മെല്‍ബണ്‍ രൂപത എന്ന ഈ വലിയ കുടുംബത്തെ ആത്മീയതയില്‍ ആഴപ്പെടുത്തുക എന്നതാണ് ദൈവം എന്നില്‍ ഭരമേല്പിച്ച എന്റെ ഏറ്റവും വലിയ കര്‍ത്തവ്യം; ബിഷപ്പ് ജോണ്‍ പനംതോട്ടത്തില്‍ സി.എം.ഐ

 In News
മെല്‍ബണ്‍: ഓഷ്യാനിയയിലെ സീറോ മലബാര്‍ കുടുംബാഗംങ്ങളുടെ വിശ്വാസ തീക്ഷണതയും പൈതൃകവും കുടുംബങ്ങള്‍ തമ്മിലുള്ള യോജിപ്പും കുട്ടികളും യുവജനങ്ങളും ഉള്‍പ്പെടുന്ന ഊര്‍ജ്ജസ്വലമായ കുടുംബ അന്തരീക്ഷവും ഓഷ്യാനിയയിലെസാഹചര്യങ്ങളിലും നമുക്ക് ഉണ്ട് എന്നത് ഓഷ്യാനിയായിലെ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ ഏന്ന നിലയില്‍ മെല്‍ബണ്‍ രൂപതയുടെ ഏറ്റവും വലിയ സമ്പത്തായി കണക്കാക്കുന്നു എന്ന് മെല്‍ബണ്‍ രൂപത ബിഷപ്പ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍. മെല്‍ബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനായി ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ജോണ്‍ പനംതോട്ടത്തില്‍ പിതാവ് രൂപതയുടെ മീഡിയ കമ്മിഷനായി നല്കിയ അഭിമുഖത്തിലാണ് സീറോ മലബാര്‍ കുടുംബങ്ങളുടെ വിശ്വാസ ജീവിതവും തീക്ഷ്ണതയും ദൈവാശ്രയബോധവും ഓസ്‌ട്രേലിയായിലെ മറ്റു സഭാ സമൂഹങ്ങള്‍ക്കിടയില്‍ ഏറെ അഭിമാനികാവുന്നതാണെന്നും, ആ വിശ്വാസ തീക്ഷ്ണത തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശക്തി എന്ന് ഉറച്ചു വിശ്വസിക്കുന്നതായും പിതാവ് പ്രസ്താവിച്ചത്.
                     ഓഷ്യാനിയയിലെ വിവിധ സ്ഥലങ്ങളിലായി അമ്പതിനു മുകളില്‍ സീറോ മലബാര്‍ ഇടവകകളും മിഷനുകളും രൂപതക്കായുണ്ട്. 40 ലേറെ വൈദികര്‍ രൂപതയില്‍ സേവനം ചെയ്യുന്നു. പതിനായിരത്തോളം കുട്ടികള്‍ വേദപാഠ ക്ലാസുകളില്‍ പങ്കെടുക്കുന്നു. വിവിധ സാഹചര്യങ്ങളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും കുടിയേറി പാര്‍ത്ത ഓരോരുത്തരും തമ്മില്‍ പരസ്പരം മനസ്സിലാക്കികൊണ്ട് വിട്ടുവീഴ്ചാമനോഭാവത്തോടെ നമ്മുടെ ഇടവകകളെ പടുത്തുയര്‍ത്തേണ്ടതുണ്ട് എന്ന് പിതാവ് സൂചിപ്പിച്ചു. ഓസ്‌ട്രേലിയായിലും ന്യുസിലാന്‍ഡിലും ഉള്‍പ്പെടെ ഓഷ്യാനിയ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വളരെ വിസ്തൃതമായ നമ്മുടെ രൂപതയില്‍, വിവിധ സമുഹങ്ങള്‍ തമ്മിലുള്ള ദൂരം രൂപതാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വളരെ ഏറെ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതായി പിതാവ് പറഞ്ഞു. നമുക്ക് സ്വന്തമായ ദേവാലയങ്ങളുടെ അഭാവവും മതബോധനം നടത്താനുതകുന്ന സാഹചര്യങ്ങളുടെ അപര്യാപ്തയും പരിഹരിക്കുവാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു രൂപത എന്ന നിലയില്‍ ശൈശവദിശയിലാണെങ്കിലും കുറവുകളുണ്ടെങ്കിലും നമ്മുടെ സമൂഹങ്ങള്‍ വളര്‍ന്നു വരുന്നുണ്ട് എന്നുള്ളത് ദൈവത്തിന്റെ കരുണയുടെ പ്രതിഫലനമായി കരുതുന്നു എന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു.
