വൈദികരുടെ ഗ്രാൻഡ് കോണ്‍ഫറൻസ് സമാപിച്ചു
അഗളി: അട്ടപ്പാടിയിലെ സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ആറുദിവസങ്ങളിലായി നടന്ന വൈദികരുടെ ഗ്രാൻഡ് കോൺഫറൻസ് സമാപിച്ചു. ഏഷ്യാ ഭൂഖണ്ഡംകണ്ട ഏറ്റവും വലിയ വൈദിക സമ്മേളനമാണ് സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്നതെന്നു സംഘാടകർ പറഞ്ഞു.
ഇരുപതു വർഷമായി സദാ പ്രാർഥനകളാൽ മുഖരിതമായ സെഹിയോൻ ധ്യാനകേന്ദ്രത്തിൽ തൊള്ളായിരത്തോളം വൈദികരും പതിമൂന്നു ബിഷപ്പുമാരും പങ്കെടുത്ത മഹാസംഗമത്തിനാണ് സാക്ഷ്യം വഹിച്ചത്. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കരസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ്് കാതോലിക്കാബാവ എന്നിവരും സന്നിഹിതരായി.
ഉന്നതവിദ്യാഭ്യാസം നേടിയ നൂറിലധികം പെണ്‍കുട്ടികളും ഉയർന്ന ഉദ്യോഗസ്ഥരും സന്പന്നരും അടക്കം ശുചിമുറികൾ വൃത്തിയാക്കുന്നതടക്കമുള്ള ശുശ്രൂഷകളിൽ മുഴുകിയ അപൂർവകാഴ്ചയും സെഹിയോൻ ധ്യാനകേന്ദ്രത്തിൽ കണ്ടു. മനസിൽ ദൈവചൈതന്യം കുടികൊള്ളുന്പോൾ മനസിലെ അഹം അകന്നുപോകുന്നതിനാലാണ് ഏതു തൊഴിലിനും ഒരേ മാഹാത്മ്യം കണ്ടെത്തുന്നതെന്നു പാലക്കാട് രൂപത ബിഷപ് മാർ ജേക്കബ് മനത്തോടത്ത് പറഞ്ഞു.
Source: deepika
Recent Posts