വേർപിരിഞ്ഞത് ആയിരങ്ങളുടെ സ്വന്തം ലിറ്റിയമ്മ
കോട്ടയം: മദർ തെരേസയെപ്പോലെ പാവങ്ങൾക്കും രോഗികൾക്കും അനാഥർക്കുമായി ജീവിതം സമർപ്പിച്ച കാരുണ്യത്തിന്റെ സഹോദരി സിസ്റ്റർ മേരി ലിറ്റി ഓർമയായി. കൈകളും കാലുകളുമില്ലാതെ ജനിച്ചവർക്കും കൈകാലുകൾ ചലിപ്പിക്കാനാവാതെ ജീവിച്ചവർക്കും സിസ്റ്റർ മേരി ലിറ്റി കൈത്താങ്ങായി. മാതാപിതാക്കൾ വേണ്ടെന്നു പറഞ്ഞ ഒട്ടേറെ കുഞ്ഞുമക്കളെ ഈ സഹോദരി പോറ്റിവളർത്തി. ബുദ്ധിക്കും ചിന്തയ്ക്കും വൈകല്യം വന്നതും ജനിച്ചു വീണതിനുശേഷം ഒരിക്കൽപ്പോലും കരയുകയോ എണീറ്റു നിൽക്കാൻ പ്രാപ്തിയില്ലാതെ വന്നതോ ആയ അനേകം കുരുന്നുകൾക്ക് അവർ സ്വന്തം അമ്മയായി. കണ്ണുകളില്ലാതെ ജനിച്ചവർക്കു സിസ്റ്റർ പ്രിയപ്പെട്ട വളർത്തമ്മയായി.
ദൈവപരിപാലനയുടെ ചെറുദാസികൾ എന്ന സന്യാസിനി മഠത്തിന്റെ സ്ഥാപകയായ ഡോ.സിസ്റ്റർ മേരി ലിറ്റി, ഉദാത്തമായ ക്രൈസ്തവ സ്നേഹത്തിന്റെ ആൾരൂപമായിരുന്നു. നാലു പതിറ്റാണ്ടോളം കരുണ്യത്തിന്റെ മാലാഖയായി ജീവിച്ചു. ഓരോ കിടക്കയും ബലിപീഠമായി കണ്ട് ഓരോ രോഗിയെയും ക്രിസ്തുവായി വീക്ഷിച്ച് ജീവിതം പൂർണമായി സമർപ്പിച്ച സന്യാസിനി. അനേകായിരങ്ങൾക്കു പ്രിയപ്പെട്ട ലിറ്റിയമ്മ. കുന്നന്താനത്തെ പ്രത്യാശാഭവനിൽ രാ വും പകലും ഭേദമില്ലാതെ ലിറ്റിയമ്മയും സഹോദരിമാരും ചെയ്തുവന്ന ശുശ്രൂഷകൾക്ക് ജാതി മത വിശ്വാസത്തിന്റെ അതിർവരമ്പുകളില്ലായിരുന്നു. വൈകല്യങ്ങളും ബലഹീനതകളുമായി ജനിച്ചവരും ആശുപത്രികളിൽ പെറ്റമ്മ ഉപേക്ഷിച്ചുകളഞ്ഞതുമായ കുഞ്ഞുങ്ങളെ മാലാഖമാരായി കണ്ട് മാറോടു ചേർത്തുപിടിച്ച മനുഷ്യസ്നേഹി. വൈദ്യശാസ്ത്ര പഠനത്തിന്റെ അറിവും ദൈവാശ്രയത്വത്തിന്റെ അനുഭവവും പിൻബലമാക്കി സിസ്റ്റർ പരിപാലിച്ചു വളർത്തിയവരുടെ എണ്ണം ആയിരത്തിനും പതിനായിരത്തി നുമൊക്കെ മേലെയാണ്.
