സീറോ മലബാര്‍ സഭ അസംബ്ലി 25 മുതല്‍ കൊടകരയില്‍
തൃശൂര്‍: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി ഈ മാസം 25 മുതല്‍ 28 വരെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ നടക്കും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അസംബ്ലിയില്‍ സഭയുടെ 50 മെത്രാന്മാര് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 515 പ്രതിനിധികള്‍ പങ്കെടുക്കും.
സഭാശുശ്രൂഷകളുടെയും സേവനങ്ങളുടെയും വിവിധ മേഖലകള്‍ പുനരവലോകനം ചെയ്ത് കൂടുതല്‍ ഫലപ്രദമായ അജപാലന ശൈലികള്‍ രൂപപ്പെടുത്തുകയാണു ലക്ഷ്യമെന്ന് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ആതിഥേയരായ ഇരിങ്ങാലക്കുട രൂപതയുടെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നിവയാണ് അസംബ്ലിയിലെ പ്രധാന ചര്‍ച്ചാവിഷയം.
വിവിധ സമര്‍പ്പിത സന്യാസ സമൂഹങ്ങളെയും 32 സീറോ മലബാര്‍ രൂപതകളെയും പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട 175 വൈദികരും 70 സന്യാസിനിമാരും 220 അല്മായരും ഉള്‍പ്പെടെ 515 പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുക്കുക. ആദ്യദിനമായ 25 നു വൈകുന്നേരം അഞ്ചിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ അസംബ്ലിക്കു തുടക്കമാകും. തുടര്‍ന്ന് 6.30 നു നടക്കുന്ന സമ്മേളനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആലഞ്ചേരി അധ്യക്ഷത വഹിക്കും. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ദേശീയ മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്മാന് ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അടക്കം വിവിധ ക്രൈസ്തവ സഭകളുടെ മെത്രാന്മാര് വിവിധ ദിവസങ്ങളില്‍ അസംബ്ലിയില്‍ സന്ദര്‍ശനം നടത്തും. വിവിധ വിഷയങ്ങളിലുള്ള പ്രബന്ധാവതരണം, ചര്‍ച്ച, ഓപ്പണ്‍ ഫോറം, പ്രാര്‍ഥനാ ശുശ്രൂഷകള്‍ എന്നിവ മൂന്നു ദിവസങ്ങളിലായി നടക്കും.
സമാപന ദിനമായ 28 നു രാവിലെ ഒമ്പതിനു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയോടെ അസംബ്ലിക്കു കൊടിയിറങ്ങും. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ് സന്ദേശം നല്‍കും. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുവര്‍ഷം നീണ്ട ഒരുക്കങ്ങള്‍ക്കുശേഷമാണ് അസംബ്ലി നടക്കുന്നത്. വിഷയങ്ങളെ ആധാരമാക്കിയുള്ള ചര്‍ച്ചകള്‍ രൂപതകളിലും സന്യാസ സമൂഹങ്ങളിലും നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഇതാദ്യമായാണ് അസംബ്ലിക്കു സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിനു പുറത്തു വേദിയൊരുങ്ങുന്നത്.
പരിപാടികള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ അസംബ്ലിയുടെ സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, സഭയുടെ ഔദ്യോഗിക വക്താക്കളായ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, പി.ഐ. ലാസര്‍ മാസ്റ്റര്‍, എന്നിവരും ഫാ. ജിയോ കടവി, ജോര്‍ജ് ചിറമ്മല്‍ എന്നിവരും പങ്കെടുത്തു.
Recent Posts