കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിരമിച്ചു; മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഡ്മിനിസ്ട്രേറ്റർ
കാക്കനാട്: സീറോമലബാർസഭയുടെ മൂന്നാമത്തെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപ് സ്ഥാനത്തുനിന്നു വിരമിച്ചു. സീറോമലബാർസഭയിൽ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും തന്റെ ആരോഗ്യ സ്ഥിതിയും പരിഗണിച്ചു മേജർ ആർച്ചുബിഷപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്നും വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കർദിനാൾ മാർ ആലഞ്ചേരി സമർപ്പിച്ച രാജി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. പൗരസ്ത്യ സഭാ നിയമം, കാനൻ 127 പ്രകാരം പുതിയ മേജർ ആർച്ചുബിഷപ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ കൂരിയമെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് സീറോമലബാർസഭയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കും.
2019-ൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപ് സ്ഥാനത്തുനിന്നു വിരമിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് പരിശുദ്ധ പിതാവിനു രാജി സമർപ്പിച്ചിരുന്നു. എന്നാൽ സിനഡിന്റെ തീരുമാനപ്രകാരം പരിശുദ്ധ പിതാവ് അന്നു രാജി സ്വീകരിച്ചില്ല. വീണ്ടും 2022 നവംബർ 15നു ഔദ്യോഗിക സ്ഥാനത്ത് നിന്നും വിരമിക്കാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടു പരിശുദ്ധ പിതാവ് നല്കിയ അനുവാദപ്രകാരമാണ് 2023 ഡിസംബർ 7-ാം തിയതി പ്രാബല്യത്തിൽവരുന്നവിധം കർദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപ്പിന്റെ സ്ഥാനത്തുനിന്നു വിരമിക്കുന്നത്.
സീറോമലബാർസഭയുടെ രണ്ടാമത്തെ കൂരിയ മെത്രാനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ 1992ലാണു വൈദികനായത്. റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയിൽനിന്നു സഭാനിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ശുശ്രൂഷകൾക്കു ശേഷം 2014-ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയായിൽ വൈസ് ചാൻസലറായി നിയമിതനായി. 2017 നവംബർ 12-നാണു മെത്രാനായി അഭിഷിക്തനായത്. പുതിയ മേജർ ആർച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു നടക്കുന്ന സിനഡിന്റെ നടത്തിപ്പും സ്ഥാനരോഹണവുമുൾപ്പെടെ സഭയുടെ ഭരണപരമായ ഉത്തരവാദിത്വങ്ങൾ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ പിതാവിൽ നിക്ഷിപ്തമാണ്.