ഒരായിരം പുരസ്കാരങ്ങളും ബഹുമതികളും അംഗീകാരങ്ങളും സഹോദരിയെ തേടിയെത്തിയപ്പോഴൊക്കെ എല്ലാം കാരുണ്യവാനായ ദൈവം തന്റെ മക്കളുടെ ആശ്വാസത്തിനും പരിപാലനത്തിനുമായി തരുന്ന സമ്മാനങ്ങളാണെന്ന് ആവർത്തിച്ചു. ഗുരുതരമായ രോഗത്തിന്റെ വേദന മരണം വരെ ലിറ്റിയമ്മ ക്രൂശിതനോടു ചേർന്നു സഹിക്കുകയായിരുന്നു. രോഗത്തെക്കുറിച്ച് അധികമാരും അറിയരുതെന്നും അവർ ആഗ്രഹിച്ചിരുന്നു.
കോതമംഗലം മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസസമൂഹത്തിൽ (എംഎസ്ജെ)ചേർന്ന കൊച്ചുത്രേസ്യാ എന്ന സിസ്റ്റർ മേരിലിറ്റി സഭാവസ്ത്ര സ്വീകരണത്തിനും വ്രതവാഗ്ദാനത്തിനുംശേഷം വൈദ്യശാസ്ത്ര പഠനത്തിനായി റോമിലേക്ക് പുറപ്പെട്ടു. പഠനത്തിനിടയിൽ വിശുദ്ധ ജോസഫ് കൊ ത്തലെംഗോ സ്ഥാപിച്ച ടൂറനിലെ ദൈവപരിപാലനാഭവനം സന്ദർശിച്ചു. ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ച് പ്രവർത്തിച്ചുവന്ന ഈ ഭവനത്തിൽ നിന്നുമാണ് സിസ്റ്ററിന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവർക്കായി ആതുരാലയം സ്ഥാപിക്കാനുള്ള വിളി ഉണ്ടായത്.
എന്തുകൊണ്ട് നിനക്കും പാവങ്ങൾക്കുവേണ്ടി ജീവിതം സമർപ്പിച്ചു കൂടാ എന്ന ഉൾവിളിയാണ് ആതുര ശുശ്രൂഷയിലേക്ക് തന്നെ നയിച്ചതെന്ന് സിസ്റ്റർ ലിറ്റി തന്റെ ആത്മകഥയിൽ കുറിച്ചിട്ടുണ്ട്. റോമിൽനിന്നു തിരിച്ചെത്തിയ ഈ സന്യാസിനി കേരളത്തിലെ വി വിധ ആശുപ ത്രികളിൽ സേവനമനുഷ്ഠിച്ചു. പാവ ങ്ങൾക്കും അശരണർക്കുംവേണ്ടി കൂടുതൽ പ്രവർത്തിക്കാനുള്ള ആഗ്രഹം സന്യാസിനി സഭയുടെ അധികാരികളെ അറിയിക്കുകയും ഏറെ താമസിയാതെ ഇതിനുള്ള അനുമതി ലഭിക്കുകയും ചെയ്തു.
ദീർഘനാൾ പ്രാർഥനയിലും അനാഥക്കുട്ടികളുടെ ശുശ്രൂഷയിലും കഴിഞ്ഞ സിസ്റ്റർ കുന്നന്താനത്ത് ആതുരാലയം ആരംഭിക്കാനുള്ള ആഗ്രഹം ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്ന മാർ ആന്റണി പടിയറയെ അറിയിയിച്ചു. അനുമതി ലഭിച്ചതിനെത്തുടർന്ന് 1978 ജനുവരി 17ന് കുന്നന്താനത്തുള്ള ഓലമേഞ്ഞ കൊച്ചുവീട്ടിൽ തന്റെ ശുശ്രൂഷക്ക് തുടക്കംകുറിച്ചു. നടക്കുകയോ സംസാരിക്കുകയോ ചെയ്യാത്തതും സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തതുമായ കോതമംഗലം സ്വദേശി ത്രേസ്യാമ്മയെ ആദ്യ അന്തേവാസിയായി സ്വീകരിച്ചു. ടൂറീനിലെ ദൈവപരിപാലനയുടെ ഭവനം ആരംഭിച്ചതിന്റെ 150–ാം വാർഷിക ദിനത്തിലാണ് കുന്നന്താനത്തെ ഭവനത്തിന് ആരംഭം കുറിച്ചത്. ആതുരശുശ്രൂഷയും വചനപ്രഘോഷണവും കുടുംബപ്രേഷിതത്വവും പ്രേഷിതമേഖലയാക്കിയ ഈ സന്യാസിനിസഭയ്ക്ക് ഇന്ത്യയിലും ആഫ്രിക്കയിലുമായി 16 ഭവനങ്ങളും 162 സന്യാസിനികളുമുണ്ട്.
