അണ്വായുധങ്ങൾ അധാർമികവും യുക്തിരഹിതവും: ഫ്രാൻസിസ് മാർപാപ്പ
അണ്വായുധങ്ങൾ അധാർമികവും യുക്തിരഹിതവുമാണെന്നു ഫ്രാൻസിസ് മാർപാപ്പ. അണ്വായുധങ്ങളുടെ ധാർമികവും പ്രായോഗികവുമായ പരിധി കഴിഞ്ഞു. ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്. ഇന്നത്തെ അത്യാധുനിക ആണവായുധങ്ങൾ മനുഷ്യരാശിയുടെ നാശത്തിനോ അല്ലെങ്കിൽ അതിന്റെ വലിയൊരു വിഭാഗത്തിന്റെ നാശത്തിനോ വഴിതെളിക്കുമെന്ന അപകടസാധ്യത മുന്നിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
മ്യാൻമറിലും ബംഗ്ലാദേശിലും ആറു ദിവസത്തെ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ധാക്കയിൽനിന്നു റോമിലേക്കു മടങ്ങുന്പോൾ പ്രത്യേക വിമാനത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മാർപാപ്പ ആണവായുധങ്ങൾക്കെതിരേ രൂക്ഷമായി പ്രതികരിച്ചത്.
ഫാൻസിസ് മാർപാപ്പ: എന്താണു മാറ്റം? യുക്തിരാഹിത്യമാണ് കൂടിവരുന്നത്. കഴിഞ്ഞ 34 വർഷങ്ങൾക്കിടെ ആണവ മേഖലയിൽ നാം എല്ലാ പരിധികളും പലതവണ ലംഘിച്ചു. വർഷങ്ങൾ ഓർമയുണ്ടോ? 1982, 92, 2002, 2012… ഇന്ന് നാം പരമാവധി പരിധിയിലെത്തി. ഇതേക്കുറിച്ച് ചർച്ചയാകാം. പക്ഷേ, ഇതെന്റെ അഭിപ്രായമാണ്. ഉറച്ച അഭിപ്രായമാണ്, അണ്വായുധങ്ങളുടെ ശേഖരത്തിലും ഉപയോഗത്തിലും നിയമാനുസൃതമായ പരമാവധിയിലാണ് നാം. കാരണം, ഇപ്പോഴത്തെ അത്യാധുനിക ആണവായുധങ്ങൾ, മനുഷ്യരാശിയുടെ നാശത്തിലേക്കോ, അല്ലെങ്കിൽ അതിന്റെ വലിയൊരു ശതമാനത്തിന്റെയോ നാശത്തിനുള്ള അപകടസാധ്യതയാണ് മുന്നിൽ.
അണ്വായുധങ്ങളുടെ വളർച്ചയും അതിന്റെ പ്രഹരശേഷിയിലെ വളർച്ചയും അതിലേറെ ക്രൂരതയുമാണ് പഴയതിൽനിന്നുള്ള വലിയ മാറ്റം. നിർമിതികളെ തൊടാതെ മനുഷ്യരെയാകെ നശിപ്പിക്കാവുന്ന ശേഷിയാണ് ആണവായുധങ്ങൾക്കുള്ളത്. നാം പരിധിയിലെത്തിക്കഴിഞ്ഞു. അതിനാൽ ഞാൻ എന്നോടുതന്നെ ചോദിച്ചു. മാർപാപ്പയുടെ കല്പനയല്ല. പക്ഷേ ഒരു മാർപാപ്പ ഉയർത്തുന്ന ചോദ്യമാണ്. അണ്വായുധങ്ങൾ നിയമാനുസൃതമായി സൂക്ഷിക്കണോ? അതോ സൃഷ്ടിയെ രക്ഷിക്കാനായി, മനുഷ്യരാശിയെ രക്ഷിക്കാനായി തിരിച്ചുപോകേണ്ടതില്ലേ?
അറുപത്, എഴുപത് വർഷം മുന്പത്തെ ഹിരോഷിമയെക്കുറിച്ചും നാഗസാക്കിയെക്കുറിച്ചും നാം ചിന്തിക്കുന്നു. അതുപോലെ ആണവോർജത്തിന് എല്ലാ നിയന്ത്രണങ്ങളും ഉണ്ടാകുകയില്ല. യുക്രെയിനിലെ സംഭവത്തെക്കുറിച്ച് ചിന്തിക്കുക. പിടിച്ചടക്കാനും നശിപ്പിക്കാനുമായി അണ്വായുധങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് പുറകോട്ടു പോകേണ്ടതുണ്ട്. എല്ലാ പരിധികളും കഴിഞ്ഞിരിക്കുന്നു- ഫ്രാൻസിസ് പാപ്പാ തറപ്പിച്ചു പറഞ്ഞു.
ശീതയുദ്ധകാലത്ത് പ്രതിരോധത്തിനായുള്ള ആണവനയം സ്വീകാര്യമാണെന്നു ജോണ് പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞതിന് വിരുദ്ധമായി അണ്വായുധങ്ങൾ കൈവശം വയ്ക്കുന്നതിനെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലപാടുകളിലെ ഈ മാറ്റത്തിനു പ്രേരിപ്പിത് എന്താണെന്ന ചോദ്യത്തിനു പ്രതികരണമായാണ് മാറ്റം അനിവാര്യമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടിയത്.
മ്യാൻമറിലെ രോഹിംഗ്യരെ പീഡിപ്പിക്കുന്നതും തുരത്തിയോടിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും അഭയാർഥികളോട് മനുഷ്യത്വപരമായ സമീപനം അനിവാര്യമാണെന്നും മാർപാപ്പ പറഞ്ഞു. രോഹിംഗ്യ ൻ എന്ന വാക്ക് ധാക്കയിൽ എടുത്തുപറഞ്ഞതിനെ അദ്ദേഹം ന്യായീകരിച്ചു. ആദ്യമായല്ല രോഹിംഗ്യർക്കെതിരായ അനീതിക്കെതിരേ പേരെടുത്ത് സംസാരിക്കുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽവച്ച് പേരെടുത്തു പറഞ്ഞിരുന്നു. എന്താണ് താൻ ഉദ്ദേശിക്കുന്നതെന്ന് എല്ലാവർക്കും അറിയാം.
സന്ദേശം പുറത്തുവരുന്നു എന്നതാണു തനിക്കു പ്രധാനമെന്ന് മാർപാപ്പാ വിശദീകരിച്ചു. മ്യാൻമറിലെ സർക്കാരുമായി നടത്തിയ ചർച്ചകളിൽ സ്ഥിതി താൻ വിശദീകരിച്ചു. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നു തറപ്പിച്ചുപറഞ്ഞു. ആരും ഒഴിവാക്കപ്പെടരുത്. എല്ലാവർക്കും പൗരത്വം നൽകണമെന്നും ആവശ്യപ്പെട്ടു. ആവശ്യക്കാരന്റെ മുഖത്തേക്കു വാതിൽ വലിച്ചടയ്ക്കുകയല്ല വേണ്ടതെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
Source: deepika
Recent Posts