മെല്‍ബണില്‍ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ മെല്‍ബണിലെ ക്ലയിറ്റന്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു
ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ലിറ്റര്‍ജി കമ്മിറ്റി ജിജിമോന് കുഴിവേലിയുടെ നേതൃത്വത്തില്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കി. മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂരിന്റെ ക്നാനായ സമുദായത്തിനുവേണ്ടി മാത്രം നല്കിയ ക്നാനായ മിഷന്റെ ഡിക്രി ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി കുര്‍ബാന മധ്യേ വായിച്ചു. തുടര്‍ന്നു സെന്റ് മേരീസ് ക്നാനായ മിഷന്റെ വെബ് സൈറ്റ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചു നടന്ന ആഘോഷമായ പ്രദക്ഷിണത്തിനു ഫാ. ജോസി കിഴക്കേതലക്കല്‍ നേതൃത്വം നല്കി. തിരികെ പളളിയില്‍ പ്രവേശിച്ചതിനുശേഷം അടുത്ത വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തികളായ 25 അംഗങ്ങളെ മാര്‍ മാത്യു മൂലക്കാട് മുടിയും തിരിയും നല്കി അനുഗ്രഹിച്ചു. തുടര്‍ന്നു ചായ സല്‍ക്കാരവും നടത്തി.
സെന്റ് പീറ്റേഴ്സ് ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ആദ്യ കുര്‍ബാന സ്വീകരിച്ച മുഴുവന്‍ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കളും മാര്‍ മാത്യു മൂലക്കാടിന്റെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് മധുരം പങ്കു വച്ചു.
തുടര്‍ന്നു കലാസന്ധ്യാ ആരംഭിച്ചു. ലിസി കുന്നംപടവില്‍ സംവിധാനം നിര്‍വഹിച്ച അവതരണ ഡാന്‍സ്, ക്നാനായ യുവതി യുവാക്കള്‍ അവതരിപ്പിച്ച സ്കിറ്റ്, ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങിയവ കാണികള്‍ക്ക് പുതിയ അനുഭവമായി. ജാബിന് ജെയിന്, ജോഷി, ദീപ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനമേള ഉത്സവ പ്രതിതീ പകര്‍ന്നു. തുടര്‍ന്നു സ്നേഹവിരുന്നും നടന്നു.
മൂന്നു ദിവസം നീണ്ടു നിന്ന തിരുനാളിനും യുവജന സംഗമത്തിനും ബൈബിള്‍ കലോത്സവത്തിലും പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ കമ്മിറ്റിക്കാര്‍ക്കും ലൈറ്റ് ആന്‍ഡ് സൗണ്ട്, ഫോട്ടോ വീഡിയോ, ഭക്ഷണം തയാറാക്കിയ എബിജി കേറ്ററിംഗ് ഷാജിക്കും പളളിയും ഹാളും ദീപാലങ്കരാങ്ങളാല് അലങ്കരിച്ച മുഴുവന്‍ പേര്‍ക്കും മാതാവിന്റെ തിരുനാള്‍ ചരിത്ര വിജയമാക്കാന്‍ സഹായിച്ച എല്ലാ വിശ്വാസികള്‍ക്കും പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രസുദേന്തിമാര്‍, ട്രസ്റ്റിമാര്‍ എന്നിവര്‍ക്കും സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ പിആര്‍ഒ റെജി പാറയ്ക്കന്‍ നന്ദി അറിയിച്ചു.