സുവിശേഷത്തിലെ സ്ത്രീകളെപ്പോലെ ഭയരഹിതരായി നമുക്കും സുവിശേഷപ്രഘോഷകരാകാം: ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ സിറ്റി: സുവിശേഷത്തിലെ സ്ത്രീകളെപ്പോലെ സസന്തോഷം നാമോരോരുത്തരും സുവിശേഷപ്രഘോഷകരായി മാറണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഈസ്റ്റർ തിങ്കളാഴ്ചയെന്നും മാലാഖ തിങ്കളാഴ്ചയെന്നും വിശേഷിപ്പിക്കുന്ന ഇന്നലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന റെജീന കൊയ്ലി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകവേയായിരുന്നു പാപ്പയുടെ ആഹ്വാനം. ഉത്ഥിതനായ മിശിഹായെക്കുറിച്ച് മറ്റുള്ളവരോട് പ്രഘോഷിക്കാൻ സുവിശേഷത്തിലെ സ്ത്രീകൾ തിടുക്കം കൂട്ടുന്നതെങ്ങനെയെന്ന് അനുസ്മരിച്ച പാപ്പ, യേശുവിനെ സാക്ഷ്യപ്പെടുത്തുന്നതിലൂടെ നാം യേശുവിനെ കണ്ടുമുട്ടുവെന്നും ചൂണ്ടിക്കാട്ടി.
ഉത്ഥാനദിനം രാവിലെ ശൂന്യമായ കല്ലറയിൽ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടുയ സ്ത്രീകളെ അനുസ്മരിച്ച പാപ്പ, ആദ്യം കല്ലറയിലേക്ക് പോകുകയും ഉത്ഥാനത്തിന്റെ സുവാർത്തക്ക് ആദ്യവാഹകരായി മാറുകയും ചെയ്തത് അവരാണെന്ന് ചൂണ്ടിക്കാട്ടി. യേശുവിന്റെ പീഡാനുഭവത്തിനും മരണത്തിനും ശേഷം എല്ലാ ശിഷ്യന്മാരെയും പോലെ ദുഃഖിതരാകാതെ, യാതൊരു ഭയമോ സങ്കടമോ ഇല്ലാതെ യേശുവിന്റെ ശരീരത്തിൽ അഭിഷേകം ചെയ്യാൻ സുഗന്ധതൈലങ്ങളുമായി കല്ലറയിലേക്ക് പോയതും ഈ സ്ത്രീകൾതന്നെയാണ്. ഈ ധൈര്യവും സ്നേഹവുംകൊണ്ട് ഭയവും സങ്കടവും തരണം ചെയ്താണ് ഉത്ഥിതനെ കണ്ടുമുട്ടുന്നതിലേക്ക് അവർ നയിക്കപ്പെട്ടത്.
ശൂന്യമായ കല്ലറയിലെ അവരുടെ കണ്ടെത്തൽ, അത്ഭുതകരമായ ആ വാർത്തയെക്കുറിച്ച് മറ്റ് ശിഷ്യന്മാരോട് പറയാൻ സ്ത്രീകളെ തിടുക്കപ്പെട്ട് ഓടാൻ പ്രേരിപ്പിച്ചു. ഇത്തരത്തിൽ ഇവരെപോലെ കർത്താവിനെ പ്രഘോഷിക്കാൻ നാം തിടുക്കം കൂട്ടുമ്പോൾ അവൻ നമ്മുടെ അടുക്കലേയ്ക്ക് വരും. മറ്റുള്ളവരോട് അവനെക്കുറിച്ച് സംസാരിക്കുമ്പോളാണ് അവനെ കണ്ടുമുട്ടുകയെന്നും പാപ്പ വ്യക്തമാക്കി.
കർത്താവുമായുള്ള കണ്ടുമുട്ടലിനുശേഷം കർത്താവിനെ പ്രഘോഷിക്കുന്നതിൽ നിന്ന് നമ്മെ തടയാൻ യാതൊന്നിനും കഴിയില്ല. നാം എപ്പോൾ, എങ്ങനെ യേശുവിനു സാക്ഷ്യം വഹിക്കുന്നുവെന്ന് നാം നമ്മോട് തന്നെ ചോദിക്കുകയും അങ്ങനെ കർത്താവിനെ കണ്ടുമുട്ടുകയും മറ്റുള്ളവർ അത് മനസ്സിലാക്കുകയും ചെയ്യുമ്പേൾ അവനെ കുറിച്ച് കൂടുതൽ അറിയാനുള്ള താൽപ്പര്യവും പ്രചോദനവും മറ്റുള്ളവരിലുണ്ടാകും. ഇത്തരത്തിൽ സന്തോഷവാൻമാരായ സുവിശേഷ പ്രഘോഷകരാകാൻ സഹായിക്കണമേയെന്ന് പരിശുദ്ധ അമ്മയോട് അപേക്ഷിക്കണമെന്നും പാപ്പ വ്യക്തമാക്കി.