കുന്നന്താനത്ത് ചെറിയ തുടക്കം
കുന്നന്താനം: ദൈവപരിപാലനയിൽ ആശ്രയിച്ചു വിശുദ്ധ കുർബാനയിൽനിന്നു ശക്തി സംഭരിച്ച് തീവ്രവിശ്വാസത്തിന്റെ ആഴങ്ങളിൽനിന്നും മദർ മേരി ലിറ്റി കുന്നന്താനത്ത് തുടക്കംകുറിച്ച ദൈവപരിപാലനയുടെ ചെറിയദാസികൾ(എൽ എസ്ഡിപി) എന്ന സന്യാസ സമൂഹ ത്തിന്റെ സേവനം ഇരുണ്ട ഭൂഖണ്ഡമെന്ന് അറിയപ്പെടുന്ന ആ ഫ്രിക്ക വരെയെത്തി.
1978ൽ കുന്നന്താനത്തെ ഓലപ്പുരയിൽ തുടങ്ങിയ ദൈവപരിപാലനാഭവന്റെ പ്രഷിതപ്രവർത്തനം 38 വർഷം ത്യാഗത്തിന്റെ യും വേദനയുടെയും നീർച്ചുഴികളിലൂടെയാണ് കടന്നുപോയത്. ബധിരയായ ത്രേസ്യാമ്മയെ സ്വീകരിച്ചുകൊണ്ടു തുടങ്ങിയ ഈ കാരുണ്യസേവനം ആയിരക്കണക്കിന് ആളുകൾക്ക് അത്താണിയായി. തെരുവിൽനിന്നും ഓടകളിൽനിന്നും പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരെ കോരിയെടുത്ത് നെഞ്ചോടുചേർത്ത് സ്നേഹവും സാന്ത്വനവും പരിലാളനയും കരുതലും നൽകുന്ന മദർ മേരി ലിറ്റിയുടെ പുഞ്ചിരിതൂകുന്ന മുഖം ആർക്കും സുപരിചിതമാണ്.
വിവിധ ഭവനങ്ങളിലേക്ക് പുതിയ അതിഥികളെത്തുമ്പോ ൾ അവർക്ക് ദൈവിക ശുശ്രൂഷ പകരാൻ മദറിന്റെ മനസ് എന്നും സജ്ജമായിരുന്നു. കുന്നന്താനം കൂടാതെ അരുവിക്കുഴി, കിള്ളി, കുറ്റിക്കോണം, കീഴ്വായ്പൂര്, മുടിയൂർക്കര, അയിരൂർ, എഴുമുട്ടം, കാരക്കുന്നം, കാവന, വിലങ്ങ്, കലയംകോണം, വിളമന, ബിജ്നോർ രൂപതയിലെ ബഡാപൂർ, ഗോരക്പൂ ർ എന്നിവിടങ്ങളിലെല്ലാം മദർ മേരി ലിറ്റി ദീർഘകാലത്തെ പരിശ്രമത്തിലൂ ടെയാണ് ഭവനങ്ങൾ സ്ഥാപിച്ച ത്. 2013ലാണ് ആഫ്രിക്കയിലെ സാമ്പിയയിൽ ദൈവ പരിപാലന യുടെ ഭവനം തുടങ്ങിയത്.
ശാരീരിക ന്യൂനത ബാധിച്ചവർ, എയ്ഡ്സ് രോഗികൾ, കുഞ്ഞുങ്ങൾ, സ്ത്രീകൾ, യുവജനങ്ങൾ, മദ്യപാനികൾ എന്നിവരുടെ ആത്മീയവും ഭൗതികവുമായ ഉന്നതിയാണ് മദർ മേരി ലിറ്റി ലക്ഷ്യം വച്ചിരുന്നത്. മദറിന്റെ വചനപ്രഘോഷണ ങ്ങൾ നൂറുകണക്കിനാളുകൾക്ക് സമാശ്വാസം പകർന്നു.
