പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കും: മാർ ബോസ്കോ പുത്തൂർ
ബ്രിസ്ബേൻ: പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കാനും സുവിശേഷത്തിന്റെ അരൂപിയിലേക്ക് കൊണ്ടുവരാനുമുള്ള അവസരങ്ങളാണെന്ന് മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ. സീറോ മലബാർ സഭ മെൽബൺ രൂപതയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച കൃപാഭിഷേക ബൈബിൾ കൺവൻഷന്റെ ആദ്യദിനത്തിൽ സന്ദേശം നൽകുകയായിരുന്നു മാർ പുത്തൂർ.
കഴിഞ്ഞ കുറേ കാലമായി സഭ വേദനാജനകമായ അനുഭവങ്ങളിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. താൻ തന്നെ തെരഞ്ഞെടുത്ത 12 പേരിൽ നാലുപേർ ഈശോയെ തള്ളിപറയുകയോ സ്ഥാനമാനത്തിനായി സ്വരമുയർത്തുകയോ ചെയ്തവരാണ്. മുന്നറിയിപ്പു നൽകിയിട്ടും തന്നെ തള്ളിപറഞ്ഞ പത്രോസിനെയാണ് സഭയുടെ തലവനാക്കിയത്. പണത്തിനായി മറ്റൊരു ശിഷ്യനായ യൂദാസ് ഒറ്റുകൊടുത്തു. യേശുവിനെ കുരിശിൽ തറച്ചുകൊന്നതിനെതുടർന്നു എമ്മാവൂസിലേക്ക് ഓടിപോയ ശിഷ്യന്മാരുടെ അനുഭവവും മാർ പുത്തൂർ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. തർക്കിച്ചും വാദിച്ചും പോയ അവർക്കൊപ്പം യാത്ര ചെയ്ത യേശുവിനെ അവർക്ക് തിരിച്ചറിയാനായില്ല. ബിഷപ്പും വൈദികരും കന്യാസ്ത്രീകളും ചെയ്തതിനെ വിമർശിച്ചു കഴിയുന്ന നമ്മുടെ അവസ്ഥയും വിഭിന്നമല്ല. കഷ്ടപ്പാടും സഹനവും രക്ഷയുടെ പാതയിൽ അനിവാര്യമാണ്. ഗദ്സമനിൽ ചോരവിയർത്ത് പ്രാർഥിച്ച യേശുവിനെപോലെ നാമും പ്രാർഥിക്കണം. കൂദാശകൾ വഴി നമ്മോടൊപ്പം ജീവിക്കുന്ന യേശുവിനെ തിരിച്ചറിയണമെന്നും മാർ ബോസ്കോ പുത്തൂർ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ആഷ്ഗ്രോവ് മാരിസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളമനാൽ ആണ് നയിക്കുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിൽനിന്നുമായി 1500 ഓളം പേരാണ് ധ്യാനത്തിൽ പങ്കെടുക്കുന്നത്.
ക്രൈസ്തവസഭയെയും വിശ്വസത്തെയും പറിച്ചെറിയാൻ ചക്രവർത്തിമാരും സിംഹാസനങ്ങളും തകർന്നടിക്കേണ്ട ചരിത്രമാണ് രണ്ടായിരം വർഷം പിന്നിട്ട സഭയ്ക്കുള്ളതെന്ന് ഡൊമനിക് വാളമ്മനാൽ തതന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. തകർക്കാൻ ശ്രമിക്കുന്പോഴും ഉയർത്തേൽക്കുന്ന പാരന്പര്യമാണ് സഭയുടേതെന്നും അദേഹം പറഞ്ഞു. ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ കാർമികത്വത്തിൽ നടന്ന കണ്വൻഷൻ ദിവ്യബലിയിൽ വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, ബ്രിസ്ബനിലെ സീറോ മലബാർ ഇടവക വികാരിമാരായ ഫാ. വർഗീസ് വാവോലിൽ, ഫാ. അബ്രഹാം കഴുന്നടി എന്നിവർ സഹകാർമികരായി. ഇതോടനുബന്ധിച്ചു നടന്ന മെൽബണ്‍ രൂപതാ വാർഷിക സമ്മേളനം ഓസ്ട്രേലിയൻ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറൻസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. മാർക്ക് കോൾറിഡ്ജ് ഉദ്ഘാടനം ചെയ്തു. സീറോ മലബാർ സഭാംഗങ്ങളുടെ അദ്ധ്യാത്മിക ജീവിതം തദേശിയർ ആദരവോടെയാണ് നോക്കി കാണുന്നതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
സെന്റ് തോമസിന്റെ പാദസ്പർശമേറ്റ മണ്ണിൽ ഉദയം ചെയ്ത സീറോ മലബാർ സഭ, കത്തോലിക്കാ സഭയിലെ ഏറ്റവും പഴക്കമുള്ള കമ്യൂണിറ്റിയിലൊന്നാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ്ലാൻഡ് വൈസ് ചാൻസലർ പീറ്റർ വർഗീസ് പറഞ്ഞു. ഓസ്ട്രേലിയൻ വിദേശകാര്യ മുൻ സെക്രട്ടറി കൂടിയായ പീറ്റർ വർഗീസ് തന്റെ സീറോ മലബാർ കുടുംബ പാരന്പര്യവും സ്മരിച്ചു.
രണ്ടായിരത്തോളം പേർ പങ്കെടുത്ത ത്രിദിന ബൈബിൾ കണ്വൻഷൻ ഓസ്ട്രേലിയയിൽ പുതിയ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നത്. വിശ്വാസികളുടെ ബാഹുല്യം നിമിത്തം ബിഷപ്പ് മാർ ബോസ്കോ പുത്തൂർ നാലമണിക്കൂറിലേറെ തുടർച്ചയായി കുന്പസാരം കേൾക്കുകയുണ്ടായി. ബിഷപ്പ് സ്ഥാനമേറ്റെടുത്തശേഷമുണ്ടായ ആദ്യ അനുഭവം ബിഷപ്പ് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.