കാൻബറ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയ്ക്ക് സ്വന്തം സ്ഥലവും കെട്ടിടവും
കാൻബറ: കാൻബറയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിനു ഇത് ദൈവാനുഗ്രഹത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെയും നിമിഷങ്ങൾ. സ്വന്തമായി ഒരു ദേവാലയവും സ്ഥലവും എന്ന സെൻറ് അൽഫോൻസാ ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം സഫലമായി. 3 .81 മില്യണ്‍ ഡോളർ (ഏകദേശം 20 കോടി രൂപ) നൽകിയാണ് ഇടവക സ്ഥലവും കെട്ടിടവും സ്വന്തമാക്കിയത്.
കാൻബറ പ്രദേശത്തിന്റെ മധ്യഭാഗത്തു 150 നരബന്ധ ലെയിൻ, സിമോണ്സ്റ്റൻ, എസിടി 2609 എന്ന സ്ഥലമാണ് ഇടവക സ്വന്തമാക്കിയത്. ഏഴര ഏക്കർ (3 . 1 ഹെക്ടർ ) സ്ഥലവും 1271 സ്ക്യുയർ മീറ്റർ വലിപ്പമുള്ള കെട്ടിടവും ഉൾക്കൊള്ളുന്നതാണിത്. ഓസ്ട്രേലിയൻ ഫെഡറൽ ഗവണ്മെന്റ് വക സ്ഥാപനം പ്രവർത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും പൊതു ലേലത്തിലൂടെയാണ് ഇടവക സ്വന്തമാക്കിയത്.
വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ബിജു പുലിക്കാട്ട്, ബെന്നി കണ്ണന്പുഴ, ടോമി സ്റ്റീഫൻ, പള്ളി നിർമ്മാണ കമ്മിറ്റി കണ്‍വീനർ സുജി മാത്യു, രൂപത ധനകാര്യ കമ്മിറ്റി അംഗം സെബാസ്റ്റ്യൻ മാത്യു (മെജോ ) എന്നിവരുടെ നേതൃത്വത്തിൽ ഇടവക സമൂഹം ഒന്നാകെ നടത്തിയ പ്രവർത്തങ്ങളാണ് ഫലവത്തായത്.
2006ൽ കാൻബറയിൽ തുടക്കം കുറിച്ച സീറോ മലബാർ സമൂഹം ഇടവക തലത്തിലേക്ക് ഉയർത്തപ്പെട്ടതു 2015 ഒക്ടോബർ നാലിനാണ്. മെൽബണ്‍ സീറോ മലബാർ രൂപതയുടെ കീഴിലാണ് ഇടവക. നിലവിൽ ഒകോണർ സെന്റ് ജോസഫ് പള്ളിയാണ് ഇടവക ദേവാലയമായി ഉപയോഗിക്കുന്നത്. ഇടവക സമൂഹത്തിനു മുൻകാലങ്ങളിൽ നേതൃത നൽകിയിരുന്ന മോണ്‍സിഞ്ഞോർ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, ഫാ . വർഗീസ് വാവോലിൽ എന്നിവർ തുടങ്ങിവച്ച സ്വന്തമായ ഇടവക ദേവാലയം എന്ന ആശയം ഫാ . മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പള്ളി കമ്മിറ്റിയുടെ സജീവ പ്രവർത്തനംവഴി യാഥാർത്ഥ്യമായത്.
സ്വന്തം സ്ഥലവും ദേവാലയും എന്ന ആഗ്രഹത്തിനായി പ്രവർത്തിച്ചു ദൈവാനുഗ്രഹം വഴി അതിന്റെ ആദ്യ പടി നേടിയെടുത്ത കാൻബറ ഇടവക സമൂഹത്തെയും നേതൃത്വം നൽകിയ വികാരി ഫാ. മാത്യു കുന്നപ്പിള്ളിയെയും കമ്മിറ്റിക്കാരെയും ബിഷപ്പ് മാർ. ബോസ്കോ പുത്തൂർ, വികാരി ജനറൽ മോണ്‍സിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി എന്നിവർ അഭിനന്ദിച്ചു.