“സ്നേഹപാതയിലൂടെ മുന്നേറുക” സീറോ മലബാർ യുവതയോടു ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: യേശുവിന്റെ സ്നേഹപാതയിലൂടെ മുന്നേറുക എന്ന ഉപദേശവുമായി സീറോമലബാർ യുവജന നേതൃസംഗമ പ്രതിനിധികളുമായി ഫ്രാൻസിസ് മാർപാപ്പയുടെ അവിസ്മരണീയ കൂടിക്കാഴ്ച.
യേശുവിനെ അനുഗമിക്കുകയും മറിയത്തിന്റെ മാതൃകയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ജീവിക്കുകയും ചെയ്യണമെന്നായിരുന്നു മാർപാപ്പയുടെ ആഹ്വാനം. അത്രയെളുപ്പമല്ലെങ്കിലും ഈ വഴി ആവേശഭരിതവും നമ്മുടെ ജീവിതത്തെ അർഥപൂർണമാക്കുന്നതുമാണ്. സേവനങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും ജീവിതത്തോട് അനുകൂലമായും, ഉപരിപ്ലവവും സുഖലോലുപവുമായ ജീവിതത്തോട് പ്രതികൂലമായും പ്രതികരിക്കാനുള്ള ശക്തി യേശുവിനെ അനുഗമിക്കുന്നതിലൂടെ കൈവരുമെന്നും മാർപാപ്പ പറഞ്ഞു.
പ്രവാസികളായ സീറോ മലബാർ സഭാംഗങ്ങളെന്ന നിലയിൽ മാർത്തോമ ശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വർഷം ആചരിക്കുന്പോൾ സഭയ്ക്കു പ്രേഷിതപ്രവർത്തനത്തിനുള്ള ചുമതലയെക്കുറിച്ചു പുതുതായി ചിന്തിക്കണം.
തോമാശ്ലീഹ സുവിശേഷവുമായി ഭാരതത്തിന്റെ പടിഞ്ഞാറൻ തീരത്തെത്തിയതുപോലെ നിങ്ങൾ ലോകമെങ്ങും സുവിശേഷവുമായി സഞ്ചരിക്കുകയാണ്.
വൈദികരോടും മെത്രാൻമാരോടുമുള്ള കൂട്ടായ്മയിൽ സ്വന്തം സഭാചരിത്രം മനസിലാക്കി അതിന്റെ ആത്മീയവും ആരാധനാക്രമപരവുമായ സന്പന്നതയിൽ അടിയുറച്ചു പ്രേഷിതദൗത്യം നിർവഹിക്കാൻ മാർപാപ്പ ഉദ്ബോധിപ്പിച്ചു.
ഇന്ത്യക്കു വെളിയിലുള്ള സീറോ മലബാർ രൂപതകളിലെ യുവജനങ്ങളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന നേതൃസമ്മേളനത്തിന്റെ അവസരത്തിലാണ് മാർപാപ്പ ഇന്നലെ അവർക്കു പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചത്.
Recent Posts