ദൈവപരിപാലനാ ഭവനത്തിൽ സംഘടിപ്പിക്കുന്ന ധ്യാനങ്ങൾ എല്ലാം സൗജന്യമായി നടത്താനാണ് സിസ്റ്റർ മേരി ലിറ്റി ശ്രദ്ധിച്ചിരുന്നത്. മൂന്നു മാസം മുമ്പ് മൂന്നു ദിവസം മാത്രം പ്രായത്തിൽ കുന്നന്താനം ഭവന ത്തിൽ ലഭിച്ച പെൺകുഞ്ഞിനെവരെ ശുശ്രൂഷിച്ചാ ണ് മദർ മേരി ലിറ്റി യാത്രയായത്.
കോതമംഗലം ഓലിയപ്പുറം പരേതരായ കെ.പി.ജോസഫ്–ബ്രിജീത്ത ദമ്പതികളുടെ മകളായി 1935 ഓഗസ്റ്റ് രണ്ടിനാണ് കൊച്ചുത്രേസ്യ എന്ന സിസ്റ്റർ മേരി ലിറ്റി ജനിച്ചത്. കോത മംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂൾ, ചങ്ങനാശേരി അസംപ്ഷൻ കോളജ് എന്നിവിടങ്ങളി ൽനിന്നു പ്രാഥമിക പഠനം പൂർത്തിയാക്കി.
സിസ്റ്റർ മേരി ലിറ്റി കരുണയുടെ സമർപ്പിത വ്യക്തിത്വം: മാർ ആലഞ്ചേരി
കൊച്ചി: സമൂഹത്തിന്റെ പരിഗണന ലഭിക്കാതിരുന്നവർക്കു മുന്നിൽ കാരുണ്യത്തിന്റെ സമർപ്പിത വ്യക്തിത്വമായി കടന്നുചെന്ന സാക്ഷ്യജീവി തമായിരുന്നു അന്തരിച്ച സിസ്റ്റർ മേരി ലിറ്റിയുടേതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ദൈവപരിപാലനയുടെ ചെറിയദാ സികളുടെ (എൽഎസ്ഡിപി) സമർ പ്പിത സമൂഹത്തിലൂടെ ആയിരക്കണക്കിനു ജീവിതങ്ങൾക്കാണു സിസ്റ്റർ പ്രതീക്ഷയായത്.
തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടു ന്നവരെയും കണ്ടെത്തി,അവരെ ശുശ്രൂഷിച്ചു ദൈവത്തിന്റെ സ്നേഹം പകർന്നു നൽകിയ സിസ്റ്ററിന്റെ ശുശ്രൂഷ, സഭയ്ക്കും സമൂഹത്തിനും മാതൃകയാണ്. കേരളത്തിലും പുറത്തുമായി പതിനാറു കാരുണ്യഭവന ങ്ങളിലൂടെ സിസ്റ്ററിന്റെ സ്നേഹശുശ്രൂഷയുടെ മഹത്വം ആയിരത്തില ധികം അന്തേവാസികൾ ഇപ്പോഴും അനുഭവിക്കുന്നുണ്ട്.
മൂന്നു പതിറ്റാണ്ടോളം എൽഎസ്ഡിപി സമർപ്പിത സമൂഹത്തെയും സ്നേഹശുശ്രൂഷകളെയും നയിച്ച സിസ്റ്റർ മേരി ലിറ്റിക്കു തന്റെ സമർപ്പിതവിളിയെക്കുറിച്ചുള്ള ഉറച്ചബോധ്യമുണ്ടായിരുന്നു. തികഞ്ഞ എളിമയോ ടെ തന്റെ ശുശ്രൂഷാവഴികളിൽ സജീവമാവുകയും അനേകർക്കു പ്രചോദനവും പ്രത്യാശയുമായി മാറുകയും ചെയ്ത സിസ്റ്റർ മേരി ലിറ്റിയുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു. എൽഎസ്ഡിപി സമർപ്പിതസമൂഹത്തിലെ അംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും ഇപ്പോൾ യൂറോപ്പിലുള്ള കർദിനാൾ മാർ ആലഞ്ചേരി അറിയിച്ചു.
Source: deepika.com