ദക്ഷിണേഷ്യയുടെ മനംകവർന്ന് ഫ്രാൻസിസ് പാപ്പാ മടങ്ങി
വൻവിജയമായി മാറിയ ആറു ദിവസത്തെ ദക്ഷിണേഷ്യൻ സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വൈകുന്നേരം റോമിലേക്കു മടങ്ങി. രോഹിംഗ്യൻ പ്രശ്നത്തിലടക്കം കാര്യമായ പുരോഗതിയുണ്ടാക്കാനും സാന്ത്വനം നൽകാനും മാർപാപ്പയുടെ സന്ദർശനം സഹായിച്ചു.
ഇരുരാജ്യങ്ങളുമായും ഇതര മതങ്ങളുമായുമുള്ള ബന്ധം വളർത്താനും കത്തോലിക്കാസഭയെയും വിശ്വാസി സമൂഹത്തെയും ശരിയായ ദിശയിലേക്കു നയിക്കാനും മാർപാപ്പയുടെ യാത്ര സഹായിച്ചുവെന്ന് വത്തിക്കാൻ പ്രതിനിധി ദീപികയോടു ചൂണ്ടിക്കാട്ടി. പോകുന്നതിനു മുന്‍പായി ഇന്നലെ ബംഗ്ലാദേശിലെ ധാക്കയിലുള്ള മദർ തെരേസയുടെ കരുണാ ഭവനത്തിൽ (ഹോം ഓഫ് കംപാഷൻ) എത്തിയ പാപ്പാ, മാനസികവും ശാരീകവുമായി വൈകല്യങ്ങളുള്ള കുട്ടികളെയും അനാഥരെയും ഏറെ നേരം താലോലിച്ചു. യുവജനങ്ങളിൽ വലിയ സന്തോഷവും പ്രതീക്ഷയുമാണ് തനിക്കുള്ളതെന്നു ധാക്കയിൽ യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
ദരിദ്രർ, രോഗികൾ, വേദനയനുഭവിക്കുന്നവർ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവർ തുടങ്ങിയവരിലാകണം ക്രൈസ്തവർ ശരിയായ വിവേകവും ദൈവത്തെയും അനുഭവിച്ചറിയേണ്ടതെന്ന് അദ്ദേഹം കോളജ് വിദ്യാർഥികളെ ഓർമിപ്പിച്ചു. നമ്മുടെ അപ്പുറത്തേക്കു കാണാനും പ്രായമായവരെ ബഹുമാനിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ മഹത്വം തിരിച്ചറിയാനും ദൈവത്തിന്റെ ജ്ഞാനമാണ് ആവശ്യം.
ധാക്ക നോട്ടർഡാം കോളജിൽ യുവജനങ്ങളുമായി സംവദിച്ച മാർപാപ്പ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജീവിതാനുഭവങ്ങളും ദൈവാനുഭവങ്ങളും ശ്രദ്ധാപൂർവം കേട്ടിരുന്നു. ഉപാസന, ആന്റണി എന്നിവർ നൽകിയ അനുഭവസാക്ഷ്യം സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും പ്രതീക്ഷ നൽകുന്നതാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി.
കത്തോലിക്കർക്കു പുറമെ മുസ്ലിംകൾ അടക്കമുള്ള ഇതരമതസ്ഥരായ യുവജനങ്ങളെക്കൂടി സമ്മേളനത്തിലേക്കു ക്ഷണിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു.
Source: deepika.com