ജ്ഞാനം അന്യമാകുന്പോൾ സമൂഹത്തിനു വെളിച്ചം നഷ്ടമാകും: മാർ എടയന്ത്രത്ത്
കൊച്ചി: ജ്ഞാനം അന്യമാകുന്പോൾ സമൂഹത്തിനു നേർദിശ പകരേണ്ട വെളിച്ചം നഷ്ടമാകുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്. സത്യദീപം വാരികയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ചു കേരളത്തിലെ കത്തോലിക്ക സെമിനാരികളിലെ സാഹിത്യാഭിരുചിയുള്ള വൈദികാർഥികൾക്കും ജൂണിയർ സിസ്റ്റർമാർക്കുമായി കലൂർ റിന്യുവൽ സെന്ററിൽ നടത്തിയ സിന്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജ്ഞാനം നേടാനുള്ള ആന്തരികമായ വിശപ്പില്ലായ്മയാണു പുതിയ കാലഘട്ടം നേരിടുന്ന വെല്ലുവിളി. ജ്ഞാനമില്ലാത്ത ലോകം ചന്തയുടേതിനു സമാനമാണ്. പണത്തിനായുള്ള നെട്ടോട്ടത്തിൽ ജ്ഞാനത്തെ പലരും മറക്കുന്നു. പൊതുസമൂഹത്തിനു മനസിലാകുന്ന ഭാഷ വിനിമയം ചെയ്യാനും നഷ്ടമായ നന്മകൾ തിരിച്ചുപിടിക്കാനും ശ്രമങ്ങളുണ്ടാവണമെന്നും മാർ എടയന്ത്രത്ത് പറഞ്ഞു.
വിജ്ഞാനവും വെളിപാടും: സംഘട്ടനമോ സമ്മേളനമോ? എന്ന വിഷയത്തിലാണു സിന്പോസിയം നടന്നത്. വിവിധ വിഷയങ്ങളിൽ റവ. ഡോ. പോൾ തേലക്കാട്ട്, പി.കെ. രാജശേഖരൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. സാർവത്രിക സഭയുടെ ഭാഷയും സാംസ്കാരിക ഭാഷണവും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ജോണ് പോൾ, ബെന്ന്യാമിൻ, സിസ്റ്റർ ഡോ. നോയൽ റോസ് എന്നിവർ പങ്കെടുത്തു.
ഫാ. ആന്റണി കല്ലൂക്കാരൻ മോഡറേറ്ററായിരുന്നു. സത്യദീപം ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരേവീട്ടിൽ, മാനേജിംഗ് എഡിറ്റർ ഫാ. സെൻ കല്ലുങ്കൽ, സീനിയർ സബ് എഡിറ്റർ എം. ഫ്രാങ്ക്ളിൻ, സബ് എഡിറ്റർ ഷിജു ആച്ചാണ്ടി, കോപ്പി എഡിറ്റർ സിസ്റ്റർ ദീപ്തി, സിസ്റ്റർ ഷെറിൻ എന്നിവർ പ്രസംഗിച്ചു.
Source: deepika.com