ശാലോം ഫെസ്റ്റിവല്‍ ഓസ്ട്രേലിയയില്‍
മെല്‍ബണ്‍: ശാലോം മീഡിയ ഓസ്ട്രേലിയയുടെ നേതൃത്വത്തില്‍ ശാലോം ടീം ഒരുക്കുന്ന ശാലോം മലയാളം ഫെസ്റ്റിവല്‍ മെല്‍ബണിലും സിഡ്നിയിലുമായി നടത്തുന്നു.
മെല്‍ബണിലെ ഡാന്‍ഡിനോംഗിലുള്ള സെന്റ് ജോണ്‍സ് കോളജില്‍ നവംബര്‍ 27, 28, 29 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണു ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. 27 നു (വെള്ളി) വൈകുന്നേരം അഞ്ചിനു മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന ആഘോമായ ദിവ്യബലിക്കു മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. സമാപന ദിനമായ 29നു (ഞായര്‍) നടക്കുന്ന ദിവ്യബലിയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യകാര്‍മികനായിരിക്കും.
സിഡ്നിയിലെ ബള്‍ക്കാം ഹില്ലിലെ സെന്റ് ജോസഫ്സ് ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ താമസിച്ചുള്ള ധ്യാനമാണു സംഘടിപ്പിച്ചിരിക്കുന്നത്.
പ്രശസ്ത വചന പ്രഘോഷകരായ ഫാ. ജോസഫ് വയലില്‍, പ്രഫ. കെ.ജെ. മാത്യു, ബ്രദര്‍ പി.ഡി. മാത്യു എന്നിവരാണു ധ്യാനം നയിക്കുന്നത്. ശാലോം മ്യൂസിക് മിനിസ്ട്രി ഗാനശുശ്രൂഷക്കു നേതൃത്വം നല്‍കും. പ്രധാനമായും കുടുംബജീവിതത്തെ ആസ്പദമാക്കിയുള്ള ധ്യാനവിഷയങ്ങളാണു ഫെസ്റ്റിവലില്‍ ഉണ്ടായിരിക്കുന്നതെന്നു ശാലോം മീഡിയ ഭാരവാഹികള്‍ അറിയിച്ചു.
ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ംംം.വെമഹീാംീൃഹറ.ീൃഴ.മൗ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ധ്യാനദിവസങ്ങളില്‍ കൗണ്‍സിലിംഗിനുള്ള സൗകര്യം ഉണ്ടായിരിക്കും.
വിവരങ്ങള്‍ക്ക് മെല്‍ബണ്‍: 0423 357 095, 0411 749 436, സിഡ്നി: 0415 136 679, 0488 558 810, കൗണ്‍സിലിംഗ് 0423 450 768.
 
							
			
			
			