ബിഷപ് ബോസ്കോ പുത്തൂർ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ

 In News

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മെൽബൺ രൂപതയുടെ മുൻ മെത്രാൻ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവിനെ പരിശുദ്ധ പിതാവു ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം 2023 ഡിസംബർ ഏഴ് വ്യാഴാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12-ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 4.30ന് സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിലും എറണാകുളം -അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ബിഷപ് ബോസ്കോ പുത്തൂർ സീറോമലബാർസഭയുടെ ആദ്യത്തെ കുരിയാമെത്രാനും ഓസ്ട്രേലിയായിലെ മെൽബൺ രൂപതയുടെ പ്രഥമ മെത്രാനുമാണ്. 2023 മെയ് 31നാണ് അദ്ദേഹം മെൽബൺ രൂപതയുടെ ഭരണത്തിൽനിന്നു വിരമിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കു സഹായിക്കുന്ന ഡയലോഗ് കമ്മിറ്റിയുടെ കൺവീനറായി അടുത്തയിടെ സീറോമലബാർ മെത്രാൻ സിനഡ് അഭിവന്ദ്യ ബോസ്കോ പിതാവിനെ നിയോഗിച്ചിരുന്നു. 1946-ൽ ജനിച്ച അദ്ദേഹം 1971-ൽ റോമിൽ വെച്ചു പൗരോഹിത്യം സ്വീകരിച്ചു. തൃശൂർ മൈനർ സെമിനാരി റെക്ടർ, മേജർ സെമിനാരി അധ്യാപകൻ, മംഗലപ്പുഴ മേജർ സെമിനാരി റെക്ടർ, കത്തീഡ്രൽ വികാരി, വികാരി ജനറാൾ, സീറോമലബാർസഭയുടെ ലിറ്റർജിക്കൽ റിസർച്ച് സെന്റർ എക്സിക്യുട്ടിവ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2010-ൽ സീറോമലബാർസഭയുടെ പ്രഥമ കൂരിയ മെത്രാനായി അഭിഷിക്തനായി. സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറിയായിരുന്ന ബിഷപ് ബോസ്കോ പുത്തൂർ കർദിനാൾ മാർ വർക്കി വിതയത്തിൽ പിതാവു കാലം ചെയ്തതിനെത്തുടർന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപായി സ്ഥാനമേറ്റെടുത്തതുവരെ സഭയുടെ അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചിരുന്നു. 

2022 ജൂലൈ 30ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത് പിതാവിനെ തൃശൂർ അതിരൂപതയുടെ മെത്രാപോലീത്ത എന്ന ഉത്തരവാദിത്വത്തിനു പുറമേയാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ അധികചുമതല ഏൽപ്പിച്ചത്. 2022 നവംബർ മാസത്തിൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡണ്ടു സ്ഥാനത്തേക്ക് ആർച്ചുബിഷപ് താഴത്ത് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു പ്രധാനപ്പെട്ട ചുമതലകൾ നിർവഹിക്കുക എന്നതു പ്രായോഗികമായി ദുഷ്കരമായ സാഹചര്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്നു തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത് മാർപാപ്പയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണു മാർപാപ്പ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരിക്കുന്നത്.

Recent Posts