                         ഒരു രൂപത എന്നുള്ളത് ഒരു വലിയ കുടുംബം എന്ന നിലയിലുള്ള ആത്മീയ കൂട്ടായ്മയാണ്. ഈ ആത്മീയ കൂട്ടായ്മയെ ആഴപ്പെടുത്തുക എന്നുള്ളതാണ് രൂപതാദ്ധ്യക്ഷന്‍ എന്നുള്ള നിലയില്‍ എന്റെ കര്‍ത്തവ്യം എന്ന് പിതാവ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തോളം മെല്‍ബണ്‍ രൂപതയിലെ വിവിധ ഇടവകകളും മിഷനുകളും സന്ദര്‍ശിക്കുകയും അവിടുത്തെ നമ്മുടെ സഭാമക്കളെ കേള്‍ക്കുകയും ചെയ്യുകയായിരുന്നു. അടുത്ത രണ്ടുവര്‍ഷം കൂടുതല്‍ ഇടയ സന്ദര്‍ശനങ്ങളിലൂടെ എല്ലാ സീറോ മലബാര്‍ കമ്മ്യുണിറ്റികളിലേക്കും കടന്നു ചെന്നുകൊണ്ട് കൂടുതലായി എല്ലാവരെയും കേള്‍ക്കാനും ആത്മീയകൂട്ടായ്മകള്‍ സുദൃഡമാക്കാനും ഇടവകപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശ്രമിച്ചുകൊണ്ട് വിശ്വാസികൂട്ടായ്മയെ ആഴപ്പെടുത്തുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പിതാവ് സൂചിപ്പിച്ചു.
                   സീറോ മലബാര്‍ സഭ എന്നത് ഏറെ പ്രത്യേകതകളും പാരമ്പര്യവും ഉള്ള ഒരു സഭയാണ്. അത് നമുക്ക് ദൈവം ദാനമായി നല്കിയതാണ്. നമ്മുടെ മാതാപിതാക്കളെ നമുക്ക് ദൈവം നല്കിയതുപോലെ, നമ്മള്‍ ജനിച്ചപ്പോള്‍ നമുക്ക് ദൈവം നല്കിയ പൈതൃകമാണ് സീറോ മലബാര്‍ സഭയും അതിന്റെ വിശ്വസരീതികളും പാരമ്പര്യങ്ങളുമെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. അതില്‍ യാതൊരുവിധത്തിലും വെള്ളം ചേര്‍ക്കാതെ, നമ്മുടെ സഭയുടെ പാരമ്പര്യവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട് വിശ്വാസതീക്ഷണതയോടെ മുന്നോട്ട് പോയാല്‍ മാത്രമേ, ഓസ്‌ട്രേലിയന്‍ മണ്ണില്‍ പ്രവാസികളായിരിക്കുന്ന നമുക്ക് സീറോ മലബാര്‍ സഭയുടെ തുടര്‍ച്ച ഈ മണ്ണില്‍ വളരെ ഫലവത്തായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കു എന്ന് പിതാവ് പറഞ്ഞു. ഈ വിശ്വാസ തീക്ഷണതയില്‍ മുന്നോട്ട് പോകണമെങ്കില്‍ അടിസ്ഥാനപരമായി ശ്രദ്ധ കൊടുക്കേണ്ടത് കുടുംബപ്രാര്‍ത്ഥനയ്ക്കാണ്. കുടുംബത്തില്‍ കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ഒരു കാര്യം മാതാപിതാക്കളുടെ മാതൃകയും അവരുടെ പ്രാര്‍ത്ഥനാജീവിതവുമാണ്. ജോലിതിരക്കുകള്‍ക്കിടയില്‍ കുടുംബപ്രാര്‍ത്ഥനകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ അടിസ്ഥാനപരമായി നമ്മള്‍ തെറ്റുവരുത്തുകയാണ്. മക്കളെ ഞായറാഴ്ചകളില്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കായി കൊണ്ടുവരികയും വേദപാഠക്ലാസുകളില്‍ പഠിപ്പിക്കുന്നതും മാത്രമല്ല, മാതാപിതാക്കളുടെ ഉത്തരവാദിത്വം; നമുക്ക് കൈമുതലായിരുന്ന പാരമ്പര്യവും വിശ്വാസരീതികളും അഭംഗുരം തുടര്‍ന്നെങ്കില്‍ മാത്രമേ, അടുത്ത തലമുറക്ക് അത് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുകയുള്ളു. നമ്മള്‍ നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നതിനോടൊപ്പം തന്നെ, നമ്മുടെ മാതാപിതാക്കളിലൂടെ നമുക്ക് ലഭിച്ച വിശ്വാസജീവിതം വളരെ ബോധപൂര്‍വ്വം മുന്നോട്ട് കൊണ്ട് പോകുവാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് ജോണ്‍ പനംതോട്ടത്തില്‍ പിതാവ് അഭ്യര്‍ത്ഥിച്ചു.
               കഴിഞ്ഞ ഒരു വര്‍ഷം രൂപതക്കായിദൈവം നല്കിയ എല്ലാ നന്മകളേയും ഓര്‍ത്ത് നന്ദി നിറഞ്ഞ ഹൃദയത്തോടേ രൂപതയിലെ കത്തീഡ്രല്‍ ഇടവകയിലെ ക്രെയിഗീബേണ്‍ ഔര്‍ലേഡീസ് ദേവാലയത്തില്‍ മെയ് 31ന് വൈകീട്ട് 7 മണിക്ക് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
Recent Posts