മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ ‘ബൈബിള്‍ വാരം’ ആചരണം
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയില്‍ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് ഒന്നു വരെ ‘ബൈബിള്‍ വാരം’ ആയി ആചരിക്കുന്നു. ദൈവവചന പഠനത്തിനും പരിചിന്തനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി നോമ്പുകാലത്തിലെ ആദ്യ ആഴ്ച ‘ബൈബിള്‍ വാരം’ ആയി ഇടവകകളിലും സമൂഹങ്ങളിലും വീടുകളിലും ആചരിക്കാന്‍ വലിയ നോമ്പിന് മുന്നോടിയായി രൂപതാദ്ധ്യക്ഷന് ബിഷപ്പ് ബോസ്കോ പുത്തൂര്‍ പുറപ്പെടുവിച്ച ഇടയലേഖനത്തിലൂടെ ആഹ്വാനം ചെയ്തു. ഓസ്ട്രേലിയയിലെ കത്തോലിക്കാ സഭയില്‍ 2020ല്‍ നടക്കുന്ന പ്ലീനറി കൗണ്‍സിലിന്റെ പശ്ചാത്തലത്തിലാണ് നോമ്പുകാലാരംഭത്തില് ‘ബൈബിള്‍ വാരം’ ആയി ആചരിക്കുന്നത്.
രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘പരിശുദ്ധാത്മാവ് മന്ത്രിക്കുന്നതെന്തെന്ന് വിവേചിച്ചറിയുക’ എന്ന ബൈബിള്‍ വാരചിന്തകള്‍ ഈ ഒരാഴ്ച പഠനവിഷയമാക്കിയിട്ടുണ്ട്. ബൈബിള്‍ വാരത്തില്‍ ബൈബിള്‍ അപ്പൊസ്റ്റലേറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന വിഷയാടിസ്ഥാനത്തില്‍ ദൈവവചനം പ്രാര്‍ത്ഥാനാപൂര്‍വ്വം വായിച്ച്, പഠിച്ച്, ധ്യാനിക്കാനും നോമ്പുകാലം മുഴുവനും വീടുകളില്‍ ഉചിതമായ സമയം കണ്ടെത്തി ബൈബിള്‍ വായന മുടങ്ങാതെ നടത്താനും പിതാവ് ആഹ്വാനം ചെയ്തു. അള്‍ത്താര ശുശ്രൂഷികള്‍ക്കും, കുര്‍ബാനയ്ക്കിടെ വിശുദ്ധഗ്രന്ഥ വായന നടത്തുന്നവര്‍ക്കും പരിശുദ്ധ കുര്‍ബാന നല്കാന് സഹായിക്കുന്ന പ്രത്യേക ശുശ്രൂഷികള്ക്കുമായി ബൈബിള്‍ സംബന്ധമായുള്ള ക്ലാസുകളും മതബോധന പരിശീലനം നടത്തുന്ന കുട്ടികള്‍ക്കായി ബൈബിള്‍ ക്വിസ്, ബൈബിള്‍ ചിത്രരചന തുടങ്ങിയ മത്സരങ്ങളും ഇടവകതലത്തില്‍ ബൈബിള്‍ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.