അശരണര്‍ക്ക് ആലംബമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത

 In News

മെല്‍ബണ്‍: ‘ഉണ്ണീശോയ്ക്ക് ഒരുടുപ്പ്’ എന്ന പദ്ധതിയുടെ ഭാഗമായി മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും കഴിഞ്ഞ ക്രിസ്മസ് കാലത്ത് സമാഹരിച്ച തുക കിഴക്കമ്പലത്തുള്ള വിലങ്ങിലെ ദൈവപരിപാലനയുടെ സഹോദരികള്‍ നടത്തുന്ന പ്രൊവിഡന്‍സ് ഹോമിന് കൈമാറി. ക്രിസ്മസിന് ഒരുക്കമായി ഡിസംബര്‍ മാസത്തില്‍ ചെറിയ പ്രായശ്ചിത്ത പ്രവര്‍ത്തികളിലൂടെയും ആശയടക്കത്തിലൂടെയും രൂപതയിലെ കുഞ്ഞുമക്കള്‍ നല്കിയ 11 ലക്ഷം രൂപയാണ് മെല്‍ബണ്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍  ലിറ്റില്‍ സെര്‍വെന്റ്‌സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ് മദര്‍ ജനറാള്‍ സി.മേരി ജിന്‍സിയ്ക്ക് കൈമാറിയത്. പ്രൊവിഡന്‍സ് ഹോം സുപ്പീരിയര്‍ സി.മേരി ലിന്‍ഡയുടെ നേതൃത്വത്തില്‍ പിതാവിന് സ്വീകരണം നല്കി. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളില്‍, ഫിനാന്‍ഷ്യല്‍ കൗണ്‍സില്‍ അംഗം വര്‍ഗ്ഗീസ് പൈനാടത്ത് എന്നിവരും പിതാവിനോടൊപ്പം പ്രൊവിഡന്‍സ് ഹോമിലെ അന്തേവാസികളെ സന്ദര്‍ശിച്ചു.

ദൈവപരിപാലനയുടെ സഹോദരികള്‍ എന്ന പേരിലറിയപ്പെടുന്ന സിസ്റ്റേഴ്‌സ് 1992 ജൂലൈ 16-ാം തിയതി ആരംഭിച്ചതാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിനടത്തുള്ള വിലങ്ങിലെ പ്രൊവിഡന്‍സ് ഹോം. ബുദ്ധിമാന്ദ്യമുള്ളവരും തളര്‍വാതം പിടിപ്പെട്ടവരും പരസഹായമില്ലാതെ ജീവിക്കാന്‍ സാധിക്കാത്തവരുമായ 112 പേരെയാണ് 11 സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ഈ ഭവനത്തില്‍ പരിപാലിക്കുന്നത്.കരുണയുടെ ജൂബിലി വര്‍ഷത്തില്‍ രോഗികളെയും പാവപ്പെട്ടവരെയും സഹായിക്കാന്‍ സന്മനസ്സ് കാണിച്ച എല്ലാവരോടും മാര്‍ ബോസ്‌കോ പുത്തൂര്‍ നന്ദി അറിയിച്ചു.

Recent Posts