ന്യൂസിലാൻഡിലെ സീറോ മലബാർ യുവജന സംഗമം ‘എബ്ലേസ് 2022’ ജൂലൈ 13 മുതൽ

 In News

ഓക്‌ലാൻഡ്‌: ന്യൂസിലാൻഡിലെ സീറോ മലബാർ യുവജനങ്ങളെ ക്രിസ്തുവിന്റെ മിഷണറികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘എബ്ലേസ് 22’ യുവജന ക്യാമ്പിന് ജൂലൈ 13ന് തുടക്കമാകും. ജൂലൈ 16വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ, ന്യൂസിലാൻഡിലെ വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള യുവജന പ്രതിനിധികൾ പങ്കെടുക്കും.

ക്രിസ്തുവിനോടും അവിടുത്തെ സഭയോടും ചേർന്നുനിന്ന് ജീവിത്തിലെ വെല്ലുവിളികളെ നേരിടാനും അനേകരെ യേശുവിലേക്ക് നയിക്കാനും യുവജനങ്ങളെ പ്രാപ്തരാക്കാൻ സഹായിക്കുന്ന പരിശീലന പദ്ധതികളാകും ക്യാമ്പിന്റെ സവിശേഷത. ഓസ്‌ട്രേലിയയും ന്യൂസിലാൻഡ് ഉൾപ്പെടുന്ന ഓഷ്യാന മേഖലയും ഉൾപ്പെടുന്ന മെൽബൺ സീറോ മലബാർ രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ, യുവജന പരിശീലന രംഗത്ത് ശ്രദ്ധേയരായ സോജിൻ സെബാസ്റ്റ്യൻ, ഫ്രാങ്ക്ളിൻ, ഷെറിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

ചർച്ചകൾ, സംവാദങ്ങൾ, പരിശീലന സെഷനുകൾ എന്നിവയ്‌ക്കൊപ്പം ആത്മീയ വളർച്ചയ്ക്കുള്ള സെഷനുകളുമുണ്ട്. ദില്യബലി, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം എന്നിവയും ക്യാമ്പിൽ ക്രമീകരിക്കും. ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സീറോ മലബാർ മിഷൻ ന്യൂസിലാൻഡ് നാഷണൽ കോർഡിനേറ്റർ ഫാ. ജോർജ് അരീക്കൽ സി.എസ്.എസ്.ആർ പറഞ്ഞു. സീന സെബാസ്റ്റ്യൻ, പോൾസ് ആനിത്തോട്ടം എന്നിവരാണ് ജനറൽ കോർഡിനേറ്റർമാർ.

Recent Posts