന്നുമുള്ള ആഹ്വാനത്തോടെയാണ് പാപ്പ ‘ഊർബി എത് ഓർബി’ സന്ദേശം ആരംഭിച്ചത്. മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്കുള്ള ഒരു പാലം നമുക്ക് കർത്താവ് പണിതു നൽകിയെന്ന് ഓർക്കാനും സന്തോഷിക്കാനുമുള്ള സുദിനമാണ് ഈസ്റ്റർ. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ ദിനവും ഇതുതന്നെ.

മനുഷ്യന്റെ യാത്രയ്ക്ക് പ്രത്യാശയിൽ ഉറപ്പുള്ള അടിത്തറയുണ്ടെന്നും ഇപ്പോഴും മുന്നിലുമുള്ള നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാമെന്ന പ്രത്യാശയുമാണ് ഈസ്റ്റർ നൽകുന്നത്. പുനരുത്ഥാനത്തിന്റെ സാക്ഷികളായ ആദ്യ ശിഷ്യന്മാരുടെ മാതൃക അനുസ്മരിച്ചുകൊണ്ട്, ഈ സന്തോഷ വാർത്ത മറ്റുള്ളവരോട് പങ്കുവെക്കാൻ അവരെപ്പോലും നാമും തിടുക്കം കൂട്ടണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

പ്രിയപ്പെട്ട യുക്രേനിയൻ ജനതയ്ക്ക് സമാധാനവും റഷ്യൻ സമൂഹത്തിന് ഈസ്റ്ററിന്റെ വെളിച്ചവും ഉണ്ടാകട്ടെയെന്ന് പാപ്പ പ്രാർത്ഥിച്ചു. ‘യുദ്ധം മൂലം മുറിവേറ്റവർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും ഈ ഉയിർപ്പ് തിരുനാൾ ആശ്വാസമാകട്ടെ. എത്യോപ്യയിലും ദക്ഷിണ സുഡാനിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും സമാധാനത്തെയും അനുരഞ്ജന ശ്രമങ്ങളെയും കർത്താവ് പിന്തുണയ്ക്കട്ടെ.’ നിക്കരാഗ്വയിലും എറിത്രിയയിലും ഈസ്റ്റർ ആഘോഷിക്കുന്ന ക്രിസ്ത്യൻ സമൂഹങ്ങൾക്ക് അവരുടെ വിശ്വാസം സ്വതന്ത്രമായും പരസ്യമായും ഏറ്റുപറയാൻ കഴിയട്ടെയെന്ന് പാപ്പ ആശംസിച്ചു.

ഇപ്പോഴും സമാധാനത്തിനായി കാത്തിരിക്കുന്ന സിറിയയെയും അയൽരാജ്യമായ തുർക്കിയിലെ ഭൂകമ്പ ബാധിതരെയും വെല്ലുവിളികളിൽനിന്ന് കരകയറാൻ പാടുപെടുന്ന, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഹെയ്തിയെയും ടുണീഷ്യയെയും പാപ്പ അനുസ്മരിച്ചു. അന്താരാഷ്ട്ര ഭീകരതയുടെ ഇരകൾക്ക്, വിശിഷ്യാ, ബുർക്കിന ഫാസോ, മാലി, മൊസാംബിക്, നൈജീരിയ എന്നിവിടങ്ങളിലെ ജനങ്ങളുടെ സമാധാനത്തിനായും പാപ്പ പ്രത്യേകം പ്രാർത്ഥിച്ചു.

Recent Posts